ബിഹാറിലെ സീതാമര്‍ഹിയിലെ ആളുകള്‍ ഇപ്പോഴും പെട്രോളടിക്കുന്നത് ലിറ്ററിന് 68 രൂപ നിരക്കില്‍; ഇതിനു പിന്നിലെ കാരണമറിഞ്ഞാല്‍ ആരും വാപൊളിച്ചു പോകും…

പാറ്റ്‌ന: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില റോക്കറ്റ് പോലെ മുകളിലേക്ക് കുതിക്കുകയാണ്. ഏകദേശം 82 രൂപയാണ് രാജ്യത്ത് ഇന്ന് പെട്രോളിന്റെ വില. ഇന്ധന വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നതുമില്ല. പക്ഷേ ബിഹാറിലെ സീതാമര്‍ഹിയിലെ ആളുകള്‍ക്ക് മാത്രം പെട്രോള്‍ ലിറ്ററിന് 67.81 രൂപയ്ക്കും ഡീസലിന് 56.56 രൂപയ്ക്കും കിട്ടും.എങ്ങനെയെന്നല്ലേ. അവര്‍ ഇന്ത്യയില്‍ നിന്ന് ഇന്ധനം വാങ്ങുന്നത് നിര്‍ത്തി. പകരം അതിര്‍ത്തിക്കപ്പുറത്ത് നേപ്പാളിലെ പമ്പില്‍ നിന്നാണ് അവര്‍ പെട്രോളും ഡീസലും വാങ്ങുന്നത്. ഇന്ത്യയില്‍ തുടര്‍ച്ചയായി 16-ാം ദിവസവും വില കൂടുമ്പോഴാണിത്.

ഇന്ത്യന്‍ രൂപ 100 ന് നേപ്പാളിലെ മൂല്യം 160.15 രൂപയാണ്. സീതാമാര്‍ഹിയിലെ ആളുകള്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും വാങ്ങി ബീഹാറില്‍ കൂടിയ വിലയ്ക്ക് വില്‍ക്കുന്നതായും ആരോപണമുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് നേപ്പാളിലെ ഇന്ധന വില്‍പ്പനയില്‍ 15 മുതല്‍ 20 ശതമാനം വരെ ഉയര്‍ച്ചയുണ്ടായതായി നേപ്പാള്‍ ഓയില്‍ കോര്‍പറേഷന്‍ മേധാവി പറയുന്നു.

ഇന്ത്യയില്‍ നിന്നാണ് നേപ്പാളിലേക്ക് പെട്രോള്‍ നല്‍കുന്നത്. ദിവസേന 250 ടാങ്കര്‍ പെട്രോളാണ് ഇന്ത്യയില്‍നിന്നും നേപ്പാളിലേക്ക് നല്‍കുന്നത്. എന്നാല്‍, നേപ്പാളില്‍ ഒറ്റ നികുതി മാത്രമേയുള്ളൂ എന്നതിനാല്‍ വിലയും കുറയുന്നു. ഇന്ധന ഇറക്കുമതിയിലൂടെ ലാഭം കൊയ്യുന്ന റാക്കറ്റ് തന്നെ രൂപപ്പെട്ടിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ താന്‍ നിസഹായനാണെന്നും വെസ്റ്റ് ചമ്പാരന്‍ എംപിയും ബിജെപി നേതാവുമായ സഞ്ജയ് ജയ് സ്വാള്‍ പറയുന്നു. എന്തായാലും ഈ പരിപാടിയ്ക്ക് ഇനി പൂട്ടുവീഴുമോയെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

Related posts