ക്യാഷ്‌ലെസ് എക്കണോമിയില്‍ ഇന്ത്യയെ മാത്രമല്ല അമേരിക്കയെയും യൂറോപ്പിനെയും കടത്തിവെട്ടി ചൈന; ഇത് ടെക്‌നോളജിയിലെ ചൈനീസ് വിപ്ലവമെന്ന് വിദഗ്ധര്‍

കേന്ദ്ര സര്‍ക്കാര്‍ നാഴികയ്ക്ക് നാല്‍പതു വട്ടം പറയുന്ന കാര്യമാണ് ക്യാഷ്‌ലെസ് എക്കണോമിയുടേത്. 500,1000 നോട്ടുകളുടെ നിരോധനത്തിനു ശേഷം ക്യാഷ്‌ലെസ് എക്കണോമി വര്‍ധിപ്പിക്കണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വരികയും ചെയ്തു. ഇന്ത്യയില്‍ ക്യാഷ്‌ലെസ് എക്കണോമിയുടെ തോത് നോട്ടു നിരോധനത്തിനു ശേഷം ഉയര്‍ന്നെന്നു സമ്മതിച്ചാലും ഇന്ത്യ ഇപ്പോഴും ഇക്കാര്യത്തില്‍ ഏറെ പിന്നിലാണ്. ഇന്ത്യയുടെ അയല്‍രാജ്യമായ ചൈനയാണ് ഇക്കാര്യത്തില്‍ ഏറ്റവും മുമ്പന്‍. അമേരിക്കയും യൂറോപ്പും വരെ ക്യാഷ്‌ലെസ് എക്കണോമിയില്‍ ചൈനയ്ക്കു പിറകിലാണെന്നതാണ് യാഥാര്‍ഥ്യം.

ലോകത്തെല്ലായിടത്തും തെരുവു ഗായകര്‍ ഉണ്ട്. വഴിയാത്രക്കാര്‍ അവര്‍ക്ക് നാണയങ്ങളും കറന്‍സികളും നല്‍കാറുണ്ട്. എന്നാല്‍ ചൈനയില്‍ ഇപ്പോള്‍ സ്ഥിതി വ്യത്യസ്ഥമാണ്. പാട്ടുകാരന്റെ കൂട്ടുകാരായി എത്തിയിരിക്കുന്ന ആരെങ്കിലും രണ്ടു ക്യൂആര്‍ കോഡിന്റെ (QR code) ചിത്രങ്ങള്‍ ഉയര്‍ത്തിക്കാണിക്കും. പാട്ടുകാരനു പൈസ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ സ്മാര്‍ട് ഫോണ്‍ ക്യാമറകള്‍ ക്യുആര്‍ കോഡിനു നേരെ പിടിച്ച് പൈസ കൈമാറും. അമേരിക്കയില്‍ പോലും ഈ രീതി വന്നിട്ടില്ലെന്ന് ഓര്‍ക്കണം.

നോട്ടു നിരോധന സമയത്ത് ഇന്ത്യന്‍ നഗരങ്ങളില്‍ ശരാശരി 11 ശതമാനം ആളുകളാണ് ക്യാഷ്‌ലെസ് ഇടപാടുകള്‍ നടത്തിയതെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാല്‍ ഇപ്പോള്‍ ചൈനീസ് നഗരങ്ങളിലെ 92 ശതമാനം ആളുകളും ക്യാഷ്‌ലെസ് ഇടപാടുകള്‍ നടത്തുന്നവരാണ്. ചൈനയിലെ നഗരങ്ങളില്‍ എല്ലാ കച്ചവടക്കാരും തന്നെ ക്യാഷ്ലെസ് ആണ്. വന്‍കിട കടകള്‍ മുതല്‍ ടാക്സി ഡ്രൈവര്‍മാരും നിരത്തിലിരുന്നു കച്ചവടം ചെയ്യുന്നവരും വരെ ക്യാഷ്ലെസ് ആയി കഴിഞ്ഞു. ഇതൊക്കെയാണെങ്കിലും, ക്യാഷ്ലെസ് പെയ്മെന്റ് സിസ്റ്റം പൂര്‍ണ്ണമായും കുറ്റമറ്റതുമല്ല.

ആലിബാബയുടെ മൊബൈല്‍ പേയ്‌മെന്റ് സംവിധാനമായ ആലിപേ(2004) അവതരിപ്പിച്ചതു മുതലാണ് ചൈനയില്‍ ക്യാഷ്‌ലെസ് ഇക്കണോമി വര്‍ധിക്കാന്‍ തുടങ്ങിയത്.തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അവര്‍ ജനങ്ങളുടെ താല്‍പര്യം പിടിച്ചുപറ്റി. അവര്‍ക്ക് ഇപ്പോള്‍ കോടിക്കണക്കിന് ഉപയോക്താക്കളുണ്ട്. സര്‍ക്കാര്‍ ബാങ്കുകളില്‍ ഇടപാടുകള്‍ക്കായി പോകാനുള്ള ഇഷ്ടക്കുറവും ഒരു ക്രെഡിറ്റ് കാര്‍ഡ് നേടാന്‍ വേണ്ട നടപടികളും വച്ചു നോക്കിയാല്‍ ആരാണെങ്കിലും അലിപേയില്‍ ചേര്‍ന്നു പോകും വിധം ലളിതമായിരുന്നു അവരുടെ ഇടപെടല്‍.

ആലിപ്പേ ചൈന കീഴടക്കാന്‍ തുടങ്ങിയപ്പോഴാണ് വീചാറ്റ് പേയുടെ രംഗപ്രദേശം. ആപ്പിനുള്ളില്‍ തന്നെ പൈസ നല്‍കാനുള്ള അവസരമൊരുക്കിയാണ് വീചാറ്റ് പേ ചൈനയിലെ യുവതയെ ആകര്‍ഷിച്ചത്. ഇന്ന് ചൈനയില്‍ ആലിപേയ്ക്ക് 500 മില്യണ്‍ ഉപയോക്താക്കളുണ്ടെങ്കില്‍ 900 മില്യണ്‍ ഉപയോക്താക്കളാണ് വീ ചാറ്റ് പേയ്ക്കുള്ളത്്. ആപ്പിളിന്റെ, ആപ്പിള്‍പേയ്ക്ക് ആഗോള തലത്തില്‍ ഇതുവരെ 127 മില്ല്യന്‍ ഉപയോക്താളെ ഉള്ളൂവെന്നു പറഞ്ഞാല്‍ സംഗതിയുടെ കിടപ്പു പിടികിട്ടുമല്ലോ. ആപ്പിള്‍ പേ പുതിയ എല്ലാ ഐഫോണിലും ഇന്‍സ്റ്റോളു ചെയ്താണ് എത്തുന്നതെന്നും ഓര്‍ക്കുക. എന്നാല്‍ ആളുകളുടെ വ്യക്തിവിവരങ്ങള്‍ എല്ലാം വീചാറ്റിന്റെയും ആലിപേയിയുടെയും കയ്യിലുണ്ടെന്നതാണ് യാഥാര്‍ഥ്യം.

വേണ്ടത്ര മുന്‍കരുതലില്ലാതെ നടത്തി പാളിപ്പോയ നോട്ടുനിരോധനവും തുടര്‍ന്നുണ്ടായ ക്യാഷ്‌ലെസ് എക്കണോമിയല്ല ചൈനയിലേത്. എന്നാല്‍ ചൈനയില്‍ തുടങ്ങിയിരിക്കുന്നത് മറ്റൊരു തരം പണം കൈമാറ്റ രീതിയാണോയെന്നും ഇത് പരമ്പരാഗത ബാങ്കിംഗ് രീതിയെ അവസാനിപ്പിക്കുമോയെന്ന സംശയവും പല സാമ്പത്തിക വിദഗ്ധരും പങ്കു വയ്ക്കുന്നുണ്ട്.

Related posts