രാജസ്ഥാനിലെ ഭിൽവാര റെയിൽവേ സ്റ്റേഷനിൽ ഒഴിഞ്ഞ ശീതളപാനീയ കാൻ ചവറ്റുകുട്ടയിലിട്ട യുവാക്കളോട് അത് തിരികെ എടുക്കാൻ ആവശ്യപ്പെട്ട കടക്കാരന്റെ നടപടി വിവാദമാകുന്നു. തന്റെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാത്തവർ കടയ്ക്ക് പുറത്തുള്ള ചവറ്റുകുട്ട ഉപയോഗിക്കാൻ പാടില്ലെന്ന വിചിത്രമായ വാദമാണ് കടക്കാരൻ ഉന്നയിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ കടക്കാരനെതിരെ കർശന നടപടി വേണമെന്ന ആവശ്യവുമായി നിരവധി പേർ രംഗത്തെത്തി. വിഷയത്തിൽ റെയിൽവേ സേവയും ഇടപെട്ടിട്ടുണ്ട്.
പ്ലാറ്റ്ഫോമിലൂടെ നടന്നുപോകുകയായിരുന്ന രണ്ട് യുവാക്കൾ തങ്ങളുടെ കയ്യിലുണ്ടായിരുന്ന ഒഴിഞ്ഞ കാൻ, ഒരു കാറ്ററിംഗ് സ്റ്റാളിന് പുറത്ത് വെച്ചിരുന്ന ചവറ്റുകുട്ടയിൽ നിക്ഷേപിക്കുകയായിരുന്നു. “മാലിന്യം എപ്പോഴും ചവറ്റുകുട്ടയിൽ തന്നെ ഇടണം” എന്ന് പറഞ്ഞുകൊണ്ടാണ് യുവാക്കൾ കാൻ അതിലിട്ടത്. എന്നാൽ, ഇത് കണ്ട കടക്കാരൻ ഉടൻ തന്നെ പുറത്തേക്ക് വരികയും, തന്റെ കടയിൽ നിന്ന് ഒന്നും വാങ്ങാത്ത സാഹചര്യത്തിൽ എന്തിനാണ് ഈ ചവറ്റുകുട്ട ഉപയോഗിച്ചതെന്ന് ചോദിച്ച് യുവാക്കളെ തടയുകയുമായിരുന്നു.
“പുറത്തുനിന്ന് വാങ്ങിയതാണെങ്കിൽ പുറത്തുകൊണ്ടുപോയി കളയണം. ഇത് പൊതുവായ ചവറ്റുകുട്ടയല്ല, എന്റെ സ്വകാര്യ ചവറ്റുകുട്ടയാണ്” എന്നായിരുന്നു കടക്കാരന്റെ വാദം. തന്റെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് മാത്രമേ ഇത് ഉപയോഗിക്കാൻ അവകാശമുള്ളൂ എന്ന് പറഞ്ഞ കടക്കാരൻ, ചവറ്റുകുട്ടയ്ക്കുള്ളിൽ കയ്യിട്ട് ആ ഒഴിഞ്ഞ കാൻ പുറത്തെടുത്ത് യുവാക്കൾക്ക് തിരികെ നൽകുകയും ചെയ്തു.
ചവറ്റുകുട്ടയിലിട്ട മാലിന്യം തിരികെ എടുക്കുന്നതിലെ ബുദ്ധിമുട്ട് യുവാക്കൾ ചൂണ്ടിക്കാണിച്ചെങ്കിലും കടക്കാരൻ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. തുടർന്ന് യുവാക്കൾ സ്റ്റാളിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയ ശേഷം കാനുമായി അവിടെനിന്നും മടങ്ങി.
‘ജെംസ് ഓഫ് റെയിൽവേ’ എന്ന എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. റെയിൽവേ പ്ലാറ്റ്ഫോം പോലൊരു പൊതുസ്ഥലത്ത് വെച്ചിരിക്കുന്ന ചവറ്റുകുട്ട ഉപയോഗിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തിയ കടക്കാരന്റെ നടപടിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ഉത്തരവാദിത്തത്തോടെ മാലിന്യം സംസ്കരിക്കാൻ ശ്രമിക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്ന ഇത്തരം പ്രവണതകൾക്കെതിരെ നടപടിയെടുക്കണമെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിട്ടുണ്ടെന്നും റെയിൽവേ സേവ പ്രതികരിച്ചു.
