ഭുവനേശ്വർ-ന്യൂഡൽഹി തേജസ് രാജധാനി എക്സ്പ്രസിൽ 14കാരിയായ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യങ്ങൾ കാണിച്ച മദ്യപിച്ച യാത്രക്കാരനെ സഹയാത്രികർ കൈകാര്യം ചെയ്തു. നവംബർ 13നായിരുന്നു സംഭവം. യാത്രക്കാരുടെ പ്രതികരണവും തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥരെത്തി ഇയാളെ പിടികൂടുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ, പൊതുഗതാഗത സംവിധാനങ്ങളിലെ സുരക്ഷയെക്കുറിച്ചും യാത്രക്കാരുടെ ഇടപെടലുകളെക്കുറിച്ചും വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന 14-കാരിക്ക് നേരെയാണ് ഇയാൾ മോശമായി പെരുമാറിയത്. ഉച്ചകഴിഞ്ഞ് ആരംഭിച്ച ഇയാളുടെ ഈ ശല്യം മണിക്കൂറുകളോളം തുടർന്നതായി ദൃക്സാക്ഷികൾ ‘എക്സിൽ’ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. സഹികെട്ട പെൺകുട്ടി വിവരം മാതാപിതാക്കളോട് പറഞ്ഞതോടെയാണ്, അവരും മറ്റ് യാത്രക്കാരും ചേർന്ന് ഇയാളെ ചോദ്യം ചെയ്തത്.
സൈഡ് അപ്പർ ബെർത്തിൽ കിടക്കുകയായിരുന്ന പ്രതിയെ രോഷാകുലനായ ഒരു യാത്രക്കാരൻ കോളറിൽ പിടിച്ച് താഴേക്ക് വലിച്ചിറക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന വീഡിയോകളിലുണ്ട്. പ്രതി ആവർത്തിച്ച് മാപ്പ് ചോദിക്കുന്നുണ്ടെങ്കിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് കാണിച്ച മോശം പെരുമാറ്റത്തിൽ യാത്രക്കാർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
കൂടുതൽ യാത്രക്കാർ എത്തിയതോടെ ബഹളം രൂക്ഷമായി. പരിശോധനയിൽ ഇയാളുടെ ബാഗിൽ നിന്ന് രണ്ട് കുപ്പി മദ്യവും യാത്രക്കാർ കണ്ടെടുത്തു. “നിന്റെ വീട്ടിൽ അമ്മയും പെങ്ങന്മാരും ഇല്ലേ?” എന്ന് ഒരു വനിതാ യാത്രക്കാരി ഇയാളോട് ക്ഷോഭത്തോടെ ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. തന്റെ കൊച്ചുമകളുടെ പ്രായമുള്ള പെൺകുട്ടിയോട് എങ്ങനെയാണ് ഇത്തരത്തിൽ പെരുമാറാൻ തോന്നിയതെന്ന് മറ്റൊരു യാത്രക്കാരനും ചോദിച്ചു.
തുടർന്ന് യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ടിടിഇയും റെയിൽവേ സംരക്ഷണ സേനയും കോച്ചിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി. സംഭവത്തിൽ റെയിൽവേ സേവയും പ്രതികരിച്ചിട്ടുണ്ട്.
അതേസമയം, വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. പെൺകുട്ടിക്ക് വേണ്ടി ശക്തമായി നിലകൊണ്ട യാത്രക്കാരെ നിരവധി പേർ അഭിനന്ദിച്ചപ്പോൾ, പ്രതിയെ മർദ്ദിച്ചതിനെയും സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിൽ വെച്ച് അസഭ്യം പറഞ്ഞതിനെയും ചിലർ വിമർശിച്ചു. നിയമം കയ്യിലെടുക്കാതെ ഉടൻ തന്നെ ആർപിഎഫിനെ വിവരമറിയിക്കുകയായിരുന്നു വേണ്ടതെന്നും ചിലർ അഭിപ്രായപ്പെട്ടു.

