ലോകത്തിലെ ഏറ്റവും മികച്ച വിഭവങ്ങൾ രുചിക്കാൻ അവസരമുള്ളയാളാണെങ്കിലും, ഉരുളക്കിഴങ്ങ് വിഭവങ്ങളുടെ കാര്യത്തിൽ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്റെ ഇഷ്ടം തീർത്തും ലളിതമാണ്. പ്രെസ്റ്റണിലെ സന്ദർശനത്തിനിടെ സോഷ്യൽ മീഡിയയിൽ വൈറലായ ‘സ്പഡ് ബ്രോസ്’ ഫുഡ് വാനിലെത്തിയ രാജാവ്, തന്റെ പ്രിയപ്പെട്ട ജാക്കറ്റ് പൊട്ടറ്റോ ടോപ്പിംഗ് ഏതെന്ന് വെളിപ്പെടുത്തി. പഴയകാല ക്ലാസിക് വിഭവമായ ‘ചീസും ബീൻസും’ ആണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് കടയുടമകളുമായുള്ള സംഭാഷണത്തിനിടെ അദ്ദേഹം പറഞ്ഞു.
കിരീടധാരണത്തിന് ശേഷം ലങ്കാഷെയറിലേക്കുള്ള തന്റെ ആദ്യ സന്ദർശനത്തിനിടെയാണ് ഡ്യൂക്ക് ഓഫ് ലങ്കാസ്റ്റർ കൂടിയായ ചാൾസ് രാജാവ് ഈ ഫുഡ് വാനിലെത്തിയത്. ജേക്കബ്, ഹാർലി നെൽസൺ എന്നീ സഹോദരന്മാർ നടത്തുന്ന ഈ ഫുഡ് വാൻ ടിക് ടോക്കിൽ അഞ്ച് ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള വലിയൊരു സോഷ്യൽ മീഡിയ തരംഗമാണ്.
രാജാവിന്റെ സന്ദർശനം പ്രമാണിച്ച് ‘റോയൽ സ്പഡ്’ എന്ന പേരിൽ പ്രത്യേക വിഭവം ഇവർ തയ്യാറാക്കിയിരുന്നു. എന്നാൽ ഭക്ഷണം നൽകുന്നതിന് മുൻപ്, “ഒരു ഉരുളക്കിഴങ്ങിലൂടെ മറ്റുള്ളവരെ സഹായിക്കുന്നു” എന്ന സന്ദേശമുള്ള ‘പോസിറ്റീവ് പൊട്ടറ്റോ’ എന്ന പേരിലുള്ള ഒരു ചെറിയ കരകൗശല ഉരുളക്കിഴങ്ങ് രൂപം സഹോദരങ്ങൾ രാജാവിന് സമ്മാനിച്ചു.
തുടർന്ന് സംസാരം രാജാവിന്റെ ഭക്ഷണ താത്പ്പര്യങ്ങളിലേക്ക് തിരിഞ്ഞു. ജാക്കറ്റ് പൊട്ടറ്റോ ഇഷ്ടമാണോ എന്നും അതിൽ ഏത് ഫില്ലിംഗാണ് പ്രിയപ്പെട്ടതെന്നും ജേക്കബ് ചോദിച്ചപ്പോൾ രാജാവ് ആദ്യം ഒന്ന് ചിരിച്ചു. തുടർന്ന് ചീസും ബീൻസും ആണോ എന്ന് സഹോദരങ്ങൾ ചോദിച്ചപ്പോൾ, “ചീസും ബീൻസും. അതൊരു ക്ലാസിക് ആണ്” എന്ന് രാജാവ് സമ്മതിച്ചു.
തങ്ങളുടെ വിഭവത്തിൽ ഉപയോഗിക്കുന്ന ചേരുവകളെക്കുറിച്ചും നെൽസൺ സഹോദരങ്ങൾ രാജാവിനോട് വിശദീകരിച്ചു. സാധാരണ ബേക്ക്ഡ് ബീൻസാണ് ഉപയോഗിക്കുന്നതെന്നും, ഉരുളക്കിഴങ്ങും വെണ്ണയും ചീസും പ്രെസ്റ്റണിൽ നിന്ന് തന്നെ പ്രാദേശികമായി ശേഖരിക്കുന്നതാണെന്നും അവർ പറഞ്ഞു. ഉരുളക്കിഴങ്ങ് ഇനങ്ങളെക്കുറിച്ച് നല്ല അറിവുണ്ടായിരുന്ന രാജാവ്, അവ നല്ലപോലെ മൊരിഞ്ഞു വരുന്ന ഇനമാണോ എന്നും അന്വേഷിച്ചു. സാധാരണയായി ടാർലെറ്റണിൽ നിന്നുള്ള ‘മെലഡി’ ഉരുളക്കിഴങ്ങുകളാണ് ഉപയോഗിക്കാറുള്ളതെന്നും, എന്നാൽ വരൾച്ചയും കാലാവസ്ഥാ വ്യതിയാനവും കാരണം ക്ഷാമം നേരിട്ടതിനാൽ അടുത്തിടെ മറ്റൊരു ഇനത്തിലേക്ക് മാറിയതാണെന്നും സഹോദരങ്ങൾ മറുപടി നൽകി.
സംഭാഷണത്തിനിടെ പ്രാദേശിക ഫുട്ബോൾ ടീമിന്റെ ഒരു സമ്മാനവും സഹോദരങ്ങൾ രാജാവിന് കൈമാറി. ടീമിന്റെ പ്രകടനം എങ്ങനെയുണ്ടെന്ന് രാജാവ് അന്വേഷിച്ചപ്പോൾ, “അത്ര നല്ലതല്ല, നമുക്കതിനെക്കുറിച്ച് സംസാരിക്കേണ്ട” എന്നായിരുന്നു അവരിലൊരാളുടെ തമാശരൂപേണയുള്ള മറുപടി.
രാജാവിന്റെ സന്ദർശനത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സ്പഡ് ബ്രോസ്, തങ്ങളുടെ സംരംഭത്തിലേക്ക് രാജാവിനെ സ്വാഗതം ചെയ്യാനായത് വലിയൊരു ബഹുമതിയാണെന്ന് കുറിച്ചു. 1955 മുതൽ തുടരുന്ന തങ്ങളുടെ കുടുംബ ബിസിനസ് ഇത്രത്തോളം വളർന്നതിലുള്ള സന്തോഷവും അവർ പങ്കുവെച്ചു. പ്രെസ്റ്റണിലെ ഈ സംരംഭകർക്ക് രാജകീയ അതിഥിയെ ലഭിച്ച ആ ദിവസം ഒരിക്കലും മറക്കാനാവാത്ത ഒന്നായി മാറി.
