താഴേക്ക് ചലിക്കുന്ന എസ്കലേറ്ററിലൂടെ മുകളിലേക്ക് കയറാൻ യാത്രക്കാർ നടത്തുന്ന ശ്രമങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സുപ്രീം കോടതി സീനിയർ അഭിഭാഷകൻ സഞ്ജയ് ആർ. ഹെഗ്ഡെ എക്സ് വഴി പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
തെരക്കേറിയ ഒരു പൊതു എസ്കലേറ്ററിലാണ് ഈ രസകരമായ സംഭവം നടന്നത്. എസ്കലേറ്റർ താഴേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ, അതിനെ എതിർത്ത് മുകളിലേക്ക് കയറാൻ ചില യാത്രാക്കാർ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതിൽ മഞ്ഞ കുർത്ത ധരിച്ച ഒരാളുടെ അടിയുറച്ച നിശ്ചയദാർഢ്യം കാഴ്ചക്കാരിൽ കൗതുകമുണർത്തി.
ശരീരം മുന്നോട്ട് കുനിച്ചും ബാലൻസ് നിലനിർത്തിയും അയാൾ മുകളിലേക്ക് കയറാൻ കഠിനമായി പരിശ്രമിക്കുന്നത് വീഡിയോയിൽ കാണാം. കൂടെയുണ്ടായിരുന്ന മറ്റുചിലർ ശ്രമം ഉപേക്ഷിച്ച് താഴേക്ക് പോയെങ്കിലും, ഈ വ്യക്തി തന്റെ ശ്രമം തുടർന്നു.
ഈ വീഡിയോയ്ക്ക് താഴെ നിരവധി രസകരമായ കമന്റുകളാണ് എത്തിയത്. ആ മനുഷ്യൻ മൗണ്ട് എവറസ്റ്റ് കീഴടക്കാൻ പരിശീലിക്കുകയാണെന്നായിരുന്നു ഒരാളുടെ തമാശ. റെയിൽവേ സ്റ്റേഷനിൽ ആളുകൾക്കായി ഒരു പുതിയ ട്രെഡ്മിൽ യാഥാർഥ്യമാക്കിയിരിക്കുകയാണെന്ന് മറ്റൊരാൾ കുറിച്ചു. താൻ 20 വർഷം മുമ്പ് 18 വയസുള്ളപ്പോൾ ഇതുപോലെ മുകളിലേക്ക് കയറാൻ ശ്രമിച്ചിട്ടുണ്ടെന്നും, മണ്ടത്തരമാണെന്ന് അറിയാമായിരുന്നിട്ടും തനിക്ക് മുകളിൽ എത്താൻ കഴിഞ്ഞിരുന്നുവെന്നും ഒരാൾ ഓർത്തെടുത്തു.
