രാജ്യത്തെ സൈനികര്‍ കടുത്ത മാനസിക സംഘര്‍ഷത്തില്‍! പരസ്പരമുള്ള ആത്മഹത്യയും കൊലപാതകവും വര്‍ദ്ധിക്കുന്നു; കേന്ദ്ര സഹമന്ത്രി വെളിപ്പെടുത്തുന്നു

രാജ്യത്ത് ഏറ്റവും സന്തോഷത്തോടെയും മനസമാധാനത്തോടെയുമുള്ള ജോലി സാഹചര്യം ഒരുക്കികൊടുക്കേണ്ടത് സൈനികര്‍ക്കാണ്. കാരണം രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും സന്തോഷവും സമാധാനവും കാത്തുസൂക്ഷിക്കാനായി നിയുക്തരായിരിക്കുന്നത് അവരാണ്. ഈയവസരത്തിലാണ് രാജ്യത്തെ സൈനികര്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ടെന്നും വര്‍ഷം നൂറോളം സൈനികര്‍ക്ക് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെടുന്നുണ്ടെന്നും വ്യക്തമാക്കി പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംമ്രെ രംഗത്തെത്തിയത്. രാജ്യസഭയിലാണ് മന്ത്രി ഇതുസംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ആത്മഹത്യ, സഹപ്രവര്‍ത്തകരെ കൊലപ്പെടുത്തല്‍ തുടങ്ങിയ രീതികളിലാണ് വര്‍ഷം തോറും ഇത്രയും മരണങ്ങള്‍ നടക്കുന്നത്.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം മാത്രം 310 സൈനികരാണ് കൊല്ലപ്പെട്ടതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുമുണ്ട്. 2014ല്‍ 84 പേരും 2015ല്‍ 78 പേരും കൊല്ലപ്പെട്ടു. 2016ല്‍ 104 സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഈ വര്‍ഷം ഇതുവരെ 44 സൈനികര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. കൂടാതെ ഒരു സൈനികന്‍ മറ്റൊരാളെ കൊന്ന സംഭവവും ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കണക്ക് പ്രകാരം ഒന്‍പത് ഓഫീസര്‍മാരും, 19 ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരും ജീവനൊടുക്കിയവരില്‍ ഉള്‍പ്പെടുന്നതായി മന്ത്രി അറിയിച്ചു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദൂരമേഖലകളിലും കാഷ്മീരിലും വിന്യസിക്കപ്പെട്ട സൈനികര്‍ക്ക് ഇവിടുത്തെ ജോലിയില്‍ ശക്തമായ മാനസിക സംഘര്‍ഷം നേരിടേണ്ടിവരുന്നു. കൂടാതെ ഈ മേഖലയില്‍ ഭക്ഷണം അടക്കമുള്ള അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവ്, ശമ്പളത്തിലുള്ള കുറവ്, മുതിര്‍ന്ന ഓഫീസര്‍മാരില്‍ നിന്ന് ഏല്‍ക്കേണ്ടിവരുന്ന പീഡനം എന്നിവയെല്ലാം സമ്മര്‍ദ്ദത്തിന് കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൈനികരുടെ ഈ മാനസിക സമ്മര്‍ദ്ദവിഷയം ഗൗരവമുള്ളതാണന്നും ഇതിന് പരിഹാരമായി കൗണ്‍സിലിംഗ് അടക്കമുള്ള സേവനങ്ങല്‍ നല്‍കുന്നുണ്ടെന്നും കുടുംബത്തെ ഒപ്പം താമസിപ്പിക്കാന്‍ സൗകര്യം ഒരുക്കുക, കൂടുതല്‍ അവധി അനുവദിക്കുക എന്നീ നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി സുഭാഷ് ഭാംമ്രെ സഭയെ അറിയിക്കുകയും ചെയ്തു.

 

Related posts