അച്ഛന് ഒരു എതിര്‍പ്പുമുണ്ടായിരുന്നില്ല! പിന്നെ എന്തിന് യുവാവിനൊപ്പം ജീവിക്കാന്‍ അച്ഛനെ ഇല്ലാതാക്കണം; സൗമ്യയുടെ ഗൂഢലക്ഷ്യങ്ങള്‍ ഇനിയും മനസിലാവാതെ സഹോദരി സന്ധ്യ

പിണറായിയില്‍ മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയത് സൗമ്യ തന്നെയാണെന്ന് തെളിഞ്ഞെങ്കിലും ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്. യുവാവുമായുള്ള വിവാഹത്തിന് ബന്ധുക്കള്‍ തടസ്സം നിന്നിരുന്നില്ലെന്നും പിന്നെ, എന്തിന് അവള്‍ ഈ കൃത്യം ചെയ്തുവെന്നുമാണ് സൗമ്യയുടെ സഹോദരി സന്ധ്യ ചോദിക്കുന്നത്. നിട്ടൂര്‍ സ്വദേശിയായ യുവാവിനെ വിവാഹം ചെയ്യുന്നതിന് തടസ്സമായതിനാലാണ് അച്ഛനമ്മമാരെയും മകളെയും കൊലപ്പെടുത്തിയതെന്ന സൗമ്യയുടെ കുറ്റസമ്മതമൊഴിയെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു സന്ധ്യയുടെ ഈ പ്രതികരണം.

‘സൗമ്യയുടെ അമ്മ കമലയുടെ മരണശേഷം വിവാഹാലോചനയുമായി സൗമ്യയുടെ കാമുകനായ യുവാവ് വീട്ടുകാരെ സമീപിച്ചിരുന്നു. ഇക്കാര്യം ബന്ധുക്കള്‍ ചര്‍ച്ച ചെയ്ത് അനുകൂലനിലപാട് അറിയിക്കുകയും ചെയ്തു. മക്കള്‍ മരണപ്പെട്ടതോടെ ഒറ്റപ്പെട്ട സൗമ്യയ്ക്ക് പുതിയ ബന്ധം തുണയാകുമെന്ന വിശ്വാസമായിരുന്നു എല്ലാവര്‍ക്കും.

കാമുകനായ യുവാവിനെക്കുറിച്ചും നല്ല അഭിപ്രായമായിരുന്നു പൊതുവേ ഉണ്ടായിരുന്നത്. എന്നാല്‍ വിവാഹാലോചനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആസ്പത്രിയിലായി. വിഷുവിന്റെ രണ്ടുനാള്‍ മുമ്പ് മരിക്കുകയും ചെയ്തു. അതിനാല്‍ മരണാനന്തരച്ചടങ്ങുകള്‍ കഴിഞ്ഞ് ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് യുവാവിനെ ബന്ധുക്കള്‍ അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 17-ന് കാമുകന്റെ ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചയും തീരുമാനിച്ചിരുന്നു. എന്നാല്‍, 16-ന് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് സൗമ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ കൂടിക്കാഴ്ച മുടങ്ങി. അച്ഛനമ്മമാരാണ് പുതിയ വിവാഹത്തിന് തടസ്സമെന്ന് സൗമ്യ പറഞ്ഞതായി പോലീസ് വിശദീകരിച്ചത്. അച്ഛന് ഒരു എതിര്‍പ്പുമുണ്ടായിരുന്നില്ല. പിന്നെ എന്തിന് യുവാവിനൊപ്പം ജീവിക്കാന്‍ അച്ഛനെ ഇല്ലാതാക്കണം.?’-സന്ധ്യ സംശയമുന്നയിച്ചു.

അച്ഛനും അമ്മയ്ക്കും സൗമ്യയോട് തന്നേക്കാള്‍ വാത്സല്യമായിരുന്നു. ഐശ്വര്യയ്ക്കും അമ്മ സൗമ്യയെ വലിയ കാര്യമായിരുന്നു. എന്നിട്ടും ഈ ക്രൂരത ഇവരോട് ചെയ്തത് ഇനിയും വിശ്വസിക്കാനാകുന്നില്ല. അവള്‍ക്ക് യാതൊരു നിയമസഹായവും നല്‍കാന്‍ തയ്യാറല്ല. അടുത്ത ദിവസം ഭര്‍ത്താവിന്റെ വൈക്കത്തെ വീട്ടിലേക്ക് തിരിച്ചുപോകുകയാണെന്നും സന്ധ്യ പറഞ്ഞു.

Related posts