സിവില്‍ സര്‍വീസ് റാങ്ക് ലിസ്റ്റില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനും! അച്ഛന്റെ പാത പിന്തുടരാന്‍ താനുമില്ലെന്ന് തെളിയിച്ച് രമിത്ത് ചെന്നിത്തല

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പാത പിന്തുടര്‍ന്ന് മക്കളാരും രാഷ്ട്രീയത്തില്‍ പ്രവേശിക്കില്ലെന്ന് ഏകദേശം ഉറപ്പായി. രമേശ് ചെന്നിത്തലയുടെ രണ്ടാമത്തെ മകന്‍, രമിത്ത് ചെന്നിത്തലയുടെ സിവില്‍ സര്‍വീസ് നേട്ടത്തോടെയാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. സിവില്‍ സര്‍വീസ് റിസള്‍ട്ട് പുറത്തുവന്നപ്പോള്‍ 210 ാം റാങ്ക് നേടിയാണ് തന്റെ കര്‍മ്മമേഖല ഏതാണെന്ന് രമിത്ത് തെളിയിച്ചിരിക്കുന്നത്.

ചെന്നിത്തലയുടെ മൂത്തമകന്‍ രോഹിത്ത് ഡോക്ടറാണ്. ഇതോടെ ചെന്നിത്തലയുടെ മക്കള്‍ അച്ഛന്റെ വഴിയ്ക്കില്ലെന്ന് ഉറപ്പിച്ചു. 22 -ാം വയസിലാണ് രമിത്ത് സിവില്‍ സര്‍വീസ് സ്വപ്നം സ്വന്തമാക്കുന്നത്. കഴിഞ്ഞ തവണയും പരിശ്രമിച്ചെങ്കിലും റാങ്കില്‍ താഴെയായതോടെ വീണ്ടും മാറ്റുരയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അങ്ങനെ രണ്ടാം ശ്രമത്തില്‍ ലക്ഷ്യം നേടുകയും ചെയ്തു. രമിത്തിന്റെ വിജയത്തില്‍ അച്ഛനേക്കാള്‍ പങ്ക് അമ്മ അനിതയ്ക്കാണ്. ജോലിയില്‍ നിന്നും അവധിയെടുത്താണ് അവര്‍ മകന്റെ പഠിപ്പിനായി സമയം നീക്കിവച്ചത് .

2017 ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ പ്രഖ്യാപിച്ചപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് 26 മലയാളികള്‍ പട്ടികയിലുണ്ട്. നൂറ് റാങ്കിനുള്ളില്‍ നാലു മലയാളികള്‍ ഇടം നേടി. ഹൈദരാബാദില്‍ നിന്ന് പരീക്ഷയെഴുതിയ അനുദീപ് ദുരിഷെട്ടിക്കാണ് ഒന്നാം റാങ്ക്.

 

Related posts