ചരിത്രം കുറിച്ച് മസ്‌ക് ! സ്‌പേസ് എക്‌സിന്റെ ബഹിരാകാശ പേടകത്തില്‍ നാല് ബഹിരാകാശ യാത്രികര്‍ സ്‌പേസ് സ്റ്റേഷനിലേക്ക്; സ്വകാര്യമേഖല ബഹിരാകാശ രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കുമ്പോള്‍…

ഭൂമിയ്ക്കു പുറത്ത് വാസസ്ഥലങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ശാസ്ത്രലോകം ഇപ്പോള്‍. ചൊവ്വയിലെയും ചന്ദ്രനിലെയും പര്യവേഷണങ്ങളെല്ലാം ഇത് ലക്ഷ്യം വച്ചാണ്്.

ഐഎസ്ആര്‍ഒയും നാസയും ഉള്‍പ്പെടെ ബഹിരാകാശ ഏജന്‍സികളെല്ലാം ഇതിനു പിന്നാലെയാണ്. ഇതുവരെ ഭരണകൂടങ്ങള്‍ നേരിട്ട് നിയന്ത്രിച്ചിരുന്ന ബഹിരാകാശം സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുത്തത് ഈ രംഗത്ത് വന്‍വിപ്ലവത്തിനാണ് വഴിവെച്ചത്.

മനുഷ്യന് ചിന്തിക്കാവുന്നതിനപ്പുറമുള്ള സ്വപ്‌നങ്ങള്‍ കാണുന്നത് ശീലമാക്കിയ ഇലോണ്‍ മസ്‌ക്കാണ് ഈ മേഖലയില്‍ ഒന്നാമന്‍. ഇപ്പോള്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ ബഹിരാകാശ പേടകം സഞ്ചാരികളെയും വഹിച്ചു കൊണ്ട് ബഹിരാകാശത്തേക്ക് പറന്നുയര്‍ന്നിരിക്കുകയാണ്.

നിരവധി പരീക്ഷണ പറക്കലുകള്‍ക്ക് ശേഷമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നാല് ബഹിരാകാശ യാത്രികരേയും വഹിച്ചു കൊണ്ട് ഇന്നലെ സ്‌പേസ് എക്‌സിന്റെ പേടകം യാത്ര തിരിച്ചത്. നാസയുടെ സഹകരണത്തോടെയാണിത്.

സമ്പൂര്‍ണ്ണമായും സ്വകാര്യമേഖലയില്‍ ബഹിരാകാശ യാത്രകള്‍ ഒരുക്കുവാനുള്ള നാസയുടെ ശ്രമത്തിന്റെ ആദ്യഭാഗമായാണ് ഹൈ ടെക് വ്യവസായിയായ എലണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ യാനത്തില്‍ യാത്രികരെ അയച്ചിരിക്കുന്നത്.

ഫ്‌ളോറിഡയിലെ, നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും പ്രാദേശിക സമയം ഇന്നലെ രാത്രി 7:27 നാണ് സ്വകാര്യ ബഹിരാകാശയാനം പറന്നുയര്‍ന്നത്. ഭൂമിയില്‍ നിന്നും 250 മൈല്‍ ദൂരത്തിലുള്ള ഭ്രമണപഥത്തിലുള്ള സ്‌പേസ് സെന്ററില്‍ എത്തിച്ചേരുവാന്‍ ഒരു ദിവസത്തെ യാത്രയുണ്ട്.

യാത്രക്കാര്‍ ഇരിക്കുന്ന കാപ്‌സൂളിനകത്ത് ഒരു ചെറിയ വായു ചോര്‍ച്ച കണ്ടെത്തിയത് അല്‍പം പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.

യാത്ര പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പാണ് ഇത് കണ്ടെത്തിയത്. എന്നാല്‍, സാങ്കേതിക വിദഗ്ദര്‍ക്ക് ഇത് അരമണിക്കൂറിനുള്ളില്‍ പരിഹരിക്കാന്‍ സാധിച്ചു.

വീണ്ടും പരിശോധന നടത്തി പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കിയതിനു ശേഷമാണ് പേടകത്തിന് യാത്രാനുമതി നല്‍കിയത്. പതിവു പോലെ തന്റെ പേടകം പറന്നുയരുന്നത് കാണാന്‍ മസ്‌ക് കെന്നഡി സ്‌പേസ് സെന്ററില്‍ എത്തിയിരുന്നില്ല.

കമാന്‍ഡര്‍ മൈക്ക് ഹോപ്കിന്‍സ്, മിഷന്‍ പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, ഫിസിസിസ്റ്റ് ഷാനോണ്‍ വാക്കര്‍ എന്നിവരാണ് വ്യോമസഞ്ചാരികള്‍. ഇവര്‍ക്കൊപ്പമ്മ് ജാപ്പനീസ് ബഹിരാകാശ സഞ്ചാരിയായ സോയ്ച്ചി നൊഗുച്ചിയുമുണ്ട്.

സോയ്ചിയുടെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്. നേരത്തേ2005-ല്‍ യുഎസ് ഷട്ടിലിലും 2009-ല്‍ സോയൂസിലും ഇയാള്‍ ബഹിരാകാശ യാത്ര നടത്തിയിരുന്നു.

സ്‌പേസ് സെന്ററിലേക്കുള്ള 27 മണിക്കൂര്‍ നീളുന്ന യാത്ര, യഥാര്‍ത്ഥത്തില്‍ ശനിയാഴ്ച്ച ആരംഭിക്കാനിരുന്നതാണ്. എന്നാല്‍ പ്രതികൂലമായ കാലാവസ്ഥ കാരണം ഇത് നീട്ടിവയ്ക്കുകയായിരുന്നു.

ബഹിരാകാശത്തിന്റെ വാണിജ്യവത്ക്കരണത്തിലേക്കുള്ള ആദ്യ ചുവടുവെയ്പ്പായാണ് ഈ നീക്കത്തെ പ്രമുഖര്‍ വീക്ഷിക്കുന്നത്. ഇത് ആഗോള സാമ്പത്തിക രംഗത്ത് പല പുത്തന്‍ മേഖലകളും തുറന്നിടുമെന്ന് സാമ്പത്തിക വിദഗ്ദരും അഭിപ്രായപ്പെടുന്നു.

Related posts

Leave a Comment