കണ്ണൂർ: കണ്ണൂർ ദസറ കണ്ണൂരിന്റെ പൊതുവികാരമായി മാറിയിട്ടുണ്ടെന്നും ആഘോഷരാവുകൾ വർഷം മുഴുവൻ ഹൃദയത്തിൽ സൂക്ഷിക്കണമെന്നും നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കണ്ണൂർ ദസറയുടെ ഒമ്പതാം ദിവസത്തെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന് തന്നെ നേതൃത്വം കൊടുക്കാൻ പറ്റുന്ന ജില്ലയും നഗരവുമാണ് കണ്ണൂർ. അതിന്റെ ആവേശം ദസറയിൽ കാണാൻ കഴിയുന്നു. ജനപ്രതിനിധികളിൽ നിന്ന് ജനങ്ങൾ നന്മയാണ് പ്രതീക്ഷിക്കുന്നത്. സമൂഹത്തിൽ ജനങ്ങളുടെ മുഖമായി ഒരുമിച്ച് നിൽക്കാൻ കഴിയണം . അതാണ് കേരളത്തിന്റെ പൊതുസംസ്കാരം . ആ പൊതുസംസ്കാരത്തിന് ഒരിക്കലും മ്ലാനത ഉണ്ടാക്കാതെ കാത്തുസൂക്ഷിക്കുന്നതിനുള്ള നേതൃത്വം കൊടുക്കാൻ കണ്ണൂരിന് കഴിയും.
നമ്മുടെ നാട്ടിൽ രാസലഹരിയുടെ ഉപയോഗം കൂടുകയാണെന്ന് കണക്കുകൾ പറയുന്നു. പുതു തലമുറയുടെ വളർച്ചയെയാണ് രാസലഹരി തകർക്കുന്നത്. പുതു തലമുറ ലഹരിയെ എതിർക്കണം. സർക്കാരിന്റെ ഓപ്പറേഷൻ തൂഫാനോട് നാടൊന്നാകെ ഐക്യദാർഢ്യപ്പെടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. കുട്ടികളെയും യുവജനങ്ങളെയും ഒരുമിച്ചു കൊണ്ടുപോകുന്നതിനുള്ള ചിന്ത നമുക്കുണ്ടാകണമെന്നും സ്പീക്കർ പറഞ്ഞു.
കെ.വി.സുമേഷ് എംഎൽഎ , ഡിഐജി കെ.കാർത്തിക്, സിനിമാതാരം നിഖില വിമൽ എന്നിവർ വിശിഷ്ടാതിഥികളായി. പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ.നാരായണൻകുട്ടി വാര്യർക്ക് ആദരവ് സമർപ്പിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.മാധവൻ, കെ.ടി.സഹദുള്ള ,എം.പി. മുഹമ്മദലി , ഫിഷ് മാർച്ച് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എം.എ മുഹമ്മദ് കുഞ്ഞി, കൗൺസിലർ സി.സി. ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിച്ചു. മേയർ പി.ഇന്ദിര, ഡെപ്യൂട്ടി മേയർ കെ.പി.താഹിർ, കൗൺസിലർമാരായ പി.മഞ്ജുഷ, പി.സുനില, ഇ. സുനില, ടി. പ്രശാന്ത്, എസ്ടിയു പ്രതിനിധി ടി.കെ. ഹാരിസ് തുടങ്ങിയവർ സന്നിഹിതരായി.
തുടർന്ന് നിയോണ നിഖിലിന്റെ ഭരതനാട്യം, പള്ളിക്കുന്ന് ബഡ്സ് സ്കൂൾ വിദ്യാർഥികളുടെ ഗ്രൂപ്പ് ഡാൻസ്, ശാസ്താംകോട്ടം ശിവ ക്ഷേത്രം വനിതാവേദിയുടെ തിരുവാതിര, സായം പ്രഭാ ഹോം അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ്, ആരഭി കലാകേന്ദ്രത്തിന്റ ഡാൻസ്, ചിലങ്ക മാതൃസമിതി അവതരിപ്പിച്ച കോൽക്കളി, കലാമണ്ഡലം വിമലാദേവി, ചിലങ്കാ കലാകേന്ദ്രം അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ എന്നിവ നടത്തി. തുടർന്ന് ഗംഗ ശശിധരൻ അവതരിപ്പിച്ച വയലിൻ ഫ്യൂഷൻ, അദീന ഫോക്ക് മെഗാ ഷോ എന്നിവ അരങ്ങേറി.
കണ്ണൂർ ദസറയുടെ സമാപന ദിവസമായ ഇന്ന് വൈകുന്നേരം സാംസ്കാരിക സമ്മേളനം വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. മേയർ പി. ഇന്ദിര അധ്യക്ഷത വഹിക്കും.
ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, ടി.ഒ.മോഹനൻ എംഎൽഎ, സജീവ് ജോസഫ് എം എൽ എ എന്നിവർ വിശിഷ്ടാതിഥികളാകും.
തുടർന്ന് ശിവരഞ്ജിനി കലാക്ഷേത്രം കണ്ണൂർ അവതരിപ്പിക്കുന്ന നൃത്തോത്സവം, ദേവ്ന അവതരിപ്പിക്കുന്ന ഭരതനാട്യം, ഇ.പി.ശിവാനിയുടെ മോഹിനിയാട്ടം, ആൻവിയ നിധി ആൻഡ് ടീം അവതരിപ്പിക്കുന്ന കൈകൊട്ടി കളി, ശിവദം ടീം അവതരിപ്പിക്കുന്ന ഫ്യൂഷൻ ഡാൻസ്, ത്രയംബകം ഭജൻസ് അവതരിപ്പിക്കുന്ന സംഗീത പരിപാടി എന്നിവ അരങ്ങേറും. തുടർന്ന് ജവഹർ സ്റ്റേഡിയത്തിൽ മെഗാ ഡ്രോൺ ഷോ അരങ്ങേറും.
