ബാഹുബലിയിലെ ശിവഗാമിയെ നിരസിച്ചതെന്തിന്? ചോദ്യങ്ങളുടെ പെരുമഴയ്‌ക്കൊടുവില്‍ ആദ്യമായി പ്രതികരിച്ച് ശ്രീദേവി

bahu 2ബാഹുബലിയിലെ ശിവഗാമി എന്ന കഥാപാത്രത്തിനായി സംവിധായകന്‍ എസ്.എസ്.രാജമൗലി ആദ്യം സമീപിച്ചത് ഒരു കാലത്ത് ബോളിവുഡിന്റെ താരറാണിയായിരുന്ന ശ്രീദേവിയെ ആയിരുന്നെന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. കഥ ശ്രീദേവിക്ക് ഇഷ്ടമായെങ്കിലും ബജറ്റിനെക്കാള്‍ വന്‍ തുകയാണ് പ്രതിഫലമായി ചോദിച്ചത്. ഇതു നല്‍കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് രാജമൗലി രമ്യ കൃഷ്ണനെ സമീപിക്കുകയായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. ശിവഗാമിയാകാന്‍ ശ്രീദേവി ആറു കോടി ചോദിച്ചതായും എന്നാല്‍ രമ്യ കൃഷ്ണന്‍ 2.5 കോടി പ്രതിഫലം വാങ്ങിയാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും വാര്‍ത്തകള്‍ വന്നിരുന്നു

ഈ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ നിരന്തരം ശ്രീദേവിയോട് ഇതിനെക്കുറിച്ച് പലരും ചോദിച്ചിരുന്നു. പക്ഷേ അപ്പോഴൊന്നും താരം ഇതിനുളള മറുപടി നല്‍കിയില്ല. പുതിയ ചിത്രമായ മോമിന്റെ പ്രമോഷന്‍ പരിപാടിക്കിടെ ശ്രീദേവി വീണ്ടും ഈ ചോദ്യം നേരിട്ടു. താരം ആദ്യം മറുപടി നല്‍കിയില്ലെങ്കിലും പിന്നീട് പ്രതികരിച്ചു. ബാഹുബലി ചിത്രം വന്നുപോയി, വേറെ ആരോ ആ വേഷം ചെയ്യുകയും ചെയ്തു. ചിത്രത്തിന്റെ രണ്ടാം ഭാഗവും വന്നുപോയി. സിനിമ നന്നായി ഓടുന്നു. ഇനി അതിനെക്കുറിച്ച് പറഞ്ഞിട്ട് എന്തു കാര്യമാണ്”ഇതായിരുന്നു ശ്രീദേവിയുടെ മറുപടി.

ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ശ്രീദേവി വീണ്ടും നായികയാവുന്ന ചിത്രമാണ് മോം. രവി ഉദ്യാവാരാണ് സംവിധായകന്‍. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിട്ടുണ്ട്. നവാസുദ്ദീന്‍ സിദ്ദിഖിയും അക്ഷയ് ഖന്നയും പ്രധാന വേഷത്തിലുണ്ട്. ജൂലൈ 14നാണ് സിനിമ റിലീസ് ചെയ്യുന്നത്.

Related posts