എന്റെ ഉമ്മ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കി… ആറ് മക്കള്‍ക്ക് അമ്മയും ഉമ്മയുമായ സുബൈദ യാത്രയായപ്പോള്‍ മകന്‍ ശ്രീധരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് കണ്ണു നിറയ്ക്കുന്നത്

രക്തബന്ധത്തേക്കാള്‍ വലിയ സ്‌നേഹബന്ധങ്ങളുണ്ടെന്ന് പറയാറില്ലേ…സ്‌നേഹത്തിനു മുമ്പില്‍ മതത്തിനു പ്രസക്തിയില്ലെന്നു തെളിയിക്കുന്നതായിരുന്നു ഒരേ സമയം ഉമ്മയും അമ്മയുമായ സുബൈദയുടെ ജീവിതം. ജീവിതത്തില്‍ താങ്ങും തണലുമായി നിന്ന് സ്വന്തം മക്കള്‍ക്ക് നല്‍കുന്ന സ്നേഹം ഇതരമതസ്തനായ മകനും വാരിക്കോരി നല്‍കിയ പ്രിയപ്പെട്ട അമ്മയുടെ വിയോഗം ശ്രീധരന് തീരാനഷ്ടമായിരുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ 17ന് ശ്രീധരന്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തെ കുറിച്ച് ഇങ്ങനെ കുറിച്ചു: ‘എന്റെ ഉമ്മ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കി. അവരുടെ കബറിടം വിശാലമാക്കിക്കൊടുക്കാന്‍ പ്രാര്‍ത്ഥിക്കണണേ…’ എന്തും ഏതും ട്രോളായി കാണുന്ന സമൂഹത്തില്‍ ശ്രീധരന്‍ എന്ന ഹിന്ദുനാമധാരിയിട്ട പോസ്റ്റില്‍ ട്രോളുകളുമായി വിമര്‍ശനങ്ങളുമായി എത്തി.

ഇങ്ങനെ വിമര്‍ശനം കടുത്തപ്പോള്‍ ശ്രീധരന്‍ തന്റെ പോസ്റ്റിനെ കുറിച്ച് വിശദീകരിച്ച് ഒരു പോസ്റ്റു കൂടി കുറിച്ചിട്ടു. അത് അവന്റെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകളായിരുന്നു. മൂന്ന് കുഞ്ഞുങ്ങള്‍ക്ക് താങ്ങായി മാറിയ സുബൈദയെന്ന മാതാവിന്റെ സ്നേഹത്തെയും പരിലാളനയെയും കുറിച്ചുള്ള കഥ. ശ്രീധരന്റെ പോസ്റ്റു കണ്ണീര്‍ പൊടിയാതെ വായിച്ചു തീര്‍ത്തവര്‍ കുറവാണ്. ഇതോലെ ലോകം മുഴുവന്‍ അറിഞ്ഞത് കാളികാവെന്ന മലപ്പുറം ഗ്രാമത്തിന്റെ നന്മ നിറഞ്ഞ കഥയായിരുന്നു. തെന്നാടന്‍ വീട്ടിലെ ജോലിക്കാരില്‍ ഒരാളായിരുന്നു അടയ്ക്കാക്കുണ്ട് മൂര്‍ക്കന്‍ വീട്ടില്‍ ചക്കി. ശ്രീധരന് ഒന്നര വയസ്സുള്ളപ്പോള്‍ ചക്കി മരിച്ചു. അടക്കം കഴിഞ്ഞ് വീട് മൂകമായി നില്‍ക്കുമ്പോഴാണ് സുബൈദയുടെ വരവ്.

ശ്രീധരനെ വാരിയെടുത്ത്, ചേച്ചിമാരായ പതിനൊന്നുകാരി രമണിയെയും ആറുവയസ്സുകാരി ലീലയെയും കൂട്ടി സുബൈദ തെന്നാടന്‍ വീട്ടിലേക്കു നടന്നു. സ്വന്തം മക്കളായാ വളര്‍ത്തി. പിന്നീട് മൂന്നു പേരുടെയും വിലാസത്തിലുമുണ്ടായി ആ മാറ്റം. മൂര്‍ക്കന്‍ വീട്ടില്‍ ശ്രീധരന്‍ എന്നത് തെന്നാടന്‍ വീട്ടീല്‍ ശ്രീധരനായി.

മദ്രസ അദ്ധ്യാപകന്‍ കൂടിയായിരുന്ന അബ്ദുല്‍ അസീസ് ഹാജിക്കും സുബൈദയ്ക്കും ജനിച്ച കുട്ടികളില്‍ മൂത്തവന്‍ ഷാനവാസ്. ശ്രീധരനെ മാറോട് ചേര്‍ത്ത്, രമണിയെയും ലീലയെയും കൂട്ടി ഉമ്മ കോലായിലേക്കു കയറിവരുന്ന ഉമ്മയെ കുറിച്ച് ഷാനവാസിന് ഇന്നും ഓര്‍മ്മയുണ്ട്. ജാഫറും ശ്രീധരനും സമപ്രായക്കാരായിരുന്നു.

പഠനത്തിലും കറക്കത്തിലും ഉമ്മയുടെ പരിചരണത്തിലും അവര്‍ ഇരട്ടകളായി വളര്‍ന്നു. ചക്കി മരിച്ച ദിവസം ശരിക്കും പറഞ്ഞാല്‍ തെന്നാടന്‍ വീട്ടില്‍ മൂന്ന് കുഞ്ഞുങ്ങള്‍ ജനിക്കുകയായിരുന്നു. രമണി, ലീല, ശ്രീധരന്‍. അബ്ദുല്‍ അസീസ് ഹാജിയുടെയും സുബൈദയുടെയും നിലമ്പൂര്‍ കാളികാവ് തെന്നാട് വീട്ടില്‍ ആറാ മക്കളായി.

മൂന്ന് പേര്‍ ഒരേ വീട്ടില്‍ വിളക്കു കത്തിച്ചു പ്രാര്‍ത്ഥിച്ചു. മൂന്ന് മക്കള്‍ ഖുര്‍ആന്‍ ഓതി നിസ്‌ക്കരിച്ചു. രമണി, ഷാനവാസ്, ലീല, ജാഫര്‍, ശ്രീധരന്‍, ജോഷിന എന്നിവരായിരുന്നു ആ വീട്ടിലെ കുരുന്നുകള്‍. 64-ാം വയസ്സിലായിരുന്നു ആറുമക്കളെ കണ്ണീര്‍ക്കടലിലാക്കി സുബൈദ വിടപറഞ്ഞത്.

ശ്രീധരന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പോസ്റ്റില്‍ പറയുന്നതിങ്ങനെ…’ഞാനാരാണ് എന്ന സംശയം തീര്‍ക്കാനാണ് ഈ പോസ്റ്റ്. ഞാന്‍ മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് കാളികാവിലാണ്. ഇപ്പോ ഒമാനില്‍. ഇന്നലെ എന്റെ ഉമ്മ മരിച്ചു എന്നു പോസ്റ്റിട്ടപ്പോള്‍ ചിലര്‍ക്കൊരു സംശയം.

തൊപ്പിയിട്ട ഫോട്ടോ കണ്ടപ്പോള്‍ ഒരു മുസല്‍മാന് ശ്രീധരന്‍ എന്നു പേരിടുമോ എന്ന് വേറെയൊരു സംശയം. എനിക്ക് ഒരു വയസ്സായപ്പോ അമ്മ മരിച്ചതാ. രണ്ട് ചേച്ചിമാരും ഉണ്ട്. അച്ഛനും ഉണ്ടായിരുന്നു. അമ്മ മരിച്ച ദിവസം തന്നെ, ആ ഉമ്മയും ഉപ്പയും ഞങ്ങളെ കൊണ്ടുവന്ന് അവരുടെ വീട്ടില്‍ താമസിപ്പിച്ചു.

ഞങ്ങളെ മൂന്നുപേരെയും സ്വന്തം മക്കളെപ്പോലെ വിദ്യാഭ്യാസം തന്നു വളര്‍ത്തി. ചേച്ചിമാര്‍ക്ക് കല്യാണപ്രായമാതോടെ അവരെ കല്യാണം കഴിപ്പിച്ചുവിട്ടതും അവരാ. ഉപ്പാക്കും ഉമ്മാക്കും മക്കളില്ലാത്തോണ്ടല്ല ഞങ്ങളെ വളര്‍ത്തിയത്.

അവര്‍ക്കും മൂന്നു മക്കളുണ്ട്. ചെറുപ്രായത്തിലേ ഞങ്ങളെ കിട്ടിയിട്ടും ഞങ്ങടെ ജാതി മാറ്റാന്‍ ശ്രമിച്ചില്ല അവര്. പെറ്റമ്മയെക്കാള്‍ വലുതല്ല പോറ്റമ്മ എന്നു പറയാറുണ്ടെങ്കിലും ഞങ്ങള്‍ക്ക് ഇവര്‍ പോറ്റമ്മയല്ല, പെറ്റമ്മ തന്നെയാണ്….’

എടുത്തു വളര്‍ത്തി സ്വന്തം പെണ്‍മക്കളെ പോലെ ലീലയെയും രമണിയെയും പടിയിറക്കി വിട്ടതും തെന്നാടന്‍ വീട്ടില്‍ നിന്നുമായിരുന്നു. വരന്മാരെ കണ്ടുപിടിക്കാനും വിവാഹം നടത്താനും ആഉപ്പയും ഉമ്മയും ഓടിനടന്നു.

മമ്പാട് എംഇഎസ് കോളജിലെ പഠനം കഴിഞ്ഞ് പതുക്കെ പല പല ജോലികളിലേക്കു കടന്നപ്പോള്‍ ശ്രീധരന് വിവാഹ ആലോചനയും വന്നു. സ്വന്തം പ്രയത്നം കൊണ്ടു
വാങ്ങിയ അഞ്ചു സെന്റില്‍ വീടു വെച്ചു ആ വീട്ടിലേക്ക് മാറിന്‍ തുടങ്ങിയപ്പോഴും പരിഭവിച്ചത് ആ സ്നേഹനിഥിയായ ഉമ്മയായിരുന്നു.

സ്വന്തം കാലില്‍ നില്‍ക്കാറായ മകനെയും മരുമകളെയും അവര്‍ പുതിയ വീട്ടില്‍ കൊണ്ടു ചെന്നാക്കുകയും ചെയത്ു. ശ്രീധരനും ഭാര്യ തങ്കമ്മുവും അങ്ങനെ പുതിയ വീട്ടിലേക്കു മാറി. ഇപ്പോള്‍ ശ്രീധരന് 46 വയസ്സ്. ഒമാനിലെ മുസഫയില്‍ അല്‍ ത്വയ്ബത് സൂപ്പര്‍മാര്‍ക്കറ്റില്‍ ടെക്സ്റ്റെയില്‍സ് വിഭാഗത്തിലെ ജീവനക്കാരന്‍. പത്താംക്ലാസുകാരന്‍ അന്‍ശ്യാം ആണ് മകന്‍.

ശ്രീധരന്‍ ഗള്‍ഫിലേക്കു പോയതിനു പിന്നാലെയാണ് ഉമ്മയ്ക്ക് വൃക്കരോഗം ബാധിച്ചത്. ഗള്‍ഫിലെ സ്റ്റുഡിയോ പൂട്ടി, ഉമ്മയെ നോക്കാന്‍ ഷാനവാസ് നാട്ടിലെത്തി. ഒടുവില്‍ ഒരു പുതുജീവിതം സമ്മാനിച്ചു പ്രിയപ്പെട്ട ഉമ്മ വിടപറയുമ്പോള്‍ ശ്രീധരന് നാട്ടിലെത്താന്‍ സാധിച്ചില്ല. അവധി അപേക്ഷ പാസായി വരുമ്പോഴേക്കും മരണവാര്‍ത്തയെത്തി. ജീവിതത്തില്‍ മാലാഖയായ ഉമ്മയെ കാണാന്‍ സാധിക്കാത്ത വിഷമത്തിലാണ് ശ്രീധരന്‍.

Related posts