അന്ന് മകളെയും കൊണ്ട് വെറും കൈയോടെയാണ് കാനഡയിലെ ഭര്‍ത്താവിന്റെ അടുത്തു നിന്നും മടങ്ങിയെത്തിയത്,  ജീവിതത്തില്‍ ഏറ്റവും ദുഃഖിച്ച കാലഘട്ടത്തെക്കുറിച്ച് നടി ശ്രീജയയ്ക്ക് പറയാനുള്ളത്

ശ്രീജയയെ ഓര്‍മയില്ലേ. സൂപ്പര്‍ഹിറ്റായ സമ്മര്‍ ഇന്‍ ബെത്‌ലേഹിമിലെ വികൃതി പെണ്‍കുട്ടികളില്‍ ഒരാളായി തിളങ്ങിയ നടി. അഭിനേത്രി എന്നതിനൊപ്പം നര്‍ത്തകിയായും തിളങ്ങിയ ശ്രീജയ ഇപ്പോള്‍ അഭിനയത്തില്‍ വീണ്ടും സജീവമാകുകയാണ്. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം കാനഡയിലേക്ക് കുടിയേറിയ കാലത്ത് നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീജയ തുറന്നു പറയുന്നു.

ഭര്‍ത്താവ് മദനുമൊത്ത് ബെംഗളുരുവിലേക്ക് ആദ്യം താമസം മാറിയ ശ്രീജയ വളരെ താമസിക്കാതെ അവിടത്തെ ഡാന്‍സ് സ്‌കൂളും മറ്റും ഉപേക്ഷിച്ച് കാനഡയിലേക്ക് പോയി. എന്നാല്‍ ജീവിതത്തില്‍ ഏറ്റവും ദുഃഖിച്ച കാലഘട്ടമായിരുന്നു അത് എന്ന് താരം പറഞ്ഞു. അവിടെ മദന് നല്ല ഒരു ജോലി ലഭിച്ചുവെങ്കിലും തന്റെ സ്വപനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും വെറും കയ്യോടെ തിരിച്ചെത്തിയതും താരം പങ്കുവയ്ക്കുന്നു.

” കാനഡയില്‍ എല്ലാവര്‍ക്കും സമാജങ്ങളുടെ പരിപാടികള്‍ക്കും മറ്റും അവതരിപ്പിക്കാനുള്ള ഇന്‍സ്റ്റന്റ് ഡാന്‍സ് മതി. രാവിലെ മദനും മോളും പോയിക്കഴിഞ്ഞാല്‍ വീട്ടില്‍ ഞാന്‍ തനിച്ചാകും. കുറച്ചു കഴിഞ്ഞപ്പോള്‍ ഡിപ്രഷന്‍ അടിച്ചു തുടങ്ങി. അവിടുത്തെ സാഹചര്യങ്ങളുമായി എനിക്കു പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. ഡാന്‍സ് ഉപേക്ഷിച്ച് മറ്റു വല്ല ജോലിക്കും ശ്രമിക്കാന്‍ ഒരുപാട് പേര്‍ ഉപദേശിച്ചു. അന്നാട്ടില്‍ എത്തിയിട്ട് മടങ്ങിയവര്‍ വളരെ കുറച്ചേ ഉള്ളൂ.

എന്നാല്‍ ഡാന്‍സ് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് എനിക്കു ചിന്തിക്കാനേ കഴിയുമായിരുന്നില്ല. അപ്പോള്‍ മദനാണ് പറഞ്ഞത് ശ്രീജയ നാട്ടിലേക്കു പൊയ്‌ക്കൊള്ളൂ എന്ന്. ഒരുപാട് പണവും അധ്വാനവുമൊക്കെ ചെലവഴിച്ചാണ് എത്തിയതെങ്കിലും തീരുമാനം എടുക്കാന്‍ ഞാന്‍ ഒരുനിമിഷം വൈകിയില്ല. മകളെയും കൊണ്ട് ഞാന്‍ തൊട്ടടുത്ത ഫ്‌ളൈറ്റില്‍ ഞാന്‍ ബെംഗളുരുവിലേക്ക് തിരിച്ചു. വീടും കാറും ഒന്നുമില്ലാതെ വെറും കയ്യോടെയാണ് ഞാന്‍ അവിടെ വിമാനം ഇറങ്ങിയത്.

ബെംഗളുരുവില്‍ കോറമംഗലത്ത് ഉള്ളിലേക്ക് കയറി ഒരു വാടക വീട് സംഘടിപ്പിച്ചു. മൈഥിലിയെ അവിടെ അടുത്തുള്ള ഒരു സ്‌കൂളില്‍ ചേര്‍ത്തു. ഒരു ചേരി കടന്നു വേണം അവിടേക്ക് പോകാന്‍. കാറില്ലാത്തതിനാല്‍ നടന്നാണ് എന്റെ യാത്രകള്‍. തുടക്കത്തില്‍ അതൊക്കെ ബുദ്ധിമുട്ടായി തോന്നി. എന്നാല്‍ സാവധാനം ഞാന്‍ കരുത്താര്‍ജിച്ചു. അയിടയ്ക്ക് ‘ആയിരത്തില്‍ ഒരുവള്‍’ എന്ന സീരിയല്‍ ചെയ്തു. മുന്‍പ് എന്റെ ശിഷ്യരായിരുന്ന ചില കുട്ടികള്‍ മാത്രമായിരുന്നു സഹായത്തിനുണ്ടായിരുന്നത്.

Related posts