ആ തിരിഞ്ഞുനോക്കിയത് മോഹന്‍ലാല്‍ ആയിരുന്നില്ല, ഒടിയന്‍ മാണിക്യന്‍ ആയിരുന്നു! രംഗം കണ്ടപ്പോള്‍ എഴുന്നേറ്റ് നിന്ന് തൊഴുതു; കൂടുതല്‍ ഒന്നും പറഞ്ഞില്ല; ഒടിയനിലെ മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

മലയാള സിനിമാ ആസ്വാദകര്‍, പ്രത്യേകിച്ച് മോഹന്‍ലാല്‍ ആരാധകര്‍ കണ്ണിലെണ്ണയൊഴിച്ച് കാണാന്‍ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സിനിമയുടെ ഷൂട്ടിംഗുമായോ സിനിമയുടെ പിന്നണിയിലെ ഏത് കാര്യമായോ ബന്ധപ്പെട്ട് പുറത്തു വരുന്ന വാര്‍ത്തകള്‍ ഏറെ ആകാംക്ഷയോടെയാണ് ആളുകള്‍ സ്വീകരിക്കുന്നതും.

ഈ സാഹചര്യത്തില്‍ ഒടിയന്റെ ചിത്രീകരണത്തിനിടെ തന്നെ ഞെട്ടിച്ച ഒരു സംഭവത്തെക്കുറിച്ചുള്ള സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ വാക്കുകളാണിപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. മറ്റൊന്നുമല്ല, മലയാളത്തിലെ ഒട്ടുമിക്ക സംവിധായകരും പലപ്പോഴും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതുപോലെ തന്നെ, മോഹന്‍ലാലിന്റെ അഭിനയ മികവിനെക്കുറിച്ചും അതില്‍ താന്‍ അത്ഭുതസ്തബ്ദനായി നിന്നു പോയതിനെക്കുറിച്ചുമാണ് അദ്ദേഹവും വിവരിച്ചത്.

ഒരു എഫ്എമ്മിന് അനുവദിച്ച അഭിമുഖത്തിലാണ് മോഹന്‍ലാല്‍ തന്നെ വിസ്മയിപ്പിച്ചതിനെക്കുറിച്ച് ശ്രീകുമാര്‍ മേനോന്‍ വാചാലനായത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ..

‘ഒടിയന്‍ എന്ന ചിത്രത്തിലെ ആദ്യഷോട്ടില്‍ തന്നെ മോഹന്‍ലാല്‍ അമ്പരിപ്പിച്ചു. തിരക്കഥ വായിച്ചുകേട്ടപ്പോള്‍ തന്നെ അദ്ദേഹം ഒടിയന്‍ മാണിക്യനായി മാറിയിരുന്നു. ഓരോ രംഗങ്ങളെക്കുറിച്ചും വലിയ ചര്‍ച്ചകളൊന്നും വേണ്ടിവന്നില്ല. കാശിയിലാണ് ആദ്യഷോട്ട്. ലാലേട്ടന്‍ ഗംഗയില്‍ നിന്ന് കയറിവരുന്നൊരു രംഗം. കയറിപ്പോകുമ്പോള്‍ കാമറയിലേക്ക് തിരിച്ചുനോക്കണം. ആ തിരിഞ്ഞുനോട്ടം വെറും അഞ്ച് സെക്കന്റില്‍ ഒറ്റ ടേക്കില്‍ പൂര്‍ത്തിയായി. ആ തിരിഞ്ഞുനോക്കിയത് മോഹന്‍ലാല്‍ ആയിരുന്നില്ല. ഒടിയന്‍ മാണിക്യന്‍ ആയിരുന്നു.

ആ രംഗം കണ്ടപ്പോള്‍ എഴുന്നേറ്റ് നിന്ന് തൊഴുതു. അതില്‍ക്കൂടുതല്‍ ഒന്നും പറയാനുണ്ടായിരുന്നില്ല. ആദ്യമായി ഞാനും തിരക്കഥാകൃത്ത് ഹരികൃഷ്ണനും ചേര്‍ന്ന് അദ്ദേഹത്തെ കഥ വായിച്ചുകേള്‍പ്പിക്കുകയാണ്. വീട്ടില്‍ ചമ്രം പടിഞ്ഞിരുന്ന്, കണ്ണടച്ചാണ് ലാലേട്ടന്‍ കഥ കേള്‍ക്കുന്നത്. ആ കഥ കേള്‍ക്കുമ്പോള്‍ തന്നെ, അദ്ദേഹത്തിന്റെ കൈകാലുകളിലെ വിരലുകള്‍ ചലിക്കുന്നുണ്ടായിരുന്നു. മുഖഭാവം മാറി. പുരികങ്ങള്‍ ചലിച്ചു. അപ്പോള്‍ തന്നെ ഒടിയന്‍ മാണിക്യനായി അദ്ദേഹം പരകായപ്രവേശം നടത്തിയെന്ന് തോന്നി.

മണ്ണിന്റെ മണമുള്ള കഥയാണ് ഒടിയന്‍. നമ്മളില്‍ പലരും കേട്ടുവളര്‍ന്ന കഥ സിനിമായാക്കാന്‍ പറ്റുക എന്നത് വലിയ ഭാഗ്യമായി കരുതുന്നു. ഒടിയന്മാരുടെ കഥ ഏറ്റവുമധികം സജീവമായിരുന്നത് പാലക്കാടാണ്. അതുകൊണ്ടാണ് അവിടെത്തന്നെ ലൊക്കോഷന്‍ നിശ്ചയിച്ചതും. ഒടിയനിലൂടെ ഇന്ത്യയിലെ എല്ലാ ചലച്ചിത്ര അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചാല്‍ അത്ഭുതപ്പെടാനില്ല. കാരണം അദ്ദേഹം അതര്‍ഹിക്കുന്നു’. ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

Related posts