ശ്രീറാം കടുത്ത മാനസിക സമ്മർദ്ദത്തിൽ; ട്രോമ ഐസിയുവിലേക്ക് മാറ്റി; മാനസികാരോഗ്യ വിദഗ്ധന്‍റെ സേവനം ലഭ്യമാക്കാനൊരുങ്ങി മെഡിക്കൽ ബോർഡ്

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തൽ. ഇതേതുടർന്ന് അദ്ദേഹത്തെ ട്രോമ ഐസിയുവിലേക്ക് മാറ്റി.

അഞ്ചംഗ മെഡിക്കൽ ബോർഡ് യോഗം ചേർന്നാണ് ശ്രീറാമിന്‍റെ ആരോഗ്യസ്ഥിതി വിലയിരുത്തിയത്. ശ്രീറാമിന് മാനസികാരോഗ്യ വിദഗ്ധന്‍റെ സേവനം ലഭ്യമാക്കാനും മെഡിക്കൽ ബോർഡ് തീരുമാനിച്ചു.

ശ്രീറാമിനെ മൂന്ന് ദിവസം നിരീക്ഷിക്കാനാണ് മെഡിക്കൽ ബോർഡിന്‍റെ തീരുമാനം. ബാഹ്യമായ പരിക്കുകൾ ഇല്ലെങ്കിലും ആന്തരികാവയവങ്ങൾക്ക് ക്ഷതമുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഇതിന് ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക.

ഞായറാഴ്ച വൈകിട്ടാണ് ശ്രീറാമിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. കോടതി റിമാൻഡ് ചെയ്ത പ്രതിക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകുന്നത് വിവാദമായതോടെയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റാൻ പോലീസ് തീരുമാനിച്ചത്.

Related posts