വന്ധ്യംകരണത്തിന്റെ പേരില്‍ നടക്കുന്നത് കൊടുംക്രൂരത ! വന്ധ്യംകരണത്തിനു ശേഷം കുടലുകള്‍ പുറത്തുവന്നും വൃഷണങ്ങള്‍ നീരുവന്നും നിരവധി നായ്ക്കള്‍ തെരുവില്‍ ചത്തുവീഴുന്നു;കോടികള്‍ ചിലവിട്ടു നടത്തുന്ന പദ്ധതി തെരുവു നായ്ക്കളുടെ അന്തകനാകുന്നതിങ്ങനെ…

തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിന്റെ പേരില്‍ അരങ്ങേറുന്നത് കൊടുംക്രൂരതയെന്ന് ആരോപണം.വന്ധ്യംകരണം എന്ന പേരില്‍ നായകളെ കുടുബശ്രീ ക്യാമ്പുകളില്‍ കൊന്നൊടുക്കുന്നു എന്നാണ് ആരോപണം ഉയരുന്നത്. കേരളത്തിലുടനീളം നടത്തുന്ന ഈ പദ്ധതിക്ക് കോടികളാണ് ചിലവ്. നാല് ലക്ഷത്തിലധികം തെരുവ് നായകള്‍ സംസ്ഥാനത്ത് ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇവയെ മുഴുവന്‍ വന്ധ്യം കരിക്കാനുള്ള പദ്ധതികള്‍ ആണ് ഇപ്പോള്‍ നടപ്പാക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് എല്ലാ ജില്ലകളിലും എബിസിഡി പദ്ധതി(ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ഡെസിഗ്‌നേറ്റഡ്) കാര്യങ്ങള്‍ നീക്കുന്നത്.

ഇതിന്റെ ആദ്യപടിയായി ഓരോ പഞ്ചായത്തിലെയും തെരുവുനായ്ക്കളുടെ എണ്ണം കണക്കാക്കും. തുടര്‍ന്ന് പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവരുമായി സഹകരിച്ചാണ് വന്ധ്യംകരണ നടപടികള്‍ പുരോഗമിക്കുക. ഈ വന്ധ്യംകരണ പ്രക്രിയകള്‍ക്കെതിരെയാണ് ഇപ്പോള്‍ പ്രതിഷേധം ഉയരുന്നത്. തികച്ചും അവിദഗ്ദരായ കുടുംബശ്രീയ്ക്ക് കൈമാറിയതോടെ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ണമായും പാളിപ്പോയതായാണ് ലഭിക്കുന്ന ഫോട്ടോകള്‍ നല്‍കുന്ന സൂചനകള്‍.

കുടുബശ്രീയുടെ നേതൃത്വത്തില്‍ നടക്കുന്ന വന്ധ്യംകരണ പ്രക്രിയയ്ക്ക് ശേഷം പല നായ്ക്കളുടെയും കുടലുകള്‍ പുറത്തു വന്ന അവസ്ഥയിലാണ്. ചില നായകളുടെ വൃഷണങ്ങള്‍ നീര് വന്നു വീര്‍ത്തിരിക്കുന്നു. പുഴുവരിച്ച നായകള്‍ ഉപേക്ഷിച്ച ഇടങ്ങളില്‍ മരിച്ചു വീഴുകയാണ്.വന്ധ്യംകരണത്തില്‍ യാതൊരു വൈദഗ്ധ്യവുമില്ലാത്ത കുടുംബശ്രീ സ്ത്രീ തൊഴിലാളികളുടെ നേതൃത്വത്തിലുള്ള വന്ധ്യംകരണ പ്രക്രിയയ്ക്ക് ഇരയാകുന്ന തെരുവ് നായകള്‍ ഒട്ടുമിക്കതും ചത്തൊടുങ്ങുകയാണെന്ന് മൃഗസ്‌നേഹികള്‍ ചൂണ്ടിക്കാട്ടുന്നു.

നായ്ക്കള്‍ക്ക് മൃഗഡോക്ടര്‍ അനസ്‌തേഷ്യ നല്‍കണമെന്നിരിക്കേ ഈ ജോലിയും ചെയ്യുന്നത് കുടുംബശ്രീ തൊഴിലാളികളാണ്. അവിദഗ്ധരായ സ്ത്രീ തൊഴിലാളികള്‍ അനസ്‌തേഷ്യ നല്‍കുമ്പോള്‍ ചില നായകള്‍ വീണു ചാവുകയാണ്. സര്‍ജറി നടത്തുന്നതും, മുറിവ് തുന്നിചേര്‍ക്കലും ഇവര്‍ തന്നെ നടത്തുകയാണ്. ഇത് തെരുവുനായകളുടെ അവസ്ഥ കൂടുതല്‍ പരിതാപകരമാക്കുന്നു.

എല്ലാ മൃഗ സംരക്ഷണ നിയമങ്ങളും കാറ്റില്‍പറത്തിയാണ് തെരുവ് നായകളെ വന്ധ്യംകരിക്കുന്നത്. ഇതിനുവേണ്ട ഒരു ട്രെയിനിംഗും ഇവര്‍ക്ക് നല്‍കിയിട്ടില്ല. നല്‍കിയിട്ടുണ്ടെങ്കില്‍ ഇവര്‍ അതിനു യോഗ്യരുമല്ല. വന്ധ്യംകരണത്തിന് ശേഷം അതീവ ഗുരുതര അവസ്ഥകളാണ് നായകള്‍ നേരിടുന്നത്. കുടുംബശ്രീയുടെ ഷെല്‍ട്ടര്‍ ക്യാമ്പുകളില്‍ നിന്നാണ് നായകളുടെ വന്ധ്യംകരണ പ്രക്രിയ നടക്കുന്നത്. വന്ധ്യംകരണത്തിന് ശേഷം നാല് ദിവസമെങ്കിലും നായകളെ പരിപാലിക്കണം. പക്ഷെ അപ്പോള്‍ തന്നെ തെരുവില്‍ ഈ നായകള്‍ ഉപേക്ഷിക്കപ്പെടുകയാണ്. വന്ധ്യംകരണം നേരിട്ട ശേഷമുള്ള നായകളുടെ അവസ്ഥകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഒപ്പം ഈ സര്‍ജറി ചെയ്ത കുടുംബശ്രീ പ്രവര്‍ത്തകരുമായുള്ള സംഭാഷണങ്ങളും പ്രചരിക്കുന്നുണ്ട്. തെരുവ് നായകളെ വന്ധ്യംകരണത്തിനു കുടുംബശ്രീയെ ഏല്‍പ്പിക്കരുത് എന്നാണ് മൃഗസ്‌നേഹികളില്‍ നിന്ന് ആവശ്യം ഉയരുന്നത്. മൃഗഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ തന്നെ വന്ധ്യംകരണം നടത്തണമെന്നും മൃഗസ്നേഹികള്‍ ഫോട്ടോ നിരത്തി ആവശ്യപ്പെടുന്നു. വരുന്ന നാലുവര്‍ഷത്തിനകം സംസ്ഥാനത്തെ തെരുവുനായ്ക്കളില്‍ 70 ശതമാനത്തിനെയും വന്ധ്യംകരിക്കണമെന്നാണ് കഴിഞ്ഞ വര്‍ഷം തന്നെ ആരോഗ്യവകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. ഈ വന്ധ്യംകരണ പ്രക്രിയയാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുന്നത്.

Related posts