ജൈനിയെന്ന പെണ്‍കുട്ടി ഒരു കഥയെഴുതി, അക്കഥ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എടുത്തലക്കി, വന്നപ്പോള്‍ കഥയല്ലിത് ജീവിതമായി, സമാധാനം നഷ്ടപ്പെട്ടത് യുവതിക്കും കുടുംബത്തിനും, സംഭവം ഇങ്ങനെ

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു കഥ മൂലം പുലിവാല് പിടിച്ചിരിക്കുകയാണ് തൃശൂര്‍ സ്വദേശിനി ആയ ജൈനി റ്റിജു. തൃശൂര്‍ ചേലക്കര ഗവണ്മെന്റ് ആശുപത്രിയില്‍ നഴ്‌സ് ആയ ജൈനിയാണ് താനെഴുതിയ ഒരു കഥമൂലം ഓണ്‍ലൈന്‍ മാധ്യമങ്ങളാല്‍ സമാധാനം നഷ്ടപ്പെട്ടത്. വിദേശജോലിക്കുവേണ്ടി താത്കാലിക ഡൈവോഴ്‌സ് എന്ന് വിശ്വസിപ്പിചെടുവില്‍ ജീവിതവും ജീവന്റെ ജീവനായ മക്കളും കൈവിട്ടുപോയ ഒരു പാവം പെണ്ണെന്ന ജൈനിയുടെ സാങ്കല്പിക കഥയാണ് ജൈനിക്ക് പണികൊടുത്തത്. താനെഴുതിയ കഥ നിമിഷവേഗം കൊണ്ട് സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്നപ്പോള്‍ ജൈനി അറിഞ്ഞിരുന്നില്ല സോഷ്യല്‍മീഡിയ തന്റെ ജീവിതത്തിനും പാരയാകുമെന്ന്. കഥയല്ലിത് ജീവിതമാണെന്ന് തലക്കെട്ടോടെ ജൈനി എഴുതിയ കഥക്കു വളരെ വേഗമാണ് സ്വീകാര്യത ലഭിച്ചത് .

കഥയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചതോടെ ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ഇത് അതേപടി വെബ്‌സൈറ്റില്‍ അലക്കി. ചെറിയൊരു മാറ്റം വരുത്തിയെന്നുമാത്രം. ജൈനിയെഴുതിയത് സാങ്കല്പിക കഥയാണെങ്കില്‍ പോര്‍ട്ടലുകളില്‍ വന്നപ്പോള്‍ അത് ജൈനിയുടെ സ്വന്തം ജീവിതമായി മാറി. കുട്ടികളുടെയും ജൈനിയുടെ ഭര്‍ത്താവിന്റെയും ചിത്രങ്ങള്‍ ഒപ്പം ചേര്‍ക്കുകയും ചെയ്തു. ജൈനിയുടെ കുടുംബഫോട്ടോ അടക്കം വാര്‍ത്തയില്‍ വന്നതോടെ അവരുടെ ഭര്‍ത്താവിന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. നിയമനടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍.

ജൈനി എഴുതിയ കഥ വായിക്കാം- ലോകത്തിലെ ഏറ്റവും വിഡ്ഢിയായ പെണ്ണ് ഞാനാവും. കാരണം, സ്വന്തം വിവരക്കേടു കൊണ്ട് ജീവിതം നഷ്ടപ്പെട്ടു പോയ ഒരാളാണ് ഞാന്‍. എന്റേതെന്നു ഞാന്‍ വിശ്വസിച്ചിരുന്ന എല്ലാം എനിക്ക് നഷ്ടപ്പെടുകയാണ്. ഇന്നു മുതല്‍ ഞാന്‍ തനിച്ചാണ്. ഇടത്തരം കുടുംബത്തിലെ മൂന്ന് പെണ്‍മക്കളില്‍ ഇളയവളായിരുന്നു ഞാന്‍. മൂത്ത രണ്ടു പേരുടെ വിവാഹം നടത്തി അപ്പച്ചന്‍ സാമ്പത്തിക പരാധീനതയില്‍ അകപ്പെട്ടിരിക്കുമ്പോഴാണ് എനിക്ക് സിബിച്ചേട്ടന്റെ ആലോചന വന്നത്. പത്താം ക്ലാസ് കഴിഞ്ഞ് വീട്ടില്‍ തന്നെ നില്‍ക്കുകയായിരുന്നു അപ്പോള്‍ ഞാന്‍. സ്വത്തും പണവും ഒന്നുീ വേണ്ട, സുന്ദരിയായ പെണ്‍കുട്ടിയെ മാത്രം മതി എന്നു പറഞ്ഞു വന്ന ആ ആലോചന ഉറപ്പിക്കാന്‍ അപ്പച്ചന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അമ്മയില്ലാതെ മൂന്ന് മക്കളെ വളര്‍ത്തി തളര്‍ന്നു പോയിരുന്നു പാവം.

ആഗ്രഹിച്ചതിലും സന്തോഷകരമായിരുന്നു ജീവിതം. സ്‌നേഹം കൊണ്ടു മൂടുന്ന ഭര്‍ത്താവ്. അതിന്റെ പൂര്‍ത്തീകരണം പോലെ രണ്ടു പൊന്നുമക്കള്‍. അപ്പച്ചന്‍ ഒറ്റയ്ക്കായിരുന്നതിനാല്‍ ഞാനും മക്കളും വീട്ടിലായി രുന്നു താമസം. സൗദിയില്‍ ഒരു പരസ്യ കമ്പനിയില്‍ ആയിരുന്നു ചേട്ടന് ജോലി. എന്നും അദ്ദേഹത്തിന് വിഷമം പറയാനേ നേരം ഉണ്ടായിരുന്നുള്ളൂ . നല്ല ബുദ്ധിമുട്ടുള്ള ജോലിയാണെങ്കിലും അതിനനുസരിച്ചുള്ള ശമ്പളം കിട്ടിയിരുന്നില്ല. നമുക്കും നല്ലൊരു കാലം വരുമെന്ന് പറഞ്ഞു സമാധാനിപ്പിക്കും ഞാന്‍.

ഒരു ദിവസം അദ്ദേഹം വിളിച്ചത് വളരെ സന്തോഷത്തോടെയായിരുന്നു. ”ലീനാ , നമ്മുക്ക് ഭാഗ്യം ഉണ്ടെടാ. എനിക്ക് ഒരു അമേരിക്കന്‍ കമ്പനിയുടെ ഓഫര്‍ വന്നു. അത് കിട്ടിയാല്‍ നമ്മള്‍ രക്ഷപ്പെട്ടെടാ. നീ പ്രാര്‍ത്ഥിക്ക്. ‘ ഞാന്‍ പ്രാര്‍ത്ഥന തന്നെയായിരുന്നു. മറ്റുള്ള സഹോദരങ്ങളെ വെച്ച് ഞങ്ങള്‍ കുറച്ചു സാമ്പത്തികമായി താഴ്ന്നതാണെന്നൊരു അപകര്‍ഷതാബോധം ഉണ്ടായിരുന്നു ചേട്ടന്.

ഈ ജോലി ഞങ്ങള്‍ക്കൊരു പിടിവള്ളി തന്നെയാണെന്ന് ഞാനും വിശ്വസിച്ചു. ചേട്ടന്‍ വളരെ ആവേശത്തോടെ ഓടി നടന്നു പേപ്പറുകള്‍ ശരിയാക്കി. സൗദിയിലെ ജോലി രാജിവച്ച് നാട്ടിലെത്തി. ഒരു ദിവസം വിസയുടെ കാര്യത്തിന് പോയിട്ടു വന്ന ചേട്ടന്‍ വളരെ നിരാശനായിരുന്നു. കാര്യം തിരക്കിയ എന്നോട് വളരെ വിഷമത്തോടെ പറഞ്ഞു. ” മോളേ, നമുക്ക് യോഗമില്ലെന്നാ തോന്നുന്നത്. മാരീഡ് ആയ ഒരു ജോലിക്കാരനെ ആ കമ്പനി തല്‍ക്കാലം സ്വീകരിക്കുന്നില്ല. ഫാമിലി സ്റ്റാറ്റസ് കൊടുക്കുന്നത് അവര്‍ക്ക് ഒരു അധിക ബാധ്യതയാണെന്ന്. ‘
ഒന്നു നിര്‍ത്തി അയാള്‍ തുടര്‍ന്നു.

” ഇനി ആ ജോലി കിട്ടാനുള്ള ഏക വഴി ഞാന്‍ സിംഗിള്‍ ആണെന്ന് രേഖയുണ്ടാക്കുകയാണ്. അതിന് നമ്മുടെ ഡിവോഴ്‌സ് നോട്ടീസില്‍ നീ ഒപ്പിട്ടു തരണം. രണ്ടുപേരും ഒപ്പിട്ടാല്‍ വേഗം എല്ലാം ശരിയാകും.” ഒരു ഞെട്ടലോടെയാണ് ഞാന്‍ ഇത് കേട്ടത്. അദ്ദേഹത്തിന്റെ അമ്മയും പിന്തുണച്ചു.

” മോളെ, ഇത് നിങ്ങള്‍ക്കു വേണ്ടിയല്ലേ. പിന്നെ ഇത് ആരെയും അറിയിക്കാന്‍ നില്‍ക്കണ്ട. എന്തെങ്കിലും പറഞ്ഞ് മുടക്കാന്‍ ആളുണ്ടാവും. ഒരാള്‍ നന്നാവുന്നത് മറ്റുള്ളവര്‍ക്ക് സഹിക്കില്ലല്ലോ ‘ ആ പേപ്പറില്‍ ഒപ്പിടുമ്പോള്‍ അറിയാതെയെങ്കിലും എന്റെ കൈ വിറച്ചു. അതു കണ്ട അദ്ദേഹം എന്നെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു. ” മോളെ, നീ എന്തിനാ വിഷമിക്കുന്നത്? ഒരു പേപ്പറാണോ നമ്മുടെ സ്‌നേഹവും ബന്ധവും തീരുമാനിക്കുന്നത്. ഞാന്‍ ചെന്ന് ഒന്ന് സെറ്റിലായാല്‍ ഉടനെ നിന്നെയും പിള്ളേരേം കൊണ്ടുപോകാനുള്ള കാര്യങ്ങള്‍ ചെയ്യും. അപ്പോള്‍ എന്തായാലും വീണ്ടും രജിസ്റ്റര്‍ ചെയ്യണല്ലോ.”

ഇത് പറയുമ്പോള്‍ നിറഞ്ഞ ആ കണ്ണുകള്‍ എന്റെ വിശ്വാസം ഊട്ടിയുറപ്പിച്ചു. ആരെയും അറിയിക്കണമെന്ന് എനിക്ക് തോന്നിയതും ഇല്ല. പിന്നീടെല്ലാം വേഗത്തിലായിരുന്നു. പേപ്പറുകള്‍ നീങ്ങിയതും പോകാനുള്ള വിസ വന്നതും എല്ലാം ഒരു സ്വപ്നം പോലെ നടന്നു. ചെന്ന് ജോലിക്ക് കയറിയിട്ടും ഫോണ്‍വിളിയും സംസാരവും ഒക്കെ മുറപോലെ നടന്നു. പണവും അയച്ചു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ പത്തു ദിവസത്തെ ലീവിന് വന്നു. ഞാനും മക്കളും വളരെ സന്തോഷിച്ച പത്തു ദിവസം. എന്തൊക്കെയോ പേപ്പറുകള്‍ കൂടെ ശരിയാക്കിക്കൊണ്ടു പോയി. ഞങ്ങളെ കൊണ്ടു പോകാനുള്ള പേപ്പറുകള്‍ ആണെന്നാണ് പറഞ്ഞത്. തിരിച്ചു ചെന്ന് കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അശനിപാതം പോലൊരു ഫോണ്‍ കോള്‍.

” ലീനാ, ഇവിടെ കമ്പനിയില്‍ ആകെ പ്രശ്‌നമാണ്. എന്റെയടക്കം കുറച്ചു പേരുടെ ജോലി പോയി. ഇവിടെ നിന്ന് കേറ്റി വിട്ടാല്‍ പിന്നൊരു തിരിച്ചു പോക്ക് സാധ്യമല്ല. അതു കൊണ്ട് ഞാനല്‍പ്പം പ്രാക്ടിക്കലാവുകയാണ്. ഇവിടുത്തെ പൗരത്വം ഉളള ഒരാളെ വിവാഹം കഴിച്ചാല്‍ എനിക്കിവിടെ തുടരാം. നല്ലൊരു ജോലിയും കണ്ടെത്താം. നീ എന്നോട് ക്ഷമിക്കണം”. പ്രതികരിക്കാന്‍ മറന്ന്, ശബ്ദം നഷ്ടപ്പെട്ട് ഞാന്‍ നിന്നു. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥ. കൈവിട്ടു പോയത് എന്റെ ജീവിതമായിരുന്നു എന്ന് മനസ്സിലാക്കാന്‍ വൈകി.

പതുക്കെ പതുക്കെ ബന്ധുക്കളും സുഹൃത്തുക്കളും അറിഞ്ഞു. മകന്റെ പണം മാത്രം ആഗ്രഹിച്ച ആ അമ്മക്ക് കോടീശ്വരിയായ പുതിയ മരുമകള്‍ തന്നെയാവുമല്ലോ വലുത്. അറിഞ്ഞവരെല്ലാം എന്നെ കുറ്റപ്പെടുത്തി. ” ആരോടും ആലോചിക്കാതെ തന്നിഷ്ടത്തിന് ചെയ്തതല്ലേ? ആരെങ്കിലും ചെയ്യുന്ന പണിയാണോ ഇത്? അനുഭവിക്കട്ടെ ‘. അവര്‍ക്കും അതാണ് നല്ലതെന്ന് തോന്നിക്കാണും. പെട്ടെന്ന് ആരുമില്ലാതായിപ്പോയ ഒരു പെണ്ണും രണ്ടു കുട്ടികളും എല്ലാവര്‍ക്കും ബാധ്യതയാകുമല്ലോ. സുഖമില്ലാതിരുന്ന അപ്പച്ചന്‍ ഇതോടെ കിടപ്പിലായി .

ഇതിനിടെ അമേരിക്കയിലുള്ള അകന്ന ബന്ധുക്കള്‍ മുഖേന വിവരങ്ങള്‍ കൂടുതല്‍ വ്യക്തമായി. കൂടെ ജോലി ചെയ്തിരുന്ന ഒരു സ്ത്രീയുമായി അയാള്‍ ബന്ധം പുലര്‍ത്തിയിരുന്നു എന്നും ജോലി നഷ്ടപ്പെട്ടു എന്ന് കള്ളം പറഞ്ഞതാണെന്നും. ഡിവോഴ്‌സിന്റെ രേഖകള്‍ കയ്യിലുണ്ടായിരുന്നതിനാല്‍ രണ്ടാം വിവാഹത്തിന് നിയമ തടസ്സങ്ങളുണ്ടായില്ലത്രേ.

വ്യക്തമായ പ്ലാനിങ്ങോടു കൂടിയ ഒരു ചതി. തര്‍ക്കങ്ങളോ പള്ളിക്കോടതിയുടെ ഇടപെടലോ നഷ്ട പരിഹാര ആലോചനകളോ ഒന്നും ഇല്ലാതെ സുഗമമായ ഒരു വേര്‍പിരിയല്‍. ബുദ്ധിപരമായൊരു ചൂഷണം . ചൂഷണം ചെയ്തത് പക്ഷേ, ഒരു പാവം പെണ്ണിന് തന്റെ ഭര്‍ത്താവിനോടുള്ള കറതീര്‍ന്ന വിശ്വാസത്തെയും നിഷ്‌കളങ്ക സ്‌നേഹത്തെയും ആയിരുന്നു. സമയം എടുത്തെങ്കിലും ജീവിതത്തോട് പൊരുതാന്‍ ഞാന്‍ തീരുമാനിച്ചു. പത്താം ക്ലാസ് തോറ്റ എനിക്ക് വലിയ ജോലിയൊന്നും കിട്ടില്ല എന്നറിയാവുന്നതുകൊണ്ട് പള്ളിവക അഗതിമന്ദിരത്തില്‍ അടുക്കളപണിക്ക് പോയിത്തുടങ്ങി. ഞങ്ങള്‍ക്ക് ജീവിക്കാനുള്ളത് കിട്ടുമായിരുന്നു. മക്കളുടെ പഠിപ്പിനുള്ളത് പള്ളിക്കാര്‍ സഹായിച്ചു.

ഇതിനിടക്ക് അപ്പച്ചന്‍ മരിച്ചു. വീടും അഞ്ചു സെന്റ് സ്ഥലവും എന്റെ പേര്‍ക്ക് എഴുതിവച്ചിരുന്നത് കൊണ്ട് പെരുവഴിയിലായില്ല. കുട്ടികള്‍ക്ക് ഉള്ളത് അയാളോട് ആവശ്യപ്പെടാന്‍ പലരും നിര്‍ബന്ധിച്ചെങ്കിലും അഭിമാനബോധം സമ്മതിച്ചില്ല. അത്രയെളുപ്പം ഉണങ്ങുന്ന മുറിവായിരുന്നില്ലല്ലോ അയാള്‍ ഉണ്ടാക്കിയത്. മൂന്നു വര്‍ഷം മുമ്പ് അയാള്‍ ഭാര്യയെയും കൂട്ടി നാട്ടില്‍ വന്നു. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം മക്കളെ കാണാന്‍ . മോന്‍ ഡിഗ്രി അവസാനവര്‍ഷം ആയിരുന്നു , മോള്‍ പ്ലസ് വണ്ണിലും. അവരെ അവര്‍ പഠിക്കുന്ന കോളേജില്‍ പോയിക്കണ്ടു. എന്തൊക്കെയോ സമ്മാനങ്ങള്‍ കൊടുത്തു. അമേരിക്കയില്‍ വലിയ ഒരു പരസ്യക്കമ്പനിയുടെ ഉടമയാണെന്നും അവര്‍ക്ക് മക്കളൊന്നും ഉണ്ടായിട്ടില്ല എന്നും മറ്റുള്ളവര്‍ പറഞ്ഞറിഞ്ഞു. കുറ്റബോധമോ എന്തോ, എന്നെ കാണാന്‍ അവര്‍ ശ്രമിച്ചില്ല. എന്റെ മനസ്സിലും അയാളെന്നേ മരിച്ചു മണ്ണടിഞ്ഞു പോയിരുന്നു.

പോകും മുമ്പേ പള്ളിയിലെ അച്ചനെ കണ്ടു സംസാരിച്ചിരുന്നു. മക്കളെ കൊണ്ടുപോകാന്‍ ആഗ്രഹമുണ്ട്. പഠന വിസയിലാവുമ്പോള്‍ വലിയ ഫോര്‍മാലിറ്റിയില്ലാതെ കൊണ്ടു പോകാമത്രേ. ബാക്കി പഠനം അവിടെയാക്കാം. കോടികള്‍ ടേണോവര്‍ ഉള്ള അയാളുടെ കമ്പനിക്ക് പിന്‍ഗാമി. അതാണുദ്ദേശം. എന്നോട് സംസാരിക്കാമെന്ന് അച്ചന്‍ സമ്മതിച്ചു. മക്കളോട് സ്‌നേഹമുണ്ടെങ്കില്‍ അവരുടെ നല്ല ഭാവിക്ക് തടസ്സം നില്‍ക്കരുതെന്ന് എല്ലാവരും എന്നെ ഉപദേശിച്ചു. കുട്ടികളും അമേരിക്കന്‍ ജീവിതം സ്വപ്നം കണ്ടു തുടങ്ങിയിരുന്നു.

പിന്നീടെല്ലാം പെട്ടെന്നായിരുന്നു. പാസ്‌പോര്‍ട്ട് ശരിയാക്കി വേണ്ട രേഖകളും കൊണ്ട് അവര്‍ പോയി. പിറ്റെ അധ്യയന വര്‍ഷത്തില്‍ അവിടെയുള്ള കോളേജില്‍ അഡ്മിഷന്‍ ശരിയായി വിസ വന്നു. എന്റെ ചങ്കും പറിച്ചെടുത്ത് മക്കള്‍ പോയി. ആദ്യമാദ്യം ദിവസവും ഫോണ്‍ ചെയ്യുമായിരുന്നു. പിന്നീട് വിളികളുടെ എണ്ണം കുറഞ്ഞു. അമേരിക്കയിലെ വേഗമേറിയ ജീവിത ശൈലിയുമായി അവര്‍ പെട്ടെന്ന് അനുയോജിച്ചു.
ഒരിക്കല്‍ വിളിച്ചപ്പോള്‍ മോള്‍ പറഞ്ഞു, ” ഇവിടുത്തെ ജീവിത സാഹചര്യങ്ങള്‍ നമ്മള്‍ സ്വപ്നം പോലും കണ്ടിട്ടില്ലാത്തതാണമ്മേ. പിന്നെ , ഡാഡിയും മമ്മിയും നല്ല സ്‌നേഹമാ ഞങ്ങളോട്. ‘ആശ്വാസം. എന്റെ മക്കള്‍ അവിടെ സന്തോഷത്തിലാണല്ലോ. രണ്ടു വര്‍ഷത്തിന് ശേഷം വെക്കേഷന് വരും എന്നു കരുതി കാത്തിരുന്നു. ഇന്നലെ അവര്‍ടെ കോള്‍ വന്നു.

” സോറി അമ്മേ, ഇത്തവണയും ഞങ്ങള്‍ വരുന്നില്ല. ഇവിടെ നല്ലൊരു ട്രിപ്പ് പ്ലാന്‍ ചെയുന്നുണ്ട് ഡാഡിയും മമ്മിയും. ലോകത്തിലെ ഏറ്റവും നല്ല ടൂറിസ്റ്റ് സ്ഥലത്തെല്ലാം പോകാന്‍. ഒരു മാസത്തെ. ഞങ്ങളുടെ ബിസിനസിനും ഗുണം ചെയ്യുമത്രേ. അത് മിസാക്കാന്‍ വയ്യ. പിന്നെ ഡാഡി ഞങ്ങള്‍ക്ക് വേണ്ടിയല്ലേ കഷ്ടപ്പെട്ട് സമ്പാദിക്കുന്നതൊക്കെ’. അവര്‍ പറഞ്ഞത് ശരിയാണ്. അവരും പ്രാക്ടിക്കലായിത്തുടങ്ങി. പരാതിയില്ല. കഷ്ടപ്പെട്ടു വളര്‍ത്തിയതിന്റെ കണക്ക് നിരത്താനുമില്ല. ഈ പള്ളിയും അഗതിമന്ദിരവും ഇവിടെ ഉള്ളയിടത്തോളം കാലം ഞാന്‍ ജിവിക്കും. ചുറ്റിനും ബന്ധുക്കമുണ്ടായിട്ടും ആരുമില്ലാതായിപ്പോയ കുറച്ച് വൃദ്ധ ജന്‍മങ്ങള്‍ക്ക് വേണ്ടി…., അവരിലൊരാളായി…

Related posts