നന്നായി കരയാനറിയാമെങ്കില്‍ കൈനിറയെ കാശ് ! ശമ്പളമായി കിട്ടുന്നത് മണിക്കൂറില്‍ 3500 രൂപ; പ്രൊഫഷണല്‍ കരച്ചിലുകാരുടെ കഥയിങ്ങനെ…

വിഷമം വരുമ്പോള്‍ ഒട്ടുമിക്ക ആളുകളും കരയും. എന്നാല്‍ വിഷമം വരാത്തപ്പോഴും കരയുന്ന ചിലരുണ്ട്. കാരണം മറ്റുള്ളവര്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് കരഞ്ഞാല്‍ കിട്ടുന്നത് കൈനിറയെ കാശാണ്. അതും മണിക്കൂറിന് 3500 രൂപ. മരണവീടുകളിലാണ് ഇവര്‍ കരയേണ്ടത്. ഈജിപ്ഷ്യന്‍, ചൈനീസ് സംസ്‌കാരങ്ങളുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഉത്ഭവിച്ച ജോലിയാണിത്.

ശവസംസ്‌കാരം നടക്കുന്ന വീടുകളില്‍ പോയി കരയുക എന്നതാണ് ഇവരുടെ ജോലി. ഇന്ന് ലോകത്ത് പല ഭാഗത്തും ഈ ജോലിയുണ്ട്. ചില രാജ്യങ്ങളില്‍ ഇതു വരുമാനമുണ്ടാക്കാനുള്ള മാര്‍ഗമാണ്. എന്നാല്‍ മിക്കയിടത്തും ഇത്തരം ആളുകള്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്.

ചടങ്ങിന് മുന്‍പ് ഇവര്‍ വീടുകളിലെത്തി ബന്ധുക്കളോടു സംസാരിച്ചു മരിച്ചയാളുടെ ജീവിതം മനസ്സിലാക്കും. ഇംഗ്ലണ്ടിലെ എസെക്സില്‍ ‘റെന്റ് എ മോണര്‍’ എന്ന കമ്പനി അപരിചിതരുടെ വീടുകളില്‍ എത്തി ബന്ധുക്കളെപ്പോലെ അഭിനയിച്ച്, മൃതദേഹത്തിനടുത്ത് പോയി വാവിട്ടു കരയാന്‍ ഇവര്‍ ആളുകളെ വാടകക്ക് നല്‍കും.

മണിക്കൂറില്‍ 45 യൂറോയാണു പ്രതിഫലം. അതായത്, ഏകദേശം 3500 രൂപ. ചൈനയിലാണെങ്കില്‍ പാട്ടും നൃത്തവും അഭിനയവുമൊക്കെയായി ഇവര്‍ മരണവീടിനെ ദുഖഃസാന്ദ്രമാക്കും. ഇന്ത്യയിലും ഇത്തരം ആളുകളുണ്ട്. രാജസ്ഥാനിലുള്ള ഇവരെ ‘രുദാലി’ എന്നാണ് അറിയപ്പെടുന്നത്. ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ട് രൂപംകൊണ്ട ആചാരമാണിത്. ഉയര്‍ന്ന ജാതിയിലുള്ള സ്ത്രീകള്‍ മരണവീടുകളില്‍ കരയുന്നത് മോശമായി കരുതിയിരുന്നു.

അത്തരം വീടുകളില്‍ മരണം നടന്നാല്‍ കരയാന്‍ രുദാലിമാരെത്തും. ഒരു പരിചയവുമില്ലാത്ത ആളാണു മരിച്ചുകിടക്കുന്നതെങ്കിലും ഇവര്‍ ഉറക്കെ കരയും. രുദാലികളുടെ ജീവിതം പ്രമേയമാക്കി അതേ പേരില്‍ 1993ല്‍ ഒരു ബോളിവുഡ് സിനിമയും ഇറങ്ങിയിട്ടുണ്ട്. ക്ലാസിക് ചിത്രങ്ങളിലൊന്നായിയാണ് ഈ സിനിമ വിലയിരുത്തപ്പെടുന്നത്.

Related posts

Leave a Comment