കുമരകം: കുമരകത്തെ പല റോഡുകളും കടത്തിണ്ണകളും ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും നായ്ക്കൂട്ടം സ്വന്തമാക്കിയതു പോലെ പാലങ്ങളും കൈയടക്കിത്തുടങ്ങി. ഭയപ്പെട്ടിട്ട് യാത്രക്കാർക്ക് പാലത്തിൽ കയറാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. ഗവ. ആശുപത്രി പാലം നായ്ക്കൾ താവളമാക്കിയതോടെ ആശുപത്രിയിലേക്ക് പോകുന്ന രോഗികൾ ബുദ്ധിമുട്ടിലായി.
ഈ പാലത്തിലൂടെ യാത്ര ചെയ്യുന്ന ഇടവട്ടത്തിന്റെ പടിഞ്ഞാറെ ചിറയിലും സമീപത്തെ തുരുത്തുകളിലുള്ളവരും നായ്ക്കൂട്ടങ്ങളെ ഭയന്നാണ് ഇതിലെ സഞ്ചരിക്കുന്നത്. ഇടവട്ടത്തുള്ള കട്ടികൾക്ക് ഈ പാലം കയറി വേണം സ്കൂളിലെത്താൻ. നായ്ക്കളെ ഭയന്ന് സ്കൂളിൽ പോകാൻ പല കുട്ടികളും മടിക്കുകയാണ്.
കുമരകം ആറ്റാമംഗലം പള്ളിക്കു സമീപത്തെ താത്കാലിക ബസ് സ്റ്റാൻഡ്, ചന്തക്കവല, മത്സ്യമാർക്കറ്റ്, കുമരകം ബസ്ബേ, അപ്സര ജംഗ്ഷൻ, ഗവ. ഹൈസ്കൂൾ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം നായ്ക്കൂട്ടങ്ങളുടെ വിളയാട്ടമാണ്. തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് കുമരകത്തിന്റെ വിനോദഞ്ചാരമേഖലയുടെ വളർച്ചയ്ക്കും ഗുണകരമല്ല.