അതുവരെ ഒരുമിച്ചുണ്ടായിരുന്നവര്‍ ആദ്യമെത്താന്‍ പരസ്പരം കയ്യേറ്റം തുടങ്ങി ! നാട്ടിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പറയുന്നത് ഇങ്ങനെ…

യുക്രൈനില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങള്‍ ഇന്നലെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ പറന്നിറങ്ങിയപ്പോള്‍ വിമാനത്താവളങ്ങളില്‍ കാത്തു നിന്നത് ആയിരങ്ങള്‍ ആയിരുന്നു.

തങ്ങളുടെ മക്കളെയും സഹോദരങ്ങളെയുമൊക്കെ നോക്കി മണിക്കൂറുകളും ദിവസങ്ങളും വരെ കാത്തിരുന്ന ബന്ധുക്കളുടെ മുന്നിലേക്കാണ് ഓപ്പറേഷന്‍ ഗംഗയുടെ വിമാനമെത്തിയത്.

ഉറ്റവരെ കണ്ട സന്തോഷത്തില്‍ ഏറെ നേരം ആലിംഗനം ചെയ്തും സങ്കടമെല്ലാം കരഞ്ഞ് തീര്‍ത്തും അവര്‍ പരിഭവം പങ്കുവച്ചു.

യുദ്ധസമയത്തെ യുക്രൈന്‍ നരകമായിരുന്നുവെന്നാണ് മടങ്ങിയെത്തിയ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്.

അതിര്‍ത്തി കടക്കാന്‍ തങ്ങളനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചും അതിര്‍ത്തിയില്‍ നേരിട്ട അവഗണനയെക്കുറിച്ചുമൊക്കെ ഭയത്തോടെയല്ലാതെ അവര്‍ക്ക് വിവരിക്കാനാവുന്നില്ല.

ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ശുഭാന്‍ഷു എന്ന മെഡിക്കല്‍ വിദ്യാര്‍ഥി പറഞ്ഞത് അതിര്‍ത്തി കടക്കാന്‍ നേരം അത്രയും നേരം ഒരുമിച്ചുണ്ടായിരുന്നവര്‍ വരെ ആദ്യമെത്താന്‍ പരസ്പരം കയ്യേറ്റം ചെയ്യാന്‍ തുടങ്ങിയിരുന്നുവെന്നാണ്.

പലരെയും അധികൃതര്‍ റൈഫിള്‍ കൊണ്ട് അടിയ്ക്കുകയും ചെയ്തിരുന്നുവത്രേ. അതിര്‍ത്തിയില്‍ കുട്ടികള്‍ ബോധംകെട്ട് വീഴുന്ന അവസരങ്ങളും ഉണ്ടായിരുന്നുവെന്ന് ശുഭാന്‍ഷു പറയുന്നു..

ശുഭാന്‍ഷുവിന്റെ വാക്കുകള്‍ ഇങ്ങനെ…ഞങ്ങള്‍ വിന്നിസിയയില്‍ നിന്നാണ് റൊമേനിയന്‍ അതിര്‍ത്തിയിലേക്ക് യാത്ര ചെയ്തത്.

തലസ്ഥാനനഗരമായ കീവില്‍ നിന്ന് 270 കിലോമീറ്റര്‍ അകലെയാണിത്. ദുര്‍ഘടം പിടിച്ചതായിരുന്നു യാത്ര. പന്ത്രണ്ട് കിലോമീറ്ററോളം നടന്നാണ് അതിര്‍ത്തിയിലെത്തിയത്.

അതിര്‍ത്തി കടക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. പലരും അധികൃതരുടെ കാല് പിടിച്ച് അതിര്‍ത്തി കടത്തണം എന്നൊക്കെ പറയുന്നുണ്ടായിരുന്നു.

ചില കുട്ടികള്‍ ബോധം കെട്ട് വീണു. ആദ്യം അതിര്‍ത്തി കടക്കാന്‍ അത്രയും നേരം ഒരുമിച്ചുണ്ടായിരുന്നവര്‍ പരസ്പരം കയ്യേറ്റം ചെയ്യുന്നത് വരെ കാണേണ്ടി വന്നു”.

അതിര്‍ത്തി സേനയുടെ പെരുമാറ്റവും മോശമായിരുന്നു. ചിലരെ അവര്‍ റൈഫിള്‍ കൊണ്ട് അടിച്ചു, ചിലരെ ചവിട്ടി വീഴ്ത്തി.

അവര്‍ക്ക് ഉക്രെയ്ന്‍ പൗരന്മാരെ എങ്ങനെയെങ്കിലും അതിര്‍ത്തി കടത്തിയാല്‍ മതിയായിരുന്നു. അതിനായി ഞങ്ങളെ തഴയുകയായിരുന്നു അവരുടെ ലക്ഷ്യം.

ആദ്യം യുക്രൈന്‍ പൗരന്മാരെയാണ് അവര്‍ കടത്തി വിട്ടത്. പിന്നീട് ഞങ്ങളെയും. അതിര്‍ത്തി കടന്ന് കിട്ടാന്‍ ഏറെ ബുദ്ധിമുട്ടി.

പക്ഷേ അതിര്‍ത്തി കടന്നതിന് ശേഷം ഒരു കാര്യത്തിനും ബുദ്ധിമുട്ടുണ്ടായില്ല. ഇന്ത്യന്‍ എംബസി വളരെ കാര്യമായാണ് പരിചരിച്ചത്.

ആവശ്യത്തിന് ഭക്ഷണവും വെള്ളവുമൊക്കെ എംബസി ഒരുക്കിയിട്ടുണ്ടായിരുന്നു. ചില സുഹൃത്തുക്കള്‍ ഇപ്പോഴും ഷെല്‍ട്ടറിലുണ്ട്.

ഫൈവ് സ്റ്റാര്‍ സൗകര്യമാണ് അവര്‍ക്കൊരുക്കിയിരിക്കുന്നത്. എന്നാല്‍ റൊമേനിയന്‍ അതിര്‍ത്തിയില്‍ സ്ഥിതി വളരെ പരിതാപകരമാണ്.ശുഭാന്‍ഷു പറഞ്ഞു.

ഉക്രെയ്നിലെ മറ്റൊരു വിദ്യാര്‍ഥിയായ സിമ്രാനും റൊമേനിയന്‍ അതിര്‍ത്തിയിലെ ഭീകരമായ അവസ്ഥയാണ് പങ്ക് വച്ചത്.

”അതികഠിനമായ തണുപ്പും വിശപ്പും ദാഹവുമൊക്കെ സഹിച്ചാണ് വിദ്യാര്‍ഥികള്‍ റൊമേനിയന്‍ അതിര്‍ത്തിയില്‍ കാത്ത് നില്‍ക്കുന്നത്. ഇവരുടെ അടുത്തേക്കെത്താന്‍ ഇന്ത്യന്‍ എംബസിക്ക് അനുവാദമില്ലെന്നാണ് വിവരം. അതിര്‍ത്തി കടന്നാല്‍ മാത്രമേ എംബസിയുടെ സഹായം കിട്ടൂ. അതിര്‍ത്തി കടക്കുക എന്നത് ദുഷ്‌കരമായ കാര്യമാണ്. മൈനസ് 12 ഡിഗ്രിയാണ് അവിടെ തണുപ്പ്.” സിമ്രാന്‍ വിവരിച്ചു.

ഏകദേശം 16000ത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഇനിയും യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെ നാട്ടിലെത്തിക്കാന്‍ 27 വിമാനങ്ങള്‍ അയയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കേന്ദ്രമന്ത്രിമാരെ യുക്രൈന്റെ അയല്‍രാജ്യങ്ങളിലേക്ക് അയച്ചിട്ടുമുണ്ട്.

Related posts

Leave a Comment