അമ്മ മരിച്ചതോടെ ആകെ കഷ്ടത്തിലായി ! ഭക്ഷണം പോലും നല്‍കാതെ വില്ലത്തിയായി രണ്ടാനമ്മ; ഒടുവില്‍ പെണ്‍കുട്ടിയ്ക്ക് രക്ഷകയായെത്തിയ ട്യൂഷന്‍ വിദ്യാര്‍ഥിയുടെ അമ്മ ചെയ്ത കാര്യം കണ്ട് കയ്യടിച്ച് സോഷ്യല്‍ മീഡിയ…

എല്ലാമെല്ലാമായ അമ്മ ഇഹലോകവാസം വെടിഞ്ഞു. പതിവു കഥകളെ അനുസ്മരിപ്പിക്കും വിധം രണ്ടാനമ്മയുടെ ക്രൂരപീഡനം. പിന്നീട് ദൈവം അയച്ചതുപോലെ ട്യൂഷന്‍ വിദ്യാര്‍ഥിയുടെ അമ്മയുടെ വരവ്. മുംബൈ സ്വദേശിനിയുടെ സിനിമയെ അനുസ്മരിപ്പിക്കുന്ന ജീവിതമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചാവിഷയം.

ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജില്‍ യുവതി പങ്കുവെച്ച സ്വന്തം ജീവിതകഥ ആരുടെയും കരളലിയിക്കുന്നതാണ്… തന്റെ ജീവിതത്തെക്കുറിച്ച് പെണ്‍കുട്ടി പറയുന്നതിങ്ങനെ… ”എനിക്ക് ഒന്‍പത് വയസ്സ് പ്രായമുള്ളപ്പോഴാണ് ഒരു അപകടത്തില്‍ എന്റെ അമ്മയ്ക്ക് ജീവന്‍ നഷ്ടപ്പെടുന്നത്.

അതുമായി പൊരുത്തപ്പെടുതിനു മുന്‍പായി തന്നെ അമ്മയുടെ മരണവുമായി ബന്ധപ്പെട്ട് അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.. ഒരു രാത്രി കൊണ്ട് എന്റെ ലോകം കീഴ്‌മേല്‍ മറിഞ്ഞു..

നിയമപരമായി എന്റെ സംരക്ഷണാവകാശം അമ്മായിയും അമ്മാവനും ആയിരുന്നു.. അവര്‍ക്കൊപ്പം അഞ്ചുവര്‍ഷം ഞാന്‍ കഴിഞ്ഞു.. അതിദാരുണമായിരുന്നു ആ കാലഘട്ടം.. എനിക്ക് സുഹൃത്തുക്കള്‍ ആരും ഉണ്ടായിരുന്നില്ല, ഒറ്റയ്ക്കായിരുന്നു.. നല്ലൊരു കുട്ടിക്കാലം പോലും എനിക്കില്ലായിരുന്നു..

എനിക്ക് പതിനഞ്ചു വയസ്സ് തികഞ്ഞു.. ആയിടയ്ക്കാണ് അച്ഛന്‍ ജയില്‍മോചിതനായി എത്തിയത്..അച്ഛന്റെ അടുത്തു ഇനി താമസിക്കാമല്ലോ എന്ന സന്തോഷത്തില്‍ ആയിരുന്നു ഞാന്‍.. അച്ഛന്‍ രണ്ടാമത് വിവാഹിതനാകാന്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ സന്തോഷത്തോടെ സമ്മതിച്ചു..

എല്ലാവരും ചേര്‍ന്ന് സന്തോഷകരമായ ഒരു ജീവിതം ഞാന്‍ സ്വപ്നം കണ്ടു. എന്നാല്‍ എന്റെ വിവാഹശേഷം രണ്ടാനമ്മ എന്നെ നോക്കേണ്ടത് അവരുടെ ഉത്തരവാദിത്വം അല്ലെന്ന് അച്ഛനോട് പറഞ്ഞു. അച്ഛനും അത് അംഗീകരിച്ചു. എന്നോട് വീട്ടില്‍ നിന്നും ഇറങ്ങാന്‍ അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അമ്മായിയുടെ അടുത്തേക്ക് മടങ്ങി പോകുവാന്‍ ഞാന്‍ തയ്യാറായിരുന്നില്ല..

അച്ഛന്റെ പ്രഖ്യാപനം എന്നെ മാനസികമായി തകര്‍ത്തെങ്കിലും അവിടെത്തന്നെ തുടരാനായിരുന്നു എന്റെ തീരുമാനം.. എന്നാല്‍ അച്ഛന്‍ കുറച്ചുകൂടെ കടുപ്പത്തില്‍ ഒരു തീരുമാനം എടുത്തു.. എനിക്ക് ഭക്ഷണം നല്‍കുന്നത് അവസാനിപ്പിച്ചു.

പണമോ തുണിയോ എനിക്ക് തന്നില്ല.. നിലനില്‍പ്പിനായി ഞാന്‍ ട്യൂഷന്‍ എടുക്കാന്‍ തീരുമാനിച്ചു. ഒരു കൂരയ്ക്കു താഴെ കഴിയുമ്പോഴും ഞാന്‍ മരിച്ചു പോയി എന്ന രീതിയിലാണ് അച്ഛന്‍ പെരുമാറിയിരുന്നത്.കുറച്ചുനാളുകള്‍ കഴിഞ്ഞപ്പോള്‍ രണ്ടാനമ്മ ഗര്‍ഭിണിയായി.

നിന്റെ നിഴല്‍ പോലും എന്റെ കുഞ്ഞിന്റെ ദേഹത്ത് പതിക്കുന്നത് എനിക്ക് ഇഷ്ടമല്ല എന്ന് അവര്‍ എന്നോട് പറഞ്ഞു.. അവര്‍ എന്നെ ഉപേക്ഷിച്ചു പോയി. ഞാന്‍ തകര്‍ന്നുപോയി. എന്നില്‍ കരുത്തൊന്നും അവശേഷിച്ചിരുന്നില്ല.

ഞാന്‍ ട്യൂഷന്‍ എടുത്തിരുന്ന ഒരു കുട്ടിയുടെ അമ്മയ്ക്ക് എന്റെ ജീവിതത്തില്‍ സംഭവിക്കുന്നതിനെക്കുറിച്ചെല്ലാം വ്യക്തമായി അറിയാമായിരുന്നു. അവര്‍ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. അവരായിരുന്നു എന്റെ മുന്നില്‍ ഉള്ള പ്രതീക്ഷയുടെ ഏക കിരണം. ഞാന്‍ അവര്‍ക്കൊപ്പം പോയി..

സ്വന്തം മകള്‍ എന്നപോലെ അവരെന്നെ നോക്കി. എനിക്ക് ഭക്ഷണവും വസ്ത്രവും ആവശ്യമായതെല്ലാം തന്നു. ഒന്നിച്ചിരുന്ന് ഒരു കുടുംബം പോലെയാണ് ഞങ്ങള്‍ ഭക്ഷണം കഴിച്ചിരുന്നത്. അത്തരമൊരു അനുഭവം എനിക്ക് ജീവിതത്തില്‍ ആദ്യമായിരുന്നു.

ഞാന്‍ നിയമപഠനത്തിനായി ചേര്‍ന്നപ്പോള്‍ എന്റെ ഫീസ് പോലും അടച്ചത് അവരാണ്. ഒരു കുടുംബം എന്നാല്‍ എങ്ങനെയാണെന്ന് ഞാന്‍ മനസ്സിലാക്കിയത് അവിടെനിന്നാണ്. അപരിചിതയായ ഒരാളില്‍ നിന്നും. ബിരുദ പഠനത്തിന് ശേഷം ഞാന്‍ ഒരു ജോലി കണ്ടെത്തി.

വര്‍ഷങ്ങള്‍ക്കുശേഷം ജീവിതത്തിന് ഒരു സ്ഥിരത കൈവന്നു എന്ന് എനിക്ക് തോന്നി. എന്റെ ഭൂതകാലത്തില്‍ നിന്നും മുന്നോട്ടു നടക്കാന്‍ അവര്‍ക്കൊപ്പം ഉള്ള ജീവിതം എന്നെ സഹായിച്ചു. ഏതൊരാള്‍ക്കും പ്രതീക്ഷയ്ക്ക് വകയുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കി.

അടുത്തകാലത്താണ് എന്റെ വിവാഹം കഴിഞ്ഞത്. എന്റെ വളര്‍ത്തമ്മയാണ് എന്റെ കന്യാദാനം നടത്തിയത്. വിവാഹത്തിന് അവര്‍ എനിക്ക് സ്വര്‍ണാഭരണങ്ങള്‍ വരെ സമ്മാനിച്ചു. എന്താണ് സന്തോഷം എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് രക്ഷിതാക്കള്‍ ചെയ്യേണ്ടുന്ന ചടങ്ങുകള്‍ എല്ലാം ചെയ്തത് അവരാണ്..

പലപ്പോഴും ജീവിതത്തില്‍ വളരെ നിസ്സാരമാണെന്ന് തോന്നുന്ന കാര്യങ്ങള്‍ക്ക് നാം വലിയ വില കല്‍പ്പിക്കില്ല. അത് എത്രത്തോളം മനസ്സില്‍ താലോലിക്കേണ്ടതാണ് എന്ന് നമുക്ക് മനസ്സിലാക്കാത്തത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.

എന്നെ സംബന്ധിച്ചിടത്തോളം അത് കുടുംബമായിരുന്നു.. എനിക്ക് അമ്മ ഉണ്ടായിരുന്നില്ല, അച്ഛനും. മാതാപിതാക്കളുടെ സ്‌നേഹം ആഗ്രഹിച്ചാണ് ജീവിതത്തില്‍ പകുതിയോളവും ഞാന്‍ ജീവിച്ചു തീര്‍ത്തത്.. എനിക്കത് കിട്ടുന്നുമുണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോള്‍ എനിക്ക് അതുണ്ട്..

രക്തബന്ധമില്ലാത്ത എന്നാല്‍ വിശുദ്ധമായ സ്‌നേഹമുള്ള ഒരു അമ്മയെ ഞാന്‍ കണ്ടെത്തി. എന്റെ ഇനിയുള്ള ജീവിത കാലം മുഴുവനും ഞാന്‍ അതിന് കടപ്പെട്ടിരിക്കും..” ഇതായിരുന്നു പെണ്‍കുട്ടിയുടെ അനുഭവകുറിപ്പ്. ഈ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

Related posts

Leave a Comment