തന്റെ കുഞ്ഞിനെ പാലൂട്ടാന്‍ കഴിയുന്നില്ലല്ലോയെന്നോര്‍ത്ത് ആ നേഴ്‌സ് പൊട്ടിക്കരയുകയായിരുന്നു; കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാരുടെ അവസ്ഥ വേദനാജനകം…

ലോകം മുഴുവന്‍ കോവിഡ് ഭീതിയില്‍ വിറങ്ങലിച്ചു കഴിയുകയാണ്. ഒട്ടുമിക്ക ആളുകളും വീട്ടില്‍ സുരക്ഷിതരായി കഴിയുമ്പോള്‍ ഇതിന് കഴിയാത്ത ചിലരുണ്ട്.

ആരോഗ്യപ്രവര്‍ത്തകരും പോലീസുമൊക്കെ നമുക്ക് വേണ്ടി അഹോരാത്രം പ്രയത്‌നിക്കുകയാണ്.

കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാരുടെ അവസ്ഥയാണ് ഇതില്‍ ഏറെ പരിതാപകരം.

പലര്‍ക്കും സമയത്ത് വീടുകളില്‍ എത്താനോ കുടുംബത്തോടൊപ്പം സമയം ചെലവിടാനോ സാധിക്കുന്നില്ല. എന്തിന് സ്വന്തം മക്കളെപ്പോലും കാണാന്‍ അവര്‍ക്ക് കഴിയുന്നില്ല.

ഇക്കൂട്ടത്തില്‍ മുലയൂട്ടുന്ന കുഞ്ഞുങ്ങളുള്ളവരുമുണ്ട്. എന്നാല്‍ കുഞ്ഞുങ്ങളെ കാണണമെങ്കില്‍ ലോക്ക് ഡൗണ്‍ പാലിച്ച് വീട്ടിലിരിക്കണമെന്നാണ് നഴ്‌സുമാര്‍ പറയുന്നത്. എന്നാല്‍ കര്‍മനിരതരായ അവര്‍ക്ക് അത് എങ്ങനെ സാധിക്കും.

നഴ്‌സുമാര്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് ഈ കുറിപ്പ് വന്നിരിക്കുന്നത്. ഒരു നേഴ്‌സ് തന്നെയാണ് ഈ കുറിപ്പെഴുതിയിരിക്കുന്നത്.

നഴ്സിന്റെ കുറിപ്പ് വായിക്കാം…

” എനിക്ക് കോവിഡ് വാര്‍ഡില്‍ ഡ്യൂട്ടിയുണ്ടെന്ന് അറിഞ്ഞപ്പോള്‍ത്തന്നെ മക്കളെ ഞാന്‍ സഹോദരിയുടെ വീട്ടിലേക്കാക്കിയിരുന്നു.

ഭര്‍ത്താവിനോട് ബൈ പറഞ്ഞ് പോകുമ്പോള്‍ ഒരിക്കലും കരുതിയില്ല, ഇനി ഇത്ര ദിവസങ്ങളോളം കാണാതിരിക്കേണ്ടി വരുമെന്ന്.

ഭര്‍ത്താവിനെ കണ്ടിട്ട് ഇന്നേക്ക് പത്തു ദിവസത്തോളമായി. അദ്ദേഹം എങ്ങനെയായിരിക്കും കാര്യങ്ങളെല്ലാം നടത്തിക്കൊണ്ടു പോകുന്നതെന്ന് ശരിക്കും അറിയില്ല.

ഇതു ശരിക്കും കഠിനമായ സമയമാണ്. ഓരോ ദിവസവും ഒരുപാടു രോഗികളെ പരിചരിക്കുന്നുണ്ട്, അതും മുഖത്ത് നിറപുഞ്ചിരിയോടെ. പക്ഷേ ചിലപ്പോഴൊക്കെ നിരാശപ്പെടുന്ന അനുഭവങ്ങള്‍ ഉണ്ടാവാറുണ്ട്.

ഒരുദിവസം ഒരു റെസ്റ്റോറന്റിലെ ഷെഫായ രോഗിക്ക് ഭക്ഷണം കൊടുത്തപ്പോള്‍ നിങ്ങളുടെ പാചകക്കാരന് ഭക്ഷണം വെക്കാനറിയില്ലേയെന്നും ഇതെന്താണ് ഉണ്ടാക്കി വച്ചിരിക്കുന്നതെന്നും ചോദിച്ച് വലിച്ചെറിഞ്ഞു.

എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. ശരിയാണ് ഞങ്ങള്‍ ഫൈവ്സ്റ്റാര്‍ ഭക്ഷണമൊന്നും നല്‍കുന്നില്ലായിരിക്കാം, പക്ഷേ ഞങ്ങളുടെ പരമാവധി ചെയ്യുന്നുണ്ട്.

അതിനെ നന്ദിയോടെ സമീപിക്കുന്നവരുമുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് തലവേദനയുമായി വന്ന പ്രായമായൊരാളെ കൗണ്‍സിലിങ് ചെയ്യുകയായിരുന്നു.

അദ്ദേഹത്തിന്റെ ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവ് ആയിട്ടു പോലും വൈറസ് ബാധയേറ്റോ എന്ന ഭയത്തിലായിരുന്നു. അദ്ദേഹത്തോടൊപ്പമിരുന്ന് ശാന്തമായി സമ്മര്‍ദം കൊണ്ടാണ് തലവേദന വന്നതെന്ന് പറഞ്ഞു മനസ്സിലാക്കി. അദ്ദേഹത്തിന് കൂടെ നിന്നതിന് ഒരുപാടു നന്ദി പറഞ്ഞു.

എല്ലാ നഴ്‌സുമാരും ദിവസവും ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്. ഇപ്പോള്‍ ഞങ്ങളുടെ കുടുംബത്തെയൊക്കെ കണ്ടിട്ട് നാളുകളേറെയായി.

ഉച്ചഭക്ഷണത്തിന് ഒത്തുകൂടുമ്പോഴാണ് ഞങ്ങള്‍ പരസ്പരം ആശ്വസിപ്പിക്കുക. ഇന്നലെ ആ സമയത്ത് ഒരു നഴ്‌സ് കരയുകയായിരുന്നു, തന്റെ കുഞ്ഞിനെ പാലൂട്ടാന്‍ കഴിയുന്നില്ലല്ലോയെന്നോര്‍ത്ത്. കുടുംബത്തെ മിസ് ചെയ്താലും ഞങ്ങള്‍ കരുത്തരായിരിക്കണം.

അവസാനമായി ഞാന്‍ വീട്ടിലേക്കു പോയസമയത്ത് അയല്‍പക്കത്തുള്ളവരെല്ലാം കൈയടികളോടെയാണ് സ്വീകരിച്ചത്.

പക്ഷേ എന്റെ ഒരു സഹപ്രവര്‍ത്തകന് അവന്റെ നാട്ടിലേക്കു പോകാന്‍ കഴിഞ്ഞില്ല. വൈറസ് ബാധയേറ്റിട്ടുണ്ടാവുമോ എന്ന് ഭയന്ന് നാട്ടുകാര്‍ അവനെ തടഞ്ഞു.

അതൊക്കെ കാണുമ്പോള്‍ ഒരു നന്ദിയില്ലാത്ത ജോലി ചെയ്യുന്നതു പോലെ തോന്നും.

സത്യം പറഞ്ഞാല്‍ എനിക്കെന്റെ മക്കളെ ഒന്ന് മുറുക്കെ കെട്ടിപ്പിടിക്കണമെന്നുണ്ട്, അവരെ വീഡിയോ കോളിലൂടെ മാത്രമാണ് ഇപ്പോള്‍ കാണുന്നത്.

എനിക്കറിയാം അവര്‍ ഭയത്തിലാണെന്ന്. എനിക്ക് അവരെ കാണണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ ഓരോരുത്തരും വീട്ടിലിരിക്കണം… ദയവുചെയ്ത്….”

https://www.facebook.com/humansofbombay/posts/1369139986628308

Related posts

Leave a Comment