ന്യൂഡൽഹി: ഗർഭസ്ഥശിശുവിനും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി. 27 ആഴ്ച പ്രായമുള്ള ഗർഭം അവസാനിപ്പിക്കാൻ അനുമതി തേടി സമർപ്പിച്ച ഹർജി തള്ളിയാണു സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഗർഭം അലസിപ്പിക്കാൻ അനുമതി നിഷേധിച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് 20 വയസുകാരിയായ അവിവാഹിത സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. ഗർഭാവസ്ഥയിലെ കുഞ്ഞിന് ജീവിക്കാനുള്ള അവകാശമുണ്ടെന്നും നിയമവിരുദ്ധമായ ഒന്നും ചെയ്യാൻ തങ്ങൾക്കാകില്ലെന്നും കോടതി വ്യതമാക്കി.
മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ടിൽ അമ്മയെക്കുറിച്ചു മാത്രമാണു പറയുന്നതെന്ന് ഹർജിക്കാരിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞെങ്കിലും കുട്ടിക്കും ജീവിക്കാൻ മൗലികാവകാശമുണ്ടെന്ന് കോടതി പറഞ്ഞു.
ഇപ്പോൾ ഗർഭാവസ്ഥയിൽ കുഞ്ഞിന് ഏഴു മാസം പ്രായമുണ്ട്. നിലവിലെ സാഹചര്യത്തിൽ കുഞ്ഞിനും അമ്മയ്ക്കും ശാരീരികമായ അപകടം ഒന്നുമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച കോടതി കണ്ടെത്തി. അതിനാൽ ഗർഭഛിദ്രം അനുവദിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
ബലാത്സംഗത്തിനിരയായ 14 വയസുള്ള പെണ്‍കുട്ടിക്ക് കഴിഞ്ഞമാസം ഗർഭഛിദ്രത്തിന് അനുമതി നൽകിയ സുപ്രീംകോടതി വിധി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയിരുന്നു.