കള്ളപ്പണം ഇല്ലേയില്ല ! കോണ്‍സല്‍ ജനറല്‍ കിട്ടിയതിന്റെ ഒരു പങ്ക് നല്‍കി; സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലും ഞെട്ടിക്കുന്നത്…

തന്റെ ബാങ്ക് ലോക്കറില്‍ കണ്ടെത്തിയത് യുഎഇ കോണ്‍സല്‍ ജനറല്‍ തനിക്ക് സമ്മാനമായി നല്‍കിയ തുകയെന്ന് സ്വപ്ന കോടതിയില്‍. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിച്ച കമ്പനി, കോണ്‍സല്‍ ജനറലിന് കമ്മിഷന്‍ നല്‍കിയിരുന്നു.

ഇതിന്റെ ഒരു വിഹിതം തനിക്ക് സമ്മാനമായി ലഭിക്കുകയായിരുന്നെന്നും സ്വപ്ന കോടതിയില്‍ പറഞ്ഞു. സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയില്‍ വാദം പുരോഗമിക്കുന്നതിനിടെയാണ് അഭിഭാഷകന്‍ വഴി സ്വപ്ന ഇക്കാര്യം കോടതിയെ അറിയിച്ചത്.

ലോക്കറില്‍ കണ്ടത് കള്ളപ്പണമല്ലാത്തതിനാല്‍ കള്ളപ്പണം വെളുപ്പിക്കലിന്റെ പേരില്‍ ഇഡി രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ല എന്ന വാദമാണ് സ്വപ്‌നയുടെ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ ഉയര്‍ത്തിയത്.

കള്ളപ്പണമല്ലെങ്കില്‍ പിന്നെ എന്തിന് ലോക്കറില്‍ സൂക്ഷിച്ചെന്ന് കോടതി തിരിച്ചു ചോദിച്ചപ്പോള്‍ നിയമപരമായി പണം ലോക്കറില്‍ വയ്ക്കുന്നതിന് തടസമില്ലെന്നായിരുന്നു അഭിഭാഷകന്റെ മറുപടി. എന്നാല്‍ യൂണിടാക് എന്ന കമ്പനി ഉദ്യോഗസ്ഥരോട് യുഎഇ കോണ്‍സല്‍ ജനറല്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കാണാന്‍ ആവശ്യപ്പെട്ടെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.

ഇക്കാര്യം പ്രതിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുള്ള സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടില്ലെന്ന വാദമാണ് അഭിഭാഷകന്‍ ഉയര്‍ത്തിയത്. യുഎഇയിലേക്ക് വീസ അറ്റസ്റ്റ് ചെയ്യാന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്ന സ്ഥാപനത്തിന് കരാര്‍ നല്‍കിയതു വഴി ലഭിച്ച കമ്മിഷന്‍ തുക ഉള്‍പ്പടെ വലിയ തുക തന്റെ കൈവശം ഉണ്ടായിരുന്നതായി സ്വപ്ന അവകാശപ്പെട്ടു.

19ാം വയസ് മുതല്‍ താന്‍ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ പണം താന്‍ സമ്പാദിച്ചതാണ്. ലോക്കറില്‍ കണ്ടെത്തിയ സ്വര്‍ണം വിവാഹ സമ്മാനമായി ലഭിച്ചതാണെന്നും സ്വപ്ന വാദിച്ചു. എന്നാല്‍ ഇത് വസ്തുതാ വിരുദ്ധമാണെന്ന് ഇഡി അറിയിച്ചു.

സ്വപ്നയ്ക്ക് ഉയര്‍ന്ന അളവില്‍ സ്വര്‍ണം വിവാഹസമ്മാനമായി നല്‍കുന്നതിനുള്ള സാഹചര്യം അവരുടെ കുടുംബത്തിന് ഉണ്ടായിരുന്നില്ലെന്നാണ് വ്യക്തമായതെന്നും ഇഡി കോടതിയില്‍ ബോധിപ്പിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുന്നത്.

Related posts

Leave a Comment