വൈക്കം: വേമ്പനാട്ട് കായലിൽ ഒമ്പത് കിലോമീറ്റർ കുറുകെ നീന്താനൊരുങ്ങി 63കാരി. കോതമംഗലം വരാപ്പെട്ടി മോളേൽ റുബി മത്തായിയാണ് ഇന്നു രാവിലെ വേമ്പനാട്ടുകായൽ നീന്തി കീഴടക്കാനെത്തുന്നത്. ചേർത്തല കുമ്പേൽകടവിൽന്ന് കോട്ടയം ജില്ലയിലെ വൈക്കം കായലോര ബീച്ച് വരെയുള്ള ഒമ്പത് കിലോമീറ്റർ ദൂരമാണ് ഇവർ നീന്തുന്നത്.
കായലിലെ വീതിയേറിയ ഭാഗത്തെ ഒമ്പത് കിലോമീറ്റർ ദൂരം നീന്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയാണ് റുബിയെന്ന് സംഘാടകർ പറയുന്നു. ചുരുങ്ങിയ കാലയളവിനുള്ളിൽ നീന്തലിൽ മികവ് കാണിച്ച റുബിയെ കോതമംഗലം ഡോൾഫിൻ അക്വാട്ടിക് പരിശീലകൻ ബിജു തങ്കപ്പനാണ് നീന്തലിൽ പരിശീലനം നൽകിയത്. കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിലാണ് റുബി പരിശീലനം നടത്തിയത്.
