കൊച്ചി: സംസ്ഥാനത്ത് ഓപ്പറേഷന് ഡി-ഡാഡ് സെന്ററുകളില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 2,309 കേസുകള്‍. 2023 ജനുവരി ഒന്നുമുതല്‍ 2026 ജനുവരി 19 വരെയുള്ള സംസ്ഥാന ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്കുകളാണ് ഇത് സൂചിപ്പിക്കുന്നത്.
ഇന്ന് കുട്ടികളിലും യുവാക്കളിലും കണ്ടുവരുന്ന ഡിജിറ്റല്‍ ആസക്തിയില്‍ നിന്ന് മോചനം നല്‍കാനായി കേരള പോലീസ് തുടങ്ങിയതാണ് ഡിജിറ്റല്‍ ഡി- അഡിക്ഷന് സെന്ററുകള്‍ (ഡി- ഡാഡ് സെന്ററുകള്‍).
ഡിജിറ്റല്‍- ഇ ഉപകരണങ്ങളുടെ അമിത ഉപഭോഗം നിയന്ത്രിച്ച് സുരക്ഷിതവും ഉത്തരവാദിത്വവുമുള്ള ഓണ്‍ലൈന്‍ ശീലങ്ങള്‍ രൂപപ്പെടുത്തുക എന്നതാണ് ഡി- ഡാഡ് സെന്ററുകളുടെ ലക്ഷ്യം. സംസ്ഥാനത്തെ ആറ് നഗരങ്ങളില്‍ ആരംഭിച്ച ഡി ഡാഡ് സെന്ററുകള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ എട്ട് ജില്ലകളിലേക്കു കൂടി വ്യാപിപ്പിച്ചിട്ടുണ്ട്.
നിലവില്‍ തുടരുന്ന കേസുകളുടെ എണ്ണം 654 ആണ്. കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി 315 കേസുകള്‍ റഫര്‍ ചെയ്യുകയുണ്ടായി. 1,306 കേസുകളില്‍ തീര്‍പ്പായി. 34 കേസുകള്‍ ഇടയ്ക്കുവച്ച് നിര്‍ത്തുകയുണ്ടായി.

ഡി ഡാഡ് സെന്ററുകളില്‍ എത്തിയ കേസുകളില്‍ കൂടുതല്‍ കൊല്ലം ജില്ലയില്‍ നിന്നാണ്. ഇവിടെ നിന്ന് 591 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 381 കേസുകളുമായി തൃശുര് രണ്ടാം സ്ഥാനത്തും 345 കേസുകളുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമുണ്ട്. ഡിജിറ്റല്‍ ആസക്തിയുമായി ബന്ധപ്പെട്ട് എറണാകുളത്ത് നിന്ന് 300 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.
- സീമ മോഹന്‍ലാല്‍
