കോട്ടയം: കേരള മനഃസാക്ഷിയെ നടുക്കിയ കോട്ടയം സര്‍ക്കാര്‍ നഴ്സിംഗ് കോളജ് ഹോസ്റ്റല്‍ റാഗിംഗ് കേസിന് ഒരു വര്‍ഷമാകുന്നു.ജൂണിയര്‍ വിദ്യാര്‍ഥികളെ നാലു മാസത്തോളം നീചവും പ്രാകൃതവുമായ ക്രൂരമര്ദനങ്ങള്ക്കിരയാക്കിയ കേസില്‍ പ്രതികളുടെ വിചാരണ ഉടന്‍ ഏറ്റുമാനൂര്‍ കോടതിയില്‍ ആരംഭിക്കും.2024 നവംബര്‍ മുതല്‍ വിവിധ ഹോസ്റ്റല്‍ മുറികളില്‍ ആരംഭിച്ച മര്‍ദനമുറകള്‍ സഹിക്കാനാവാതെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 11നാണ് ഇരകളിലൊരാള്‍ കോളജ് അധികാരികള്‍ക്ക് പരാതി നല്കിയതും ഗാന്ധിനഗര്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തതും.
എസ്എഫ്ഐ, സിപിഎം അംഗങ്ങളും ഭാരവാഹികളും പാര്‍ട്ടി ഗുണ്ടകളുമാണ് അഞ്ചു പ്രതികളും. കേരള ഗവ. സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി മലപ്പുറം വണ്ടൂര്‍ കരുമാറപ്പറ്റ കെ.പി. രാഹുല്‍ രാജ് (22), മൂന്നിലവ് വാളകം കീരിപ്ലാക്കല്‍ സാമുവല്‍ ജോണ്സണ് (20), വയനാട് നടവയലില്‍ പുല്‍പ്പള്ളി ഞാവലത്ത് എന്‍.എസ്. ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി സി. റിജില്‍ ജിത്ത് (20), കോരുത്തോട് മടുക്ക നെടുങ്ങാട്ട് എന്‍.വി. വിവേക് (21) എന്നിവരാണ് പ്രതികള്‍.
സിപിഎം നേതാക്കളുടെ ഇടപെടലിലാണ് ഇവരില്‍ പലര്‍ക്കും നഴ്സിംഗ് അഡ്മിഷന് ലഭിച്ചത്. മദ്യവും കഞ്ചാവും മയക്കുമരുന്നും വാങ്ങാന്‍ ജൂണിയര്‍ വിദ്യാര്‍ഥികള്‍ പണം നല്‍കാത്ത ദിവസങ്ങളിലായിരുന്നു രാവു വെളുക്കുവോളം ആക്രമണ മുറകള്‍.നഗ്നരാക്കി കിടത്തി കോമ്പസിനും കത്തിക്കും ശരീരം കീറുക, മുറിവില്‍ ലോഷന്‍ ഒഴിക്കുക, സ്വകാര്യ ഭാഗത്ത് വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബല്‍ കെട്ടിത്തൂക്കുക തുടങ്ങിയ കൃത്യങ്ങള്‍ക്ക് ഇരകളായവര്‍ വേദനകൊണ്ട് പുളഞ്ഞപ്പോള്‍ പ്രതികള്‍ കൈകൊട്ടി ആനന്ദിച്ചതായാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ആയുധം ഉപയോഗിച്ചുള്ള ദേഹോപദ്രവം, ഭീഷണിപ്പെടുത്തി പണം അപഹരിക്കല്‍ എന്നിവയും റാഗിംഗ് നിരോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് കേസ്.
അറസ്റ്റിലായതിന് പിന്നാലെ പ്രതികളെ കോളജില്‍നിന്നും തുടര്‍ പഠനത്തില്‍നിന്നും പുറത്താക്കിയിരുന്നു.
