സിബി മാത്യൂസിനും ജേക്കബ് തോമസിനും പിന്നാലെ ടി.പി സെന്‍കുമാറിന്റെയും ആത്മകഥ വരുന്നു ? തനിക്കു പാരപണിതവരെക്കുറിച്ച് ആത്മകഥയില്‍ പരാമര്‍ശമുണ്ടെന്നു സൂചന

senkumarകേരളാ പോലീസ് മേധാവി ടി. പി സെന്‍കുമാര്‍ ആത്മകഥയെഴുതുന്നതായി സൂചന. പോലീസ് സേനയിലെ കറകളഞ്ഞ ഇമേജുള്ള ഉദ്യോഗസ്ഥനായ സെന്‍കുമാറിന്റെ ആത്മകഥയില്‍ പലതും വെട്ടിത്തുറന്നു പറയുമെന്നാണ് കരുതപ്പെടുന്നത്. മുമ്പ് ഡിജിപിയായിരുന്ന സിബി മാത്യൂസും ഡിജിപി ജേക്കബ് തോമസും ആത്മകഥ പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സെന്‍ കുമാറും ആത്മകഥയെഴുതുന്നു എന്ന വിവരം പുറത്തു വന്നത്. ജേക്കബ് തോമസിനെ പോലെ വാര്‍ത്ത സൃഷ്ടിക്കാന്‍ താത്പര്യമോ തച്ചങ്കരിയെ പോലെ അഴിമതി ആരോപണം കേള്‍പ്പിക്കുകയോ ചെയ്യാത്ത സെന്‍കുമാറിന്റെ സര്‍വീസ് കാലാവധിയില്‍, അദ്ദേഹം കൃത്യനിര്‍വഹണശേഷിയില്ലാത്തവനാണെന്നു പറഞ്ഞത് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രം.

അച്ചുതാനന്ദനെയും ഉമ്മന്‍ ചാണ്ടിയെയും പോലുള്ള മുഖ്യ മന്ത്രിമാര്‍ക്ക് സെന്‍കുമാര്‍ പ്രിയപ്പെട്ടവനായിരുന്നു. അവര്‍ അധികാരത്തിലുണ്ടായിരുന്ന കാലഘട്ടങ്ങളിലെല്ലാം സെന്‍ കുമാറിന് തന്ത്രപ്രധാനമായ സ്ഥാനങ്ങള്‍ നല്‍കിയിരുന്നു. കെഎസ്ആര്‍ടിസിയെ ലാഭത്തിലേക്ക് കൊണ്ടുവന്നത് സെന്‍കുമാറാണ്. മുമ്പ് സിപിഎം അനുഭാവിയായി അറിയപ്പെട്ടിരുന്ന സെന്‍കുമാര്‍ പിന്നീട് യുഡിഎഫ് സര്‍ക്കാരിന്റെ വിശ്വസ്തനായി മാറി. എന്നിട്ടും സര്‍വീസ് കാലയളവില്‍ കളങ്കമുണ്ടാക്കിയിട്ടില്ല.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസാണ് സെന്‍കുമാറിനെ സിപിഎമ്മിന്റെ ബദ്ധ ശത്രുവാക്കിയത്. അന്ന് അദ്ദേഹം രഹസ്യാന്വേഷണ വിഭാഗം മേധാവിയായിരുന്നു. ടി.പി.കേസില്‍ സിപിഎം സംസ്ഥാന നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന വിവരം പുറത്തറിയിച്ചത് ടി.പി.സെന്‍കുമാറിന്റെ ഇടപെടലുകളാണ്. ചില സിപിഎം സംസ്ഥാന നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയെന്ന് ആരോപണം ഉയര്‍ന്നതോടെ അദ്ദേഹം സിപിഎമ്മിന്റെ നോട്ടപ്പുള്ളിയായി.യുഡിഎഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം തികച്ചെങ്കില്‍ അതിന്റെ ക്രെഡിറ്റ് സെന്‍കുമാറിനായിരുന്നു.

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തിയ ഓരോ ശ്രമങ്ങളും അദ്ദേഹം പൊളിച്ചടുക്കി. ഫോണ്‍ റെക്കോര്‍ഡിംഗ് സെന്‍കുമാറിന് ഹരമാണെന്ന് അന്ന് പരക്കെ ആരോപണമുയര്‍ന്നിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല വരെ തന്റെ ഫോണ്‍ ടേപ്പ് ചെയ്യുന്നതായി ആരോപണം ഉന്നയിച്ചിരുന്നു.എന്നാല്‍ ഇതെല്ലാം അതാത് കാലത്തെ ഭരണാധികാരികളുടെ നിര്‍ദ്ദേശ പ്രകാരം ആയിരിക്കണം.ഇന്റലിജന്‍സ് മേധാവിക്ക് സ്വന്തം ഇഷ്ടപ്രകാരം ആരുടെയും ഫോണ്‍ ചേര്‍ത്താനാവില്ല. ഇപ്പോള്‍ തച്ചങ്കരി വിവാദത്തിലൂടെ വീണ്ടും സെന്‍കുമാര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. ജൂണ്‍ 30 ന് വിരമിക്കുമ്പോള്‍ പുസ്തകം കൂടി പുറത്തു വന്നാല്‍ അത് വലിയ സംഭവമായി തീരും. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള പലര്‍ക്കും ഉള്‍ക്കിടിലമുണ്ടാക്കുന്നതായിരിക്കും ആ ആത്മകഥ. ഇനി പുസ്തകം നിരോധിച്ചേക്കാമെന്നു വച്ചാല്‍ അതു പുതിയ വിവാദത്തിനു വഴി കൊളുത്തുകയും ചെയ്യും.

Related posts