വനിതാ ട്വന്‍റി-20 ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്ത്

ആന്‍റിഗ്വ: വനിതാ ട്വന്‍റി-20 ലോകകപ്പിൽ ഇന്ത്യ പടിക്കൽ കലമുടച്ചു. സെമിൽ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ കപ്പുയർത്താനുള്ള മോഹം വീണ്ടും ബാക്കിയാക്കി നീലപ്പട പുറത്തായി.

സെമിയിൽ ഇന്ത്യയെ എട്ടു വിക്കറ്റിനു തകർത്ത ഇംഗ്ലണ്ട് ഫൈനലിൽ പ്രവേശിച്ചു. ഇന്ത്യയുർത്തിയ താരതമ്യേന ചെറിയ ലക്ഷ്യമായ 113 റൺസ് 17.1 ഓവറിൽ ഇംഗ്ലണ്ട് മറികടന്നു. ഫൈനലിൽ ഓസ്ട്രേലിയ‌യാണ് ഇംഗ്ലണ്ടിന്‍റെ എതിരാളികൾ. സ്കോർ: ഇന്ത്യ – 112 (ഓൾഔട്ട്, 19.3 ഓവർ); ഇംഗ്ലണ്ട് – 116/2

ഇംഗ്ലീഷ് സ്കോർ ബോർഡിൽ നാല് റൺസ് മാത്രമുള്ളപ്പോൽ ഒരു റണ്‍സെടുത്ത ബ്യൂമോണ്ടിനെയും 24ലെത്തിയപ്പോൾ എട്ട് റണ്‍സെടുത്ത വ്യാട്ടിനെയും തിരിച്ചയച്ചപ്പോൾ നീലപ്പടയുടെ ഫൈനൽ സ്വപ്നങ്ങൾക്ക് ചിറക് മുളച്ചതാണ്. എന്നാൽ ആ ചിറക് 53 റൺസെടുത്ത ആമി ജോണ്‍സും 52 റൺസെടുത്ത നതാലി ഷെവറും നിഷ്കരുണം അരിഞ്ഞു.

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെ ഇന്ത്യൻ ബാറ്റിംഗ് നിര താളം കണ്ടെത്താനാവാതെ ഉഴറി. ഒടുവിൽ 112ല്‍ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു. സ്മൃതി മന്ഥാന (34 )യും റോഡ്രിഗസു (26) മാണ് ഇന്ത്യൻ നിരയിൽ അൽപമെങ്കിലും പിടിച്ചു നിന്നത്. അവസാന 23 റൺസ് എടുക്കുന്നതിനിടെ എട്ട് ഇന്ത്യൻ താരങ്ങളാണ് ക്രീസിൽ സന്ദർശനം നടത്തി മിന്നൽ വേഗത്തിൽ തിരികെ മടങ്ങിയത്.

Related posts