ഇന്ത്യയില്‍ നിന്ന് കൊറോണ ‘ബാധ’ ഒഴിയുന്നു ! വുഹാനില്‍ നിന്നെത്തിയ എല്ലാവരെയും വീടുകളിലേക്ക് അയച്ചു; ഇനി പേടിക്കാനില്ലെന്ന് ഐടിബിപി

കൊറോണ വൈറസായ കോവിഡ് 19 ബാധയുടെ ഭീതി ഇന്ത്യയില്‍ നിന്ന് ഒഴിയുന്നതായി സൂചന. വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ നിന്നും രക്ഷിച്ചുകൊണ്ടുവന്ന അവസാനത്തെ സംഘത്തേയും വീടുകളിലേക്ക് തിരിച്ചയച്ചു. നിരീക്ഷണത്തിനും ശേഷം ആര്‍ക്കും രോഗലക്ഷണങ്ങള്‍ കാണാതായതോടെയാണ് എല്ലാവരെയും തിരിച്ചയച്ചത്. ഡല്‍ഹിയിലെ ഐടിബിപി കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞവരില്‍ അവസാനസംഘമാണ് ഇപ്പോള്‍ മടങ്ങിയിരിക്കുന്നത്. ആറംഗകുടുംബത്തെ ബുധനാഴ്ച രാവിലെയോടെ കേന്ദ്രത്തില്‍ നിന്നും മടക്കി അയച്ചെന്ന് ഐടിബിപി വക്താവ് വിവേക് കുമാര്‍ പാണ്ഡെ പറഞ്ഞു. വിവിധഘട്ടങ്ങളിലായി നടന്ന പരിശോധനകളില്‍ രോഗമില്ലെന്നുറപ്പാക്കിയതോടെയാണ് ആകെയുണ്ടായിരുന്ന 406 പേരെയും വീടുകളിലേക്കു പോകാന്‍ അനുവദിച്ചത്. തിങ്കളാഴ്ചയാണ് ആദ്യസംഘം കേന്ദ്രം വിട്ടത്. ഫെബ്രുവരി ഒന്നിനും രണ്ടിനുമായി 650 പേരെയാണ് വുഹാനില്‍നിന്ന് ഇന്ത്യയിലെത്തിച്ചത്. 406 പേരെ ഐടിബിപി കേന്ദ്രത്തിലും ബാക്കിയുള്ളവരെ ഹരിയാനയിലെ മനേസറിലുള്ള സൈനികകേന്ദ്രത്തിലുമാണ് പാര്‍പ്പിച്ചത്. ഇന്ത്യയില്‍ നിന്ന് കൊറോണ ബാധയൊഴിയുന്നു എന്ന വാര്‍ത്ത ജനങ്ങള്‍ക്കും സര്‍ക്കാരിനും ഒരുപോലെ ആശ്വസകരമാണ്.

Read More