കോഴിക്കോട്: സംസ്ഥാനത്തേക്കു മയക്കുമരുന്ന് എത്തിക്കാന്‍ വിദേശവിദ്യാർഥികളും സജീവം. എംഡിഎംഎ വിൽപനയുമായി ബന്ധപ്പെട്ട് ടാന്‍സാനിയയില്‍നിന്നുള്ള രണ്ടു വിദ്യാർഥികളെ ഇന്നലെ കോഴിക്കോട് കുന്നമംഗലം പോലീസ് പിടികൂടി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മൊത്തമായി മയക്കുമരുന്ന് എത്തിക്കുന്ന അന്താരാഷ്ട്ര ലഹരിമാഫിയ സംഘത്തിലെ കണ്ണികളാണ് ഇവര്‍.
കേരളത്തിലേക്ക് എംഡിഎംഎ എത്തിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് അന്വേഷണം നടത്തുന്പോഴാണ് ടാന്‍സാനിയക്കാരുടെ പങ്ക് വെളിപ്പെട്ടത്. പഞ്ചാബില്‍നിന്നാണ് ഇവര്‍ അറസ്റ്റിലായത്. കോടിക്കണക്കിനു രൂപയുടെ ഇടപാടാണ് കേരളത്തില്‍ ഇവര്‍ നടത്തിയിട്ടുള്ളതെന്ന് പോലീസ് കണ്ടെത്തി.
ടാന്‍സാനിയന്‍ സ്വദേശികളായ കിലേകാമജംഗ ഡേവിഡ് എന്റമി (25), മ്യോങ്ങ അത്ക ഹറുണ (21) എന്നിവരാണ് അറസ്റ്റിലായത്. ടാന്‍സാനിയയില്‍ സാമ്പത്തികമായി ഇയര്‍ന്ന കുടുംബത്തിലെ അംഗങ്ങളാണ് ഇവര്‍. അത്കയുടെ പിതാവ് ന്യായാധിപനാണ്. പഞ്ചാബിലെ ലൗലി പ്രഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ കംപ്യൂട്ടര്‍ സയന്‍സ്, ബിബിഎ വിദ്യാര്‍ഥികളാണ് ഇവര്‍. രണ്ടുവര്‍ഷം മുമ്പാണ് പ്രഫഷണല്‍ വിദ്യാഭ്യാസത്തിനായി രാജ്യത്തെത്തിയത്. കേരളമാണ് ഇവരുടെ പ്രധാന വില്‍പ്പനകേന്ദ്രം. ഇവിടെനിന്നു മയക്കുമരുന്ന് വിറ്റുകിട്ടുന്ന പണം ആഡംബരജീവിതത്തിനായാണു ചെലവഴിക്കുന്നത്.
ജനുവരി 21ന് കാരന്തൂരില്വച്ച് 227 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ കുന്നമംഗലം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ കാസര്‍ഗോഡ് സ്വദേശി മഞ്ചേശ്വരം ബായാര്‍പദവ് ഹൗസില്‍ ഇബ്രാഹിം മുസമില്‍, കോഴിക്കോട് സ്വദേശി വെള്ളിപറമ്പ് ഉമ്മളത്തൂര്‍ ശിവഗംഗയില്‍ അഭിനവ് എന്നിവരെ തെളിവെടുപ്പിനു കൊണ്ടുപോയപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ പിടിയിലായത്.
ഫെബ്രുവരി നാലിനാണ് തെളിവെടുപ്പിനായി ഇവരെ ബംഗളൂരുവില്‍ കൊണ്ടുപോയത്. തെളിവെടുപ്പിനിടെ പ്രതികള്‍ താമസിച്ച ലോഡ്ജില്‍ പരിശോധന നടത്തിയതില്‍ അന്നേ ദിവസം ഇവരുടെ കടെയുണ്ടായിരുന്ന കൂട്ടുപ്രതികളെക്കുറിച്ച് വിവരം ലഭിച്ചു. മൂന്നാം പ്രതി മുഹമ്മദ് ഫാമില്‍ ഉള്ളത് മൈസൂരുവിലാണെന്ന് മനസിലാക്കിയ പോലീസ് പ്രതി താമസിക്കുന്ന വൃന്ദാവന്‍ ഗാര്‍ഡനടുത്തുള്ള ഹോട്ടലിന് സമീപംവച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ഇവരുടെ മുന്‍കാല പ്രവര്‍ത്തനങ്ങൾ പരിശോധിച്ചതില്‍നിന്നു ഒരു കോടിയിലധികം രൂപ ഡേവിഡ് എന്നയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയിട്ടുള്ളതായി കണ്ടെത്തി. ആ പണം അത്ക ഹറുണയുടെ അക്കൗണ്ട് വഴി നോയിഡയില്വച്ചാണ് പിന്‍വലിച്ചത് എന്നും കണ്ടെത്താന്‍ സാധിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ ലൊക്കേഷന്‍ പഞ്ചാബിലെ പഗ്വാരയില്‍ ആണെന്ന് കണ്ടെത്തി. അന്വേഷണ സംഘം പഗ്വാരയില്‍ എത്തി ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇരുവരും ഇന്നിച്ചുതാമസിക്കുന്ന വീട്ടിലും വീടിനടുത്തുള്ള സ്പായിലും ആര്‍ഭാടജീവിതം നയിച്ചതിന്റെ തെളിവുകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. പോലീസിന്റെ തന്ത്രപരമായ നീക്കമാണ് ഇവരെ കുടുക്കിയത്.
സ്വന്തം ലേഖകന്‍