‘റിലയന്‍സ് ഡിടിഎച്ച്’ ഉപയോക്താക്കളെ കൂട്ടിലാക്കാന്‍ ‘ടാറ്റാ സ്‌കൈ’;പണച്ചിലവില്ലാതെ പുതിയ സെറ്റ് ടോപ് ബോക്‌സും ഡിഷും; പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന റിലയന്‍സ് ടെലികോമിന്റെ കടം 43,386 കോടി

മുംബൈ: ധീരുഭായ് അംബാനിയുടെ സ്വത്ത് ഇരുമക്കള്‍ക്കുമായി വീതം വച്ചതോടെ മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരനായി മാറി. ഇന്നും മുകേഷ് തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരന്‍. എന്നാല്‍ അന്ന് ഇന്ത്യയിലെ പണക്കാരില്‍ മൂന്നാം സ്ഥാനമുണ്ടായിരുന്ന അനുജന്‍ അനില്‍ അംബാനിയ്ക്ക് ഇന്ന് 32-ാം സ്ഥാനം മാത്രമാണുള്ളത്. ഇരുവരുടെയും മേഖലകളില്‍ പരസ്പരം കൈകടത്തരുതെന്ന വ്യവസ്ഥ ലംഘിച്ച മുകേഷ് ജിയോയുമായെത്തിയതോടെ തകര്‍ന്നത് അനിലിന്റെ ബിസിനസ് സാമ്രാജ്യമാണ്.

ഇപ്പോള്‍ റിലയന്‍സ് ടെലികോം പൂട്ടാന്‍ പോകുകയാണെന്ന വാര്‍ത്ത പുറത്തു വന്നതോടെ ആപ്പിലായത് പൊതുമേഖലാ ബാങ്കുകളാണ്. ആര്‍കോം മാത്രമേ അടച്ചു പൂട്ടുന്നുള്ളൂ എന്നതിനാല്‍ പണം തിരികെ കിട്ടാന്‍ മറ്റ് അസറ്റുകളുടെ ഈട് ഉപയോഗിക്കാമെന്നാണ് ബാങ്കുകളുടെ പ്രതീക്ഷ. നിലവില്‍ ആര്‍കോമിന്റെ കടം ഏകദേശം 43,386 കോടി രൂപയാണ്. ഈ കടബാധ്യത കുറച്ചു കൊണ്ടുവരാനുള്ള ശ്രമം കുറച്ചുകാലങ്ങളായി തന്നെ ആര്‍കോം നടത്തിവന്നെങ്കിലും അതൊന്നും വിജയിച്ചിരുന്നില്ല. ആര്‍കോമിന്റെ അസറ്റുകള്‍ തന്നെ വിറ്റ് കടങ്ങള്‍ തീര്‍ക്കാനായിരുന്നു ശ്രമങ്ങള്‍.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യത്തില്‍ വരെ കോടികളുടെ ലാഭത്തിന്റെ കണക്കുകള്‍ അവതരിപ്പിച്ചിരുന്ന മറ്റ് ടെലിക്കോം കമ്പനികള്‍ക്കും ജിയോ തിരിച്ചടിയായിരുന്നു. ജനങ്ങള്‍ക്ക് സൗജന്യ ഡാറ്റ നല്‍കിയതോടെ മറ്റ് കമ്പനികളെ ഉപയോക്താക്കള്‍ കൈവിട്ടു. ഇതോടെ സാമ്പത്തിക വര്‍ഷത്തിലെ മൂന്നും നാലും പാദങ്ങളില്‍ വന്‍ നഷ്ടത്തിലേക്ക് പോയി. ഈ പ്രത്യാഘാതം ഏറ്റവും ബാധിച്ചത് റിലയന്‍സ് ടെലിക്കോമിനെയാണ്. ഇതോടെയാണ് ആര്‍കോമിന്റെ ടെലികോം സേവനങ്ങള്‍ പൂട്ടാന്‍ തീരുമാനിച്ചത്. 4ജി മാത്രം അവശേഷിക്കുന്നുണ്ട്. എന്നാല്‍, ഇത് അധികം മുന്നോട്ടു പോകാന്‍ ഇടയില്ല, കാരണം, നിലവില്‍ ആര്‍കോമിന് 4ജി നെറ്റ്വര്‍ക്ക് നല്‍കുന്നത് ജിയോയാണ്. കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ 2ജി, 3ജി വരിക്കാര്‍ ഇല്ലാതാകുന്ന അവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നത്. നിലവിലുള്ള വരിക്കാരെ മറ്റേതെങ്കിലും കമ്പനികള്‍ ഏറ്റെടുക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഇതിനിടെ എയര്‍സെലുമായി ചേരാനുള്ള നീക്കങ്ങളും പരാജയമായിരുന്നു.

കടബാധ്യത കുറയ്ക്കാനുള്ള പദ്ധതികള്‍ സെപ്റ്റംബറോടെ നടപ്പാക്കാനാകുമെന്നും ബാങ്കുകള്‍ ഡിസംബര്‍ വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനി മുമ്പു പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആ പ്രതീക്ഷയുമില്ല. 43,000 കോടി രൂപയുടെ കടം തിരിച്ചടയ്ക്കാന്‍ ആര്‍കോമിനു കഴിയില്ലെന്നും ഡിടിഎച്ച്, വയര്‍ലെസ് ടെലികോം ബിസിനസ് നിര്‍ത്തുകയാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചതോടെ, കഴിഞ്ഞ ദിവസങ്ങളില്‍ കമ്പനിയുടെ ഓഹരിവിലയിലും വന്‍ ഇടിവുണ്ടായി.

ഒരു കാലത്ത് 159 രൂപ വിലയുണ്ടായിരുന്ന ഓഹരി വില 15 രൂപ വരെ എത്തുകയായിരുന്നു. ജിയോ വിപണിയില്‍ എത്തിയതിനു ശേഷം മാത്രം അനില്‍ അംബാനിയുടെ കമ്പനിയായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് ഇതുവരെ 1,600 കോടിയുടെ നഷ്ടമുണ്ടായയെന്ന കണക്കുകളും പുറത്തുവന്നിരുന്നു. ഇന്ത്യയില്‍ വരിക്കാരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന കമ്പനിയാണ് ആര്‍കോം. വരുന്ന രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും ഈ പോക്ക് തുടരുമെന്നും 2,250 കോടി രൂപയായി നഷ്ടം കൂടുമെന്നുമാണ് സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയത്. ഇതോടെ കടം കൂടാതിരിക്കാന്‍ ബിസിനസ് നിര്‍ത്തുകയെന്ന മാര്‍ഗ്ഗത്തിലേക്ക് നീങ്ങുകയായിരുന്നു അനില്‍ അംബാനി.

മൊബൈല്‍ സേവന ബിസിനസ് എയര്‍സെല്ലുമായി ലയിപ്പിക്കാനും ടവര്‍ ബിസിനസ് ഒരു കനേഡിയന്‍ കമ്പനിയ്ക്കു വില്‍ക്കാനും ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല. എന്നാല്‍
ആര്‍കോം നഷ്ടങ്ങളില്‍ നിന്നും നഷ്ടങ്ങളിലേക്ക് വീഴുകയും ഓഹരികള്‍ നിക്ഷേപകര്‍ കൂട്ടത്തോടെ വിറ്റൊഴിക്കുകയും ചെയ്യുമ്പോഴും സ്ഥാപകന്‍ അനില്‍ അംബാനിയുടെ വ്യക്തിഗത ആസ്തി കുതിച്ചു കയറുകയാണ്. ആര്‍കോമിന്റെ ഓഹരിവില 39 ശതമാനം ഇടിഞ്ഞ് വിപണി മൂല്യത്തില്‍ 3340 കോടിയുടെ നഷ്ടമാണുണ്ടായത്. എന്നാല്‍ അനിലിനാകട്ടെ ആസ്തിമൂല്യം ഇക്കൊല്ലം 8.2 കോടി ഡോളര്‍ (533 കോടി രൂപ)ഉയര്‍ന്ന് 270 കോടി ഡോളറാ (17,550 കോടി രൂപ)യെന്ന് ബ്ലൂംബെര്‍ഗ് കണക്കാക്കുന്നു. അനില്‍ പ്രമോട്ടറായുള്ള റിലയന്‍സ് കാപിറ്റലിന്റെയും റിലയന്‍സ് പവറിന്റെയും വളര്‍ച്ച ആര്‍കോമിന്റെ തളര്‍ച്ചയെ മറികടക്കാന്‍ ഉതകുന്നതാണ്. അതേസമയം ആര്‍കോ കമ്പനി പൂട്ടുമ്പോള്‍ എങ്ങനെ ലോണ്‍ നേടിയെടുക്കും എന്നകാര്യത്തിലാണ് ബാങ്കുകളുടെ ആശങ്ക.

ആര്‍കോം പൂട്ടുന്നതോടെ ഉപയോക്താക്കളാകെ ആശങ്കയിലാണ്. രാജ്യത്തെ നാലാമത്തെ വലിയ ടെലികോം കമ്പനിയായ ആര്‍കോം പൂട്ടുന്നതോടെ വിപണിയില്‍ അവശേഷിക്കുന്ന ജിയോ, എയര്‍ടെല്‍, ഐഡിയ-വോഡഫോണ്‍ സംയുക്ത കമ്പനി എന്നീ കമ്പനികള്‍ക്ക് കരുത്തേറും. ഇത് ഉപയോക്താക്കളെ ദോഷകരമായി ബാധിക്കാനും ഇടയുണ്ട്.
ജിയോ അടുത്തിടെ ഓഫറുകളെല്ലാം വെട്ടിക്കുറച്ചത് ഈ സൂചനയാണ് നല്‍കുന്നത്. ഓഫറുകള്‍ കുറച്ചുവരുന്നതോടെ ഇന്റര്‍നെറ്റ് അടക്കമുള്ള മറ്റ് സേവനങ്ങള്‍ക്ക് നിരക്ക് വര്‍ദ്ധിക്കാനും സാധ്യതയുണ്ട്. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എലിനെ ഒതുക്കാനുള്ള വഴികള്‍ ഭരണതലത്തില്‍ തന്നെ നടന്നുവരുന്നത് സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു.

റിലയന്‍സ് ഡിജിറ്റല്‍ ടിവി ഡിടിഎച്ച് ഉപയോക്താക്കള്‍ക്ക് പണച്ചിലവില്ലാതെ ടാറ്റാസ്‌കൈയിലേക്ക് മാറാമെന്ന ഓഫറാണ് ടാറ്റാസ്‌കൈ ഇപ്പോള്‍ മുമ്പോട്ടു വച്ചിരിക്കുന്നത്. 9237092370 എന്ന നമ്പറില്‍ വിളിച്ചാല്‍ 72 മണിക്കൂറിനകം നിങ്ങളുമായി ബന്ധപ്പെടുമെന്ന മറുപടിയാണ് ടാറ്റാസ്‌കൈ നല്‍കുന്നത്. മറ്റ് ഡിടിഎച്ച് കമ്പനികളായ ഡിഷ് ടിവി, വീഡിയോകോണ്‍, എയര്‍ടെല്‍ എന്നിവരും ഓഫറുകളുമായി മുമ്പോട്ടു വരുമെന്നാണ് സൂചന.

 

Related posts