കുടുംബം പുലര്‍ത്താന്‍ ഒമ്പതു വയസുകാരന്‍ ബോക്‌സിംഗ് റിംഗില്‍ ! ടാറ്റയുടെ അതിസാഹസിക ജീവിതം ആരുടെയും കണ്ണു നിറയ്ക്കുന്നത്…

കോവിഡ് നിയന്ത്രണങ്ങള്‍ കുട്ടികളെ വീടിനുള്ളില്‍ ഒതുക്കിയിരിക്കുകയാണ്. ഈ നിയന്ത്രണങ്ങളൊക്കെ മാറിയിട്ട് വേണം പുറത്തിറങ്ങി കൂട്ടുകാരോടൊത്ത് കളിക്കാന്‍ എന്നാണ് മിക്ക കുട്ടികളും ആഗ്രഹിക്കുന്നത്.

തായ്‌ലന്‍ഡിലെ ടാറ്റ എന്ന ബാലന്‍ കോവിഡ് നിയന്ത്രണങ്ങള്‍ മാറാന്‍ ആഗ്രഹിക്കുന്നത് പുറത്ത് ഉല്ലസിക്കാന്‍ വേണ്ടിയല്ല കുടുംബം പുലര്‍ത്താന്‍ ബോക്‌സിംഗില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് കാത്തിരിക്കുന്നത്.

തായ്‌ലന്‍ഡിലെ അത്യാവശ്യം അറിയപ്പെടുന്ന കിക്ക്‌ബോക്സറാണ് ടാറ്റ. കോവിഡ് -19 നിയന്ത്രണങ്ങള്‍ മൂലം അഞ്ച് മാസങ്ങളായി ടാറ്റ ബോക്‌സിങ് വേദിയിലെത്തിയിട്ട്. കുഞ്ഞ് ടാറ്റയ്ക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ ഈ കുടുബത്തിന്റെ പ്രധാന വരുമാനമാര്‍ഗമാണ്.

ഒരു അറിയപ്പെടുന്ന ബോക്‌സര്‍ ആകാനും കുടുംബത്തിനായി പണം സമ്പാദിക്കുന്നതിനും വേണ്ടിയാണ് ചെറുപ്രായത്തില്‍ തന്നെ ടാറ്റ ഈ മാര്‍ഗം തിരഞ്ഞെടുത്തത്.

അമ്മയും 16 വയസുള്ള സഹോദരി പൂമ്രാപിയ്ക്കും വേണ്ടിയാണ് കുഞ്ഞു ടാറ്റയുടെ റിംഗിലെ ജീവിതം. പൂമ്രാപി ദേശീയ യൂത്ത് ടീമില്‍ ബോക്‌സറാണ്.

അമ്മ തെരുവില്‍ പലഹാരങ്ങള്‍ വില്‍ക്കുകയാണ്. ആ വരുമാനം മാത്രം കൊണ്ട് ഈ മൂന്നംഗ കുടുബത്തിന് ജീവിക്കാനാകുമായിരുന്നില്ല.

അങ്ങനെയാണ് ടാറ്റ ബോക്‌സിംഗിലേക്ക് തിരിഞ്ഞത്. ശാസ്ത്രീയ പരിശീലനമൊന്നും കുഞ്ഞ് ടാറ്റയ്ക്ക് കിട്ടിയിട്ടില്ലെങ്കിലും റിംഗില്‍ ആള് പുലിയാണ്.

ചേച്ചിയെപ്പോലെ ബോക്‌സിംഗ് മത്സരങ്ങളില്‍ പങ്കെടുക്കണമെന്ന് അമ്മ പറയുമത്രേ. ഒരിക്കല്‍ ഈ വരുമാനം കൊണ്ട് തങ്ങള്‍ക്ക് ഒരു വീടും കാറുമൊക്കെ വാങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ഈ കുട്ടി ബോക്‌സര്‍.

മകന്റെ സമ്പാദ്യം കൊണ്ട് തന്റെ കടങ്ങള്‍ വീട്ടാനായിയെന്നും കോവിഡ് കാലത്ത് വലിയ ബുദ്ധിമുട്ടില്ലാതെ ജീവിക്കാനായിയെന്നും അമ്മ സുരേപോര്‍ണ്‍ പറയുന്നു.

തായ്‌ലന്‍ഡില്‍ ചെറിയ കുട്ടികള്‍ക്കിടയിലെ ബോക്‌സിംഗ് മത്സരങ്ങള്‍ പതിവാണ്. പ്രൊഫഷണല്‍ ബോക്‌സിംഗ് അസോസിയേഷന്‍ ഓഫ് തായ്ലാന്‍ഡിന്റെ കണക്കനുസരിച്ച് ഏകദേശം മൂന്നുലക്ഷത്തിലധികം കുട്ടി ബോക്‌സര്‍മാര്‍ ഇവിടെയുണ്ട്.

പ്രായപൂര്‍ത്തിയാകാത്തവര്‍ക്കിടയിലെ ബോക്‌സിംഗ് നിരോധിക്കണമെന്ന് ചില മെഡിക്കല്‍ വിദഗ്ധര്‍ ആവശ്യപ്പെടുന്നുണ്ട്. നിലവില്‍ ഈ കുട്ടി ബോക്സര്‍മാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ രക്ഷകര്‍ത്താക്കളുടെ സമ്മതം മാത്രമാണ് ആവശ്യം.

ചെറുപ്രായത്തിലെ ബോക്‌സിംഗ് വളര്‍ച്ച, മുരടിപ്പ്, ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍, മസ്തിഷ്‌ക ക്ഷതം, വൈകല്യം എന്നിവയ്ക്ക് കാരണമാകുമെന്ന് ഇവര്‍ പറയുന്നു.

Related posts

Leave a Comment