ചാവേറുകള്‍ വരുന്നെന്ന് 20 ദിവസം മുമ്പേ മുന്നറിയിപ്പ് കിട്ടിയിരുന്നു ! എന്നിട്ടും തടയാനായില്ല; ശ്രീലങ്കയെ കണ്ണീര്‍കടലാക്കിയ ഭീകരരുടെ പട്ടികയില്‍ ‘ഇന്ത്യ’യും ഉണ്ടായിരുന്നു…

കൊളംബോ: ശ്രീലങ്കയിലെ പള്ളികള്‍ ലക്ഷ്യമിട്ട് ചാവേറുകള്‍ വരാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിട്ടും ആക്രമണം തടയാന്‍ ശ്രീലങ്കയ്ക്കായില്ല. ഒരു വിദേശ ഇന്റലിജന്‍സ് ഏജന്‍സിയാണ് എന്‍ടിജെ എന്നറിയപ്പെടുന്ന നാഷനല്‍ തൗഹീത്ത് ജമാഅത്തിന്റെ നേതൃത്വത്തില്‍ ചാവേറാക്രമണം നടക്കുമെന്ന മുന്നറിയിപ്പ് ശ്രീലങ്കയ്ക്കു നല്‍കിയത്. രാജ്യത്തെ പ്രമുഖ പള്ളികളും കൊളംബോയിലെ ഇന്ത്യന്‍ ഹൈകമ്മിഷണറുടെ ഓഫിസും ആക്രമിക്കപ്പെടും എന്നായിരുന്നു വിവരം. വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

ലങ്കയുടെ പൊലീസ് മേധാവി പുജത്ത് ജയസുന്ദര ഏപ്രില്‍ 11ന് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇന്റലിജന്‍സ് സന്ദേശം കൈമാറുകയും ചെയ്തു. തുടര്‍ന്ന് ദേശീയ തലത്തില്‍ മുന്നറിയിപ്പും നല്‍കി. രാജ്യത്തെ ബുദ്ധമത ആരാധനാകേന്ദ്രങ്ങളിലെ പ്രതിമകള്‍ വ്യാപകമായി നശിപ്പിച്ചു ശ്രദ്ധാകേന്ദ്രമായ സംഘടനയാണ് എന്‍ടിജെ. കഴിഞ്ഞ വര്‍ഷമാണ് ഇവരുടെ നേതൃത്വത്തില്‍ അക്രമങ്ങള്‍ അരങ്ങേറിയത്. എന്നാല്‍ ശ്രീലങ്കയെ വിറപ്പിച്ച ബോംബ് സ്‌ഫോടനത്തിനു പിന്നില്‍ ഇവരാണോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഒരു ഭീകരസംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുമില്ല. മൂന്നു പള്ളികളിലും മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായി നടന്ന സ്‌ഫോടനങ്ങളില്‍ ഞായറാഴ്ച ഉച്ച വരെയുള്ള കണക്കു പ്രകാരം 160 പേര്‍ മരിച്ചു, നാനൂറിലേറെ പേര്‍ക്ക് പരുക്കുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts