ഞങ്ങള്‍ക്ക് ഒരു കുഞ്ഞിനെ തരൂ, ഞങ്ങള്‍ നിന്നെ പോകാന്‍ അനുവദിക്കാം…ഒരു കുഞ്ഞിന് വേണ്ടി മാത്രം വിലകൊടുത്തു വാങ്ങപ്പെടുന്ന മ്യാന്‍വധുക്കള്‍ക്ക് അനുഭവിക്കേണ്ടിവരുന്നത് നരക യാതനകള്‍…

സമൂഹത്തിന്റെ ശാപമായ പെണ്‍ഭ്രൂണഹത്യ മൂലം ചൈനയില്‍ പുരുഷന്മാരുടെ എണ്ണത്തേക്കാള്‍ വളരെ കുറവാണ് സ്ത്രീകളുടെ എണ്ണം. ഈ പ്രശ്‌നം ഇവര്‍ പരിഹരിക്കുന്നതാവട്ടെ മ്യാന്‍മാറില്‍ നിന്നും പെണ്‍കുട്ടികളെ ഇറക്കുമതി ചെയ്തും. സ്വന്തം മകന് വധുവിനെ കണ്ടെത്താനാകാതെ വരുന്ന ചൈനീസ് മാതാപിതാക്കള്‍ ഏജന്റുമാര്‍ വഴി വധുവിനെ വില കൊടുത്തു വാങ്ങുന്നു. ഇങ്ങനെ വാങ്ങിക്കുന്ന വധുക്കളെ മകന്റെ ലൈംഗിക ആവശ്യങ്ങള്‍ക്കായി ഒരു മുറിയില്‍ പൂട്ടിയിടും. അതും ഒരു കുഞ്ഞ് ജനിക്കുന്നത് വരെ. ഒരു കുഞ്ഞിന് വേണ്ടി മാത്രമാണ് ഈ വധുക്കളെ വില കൊടുത്ത് വാങ്ങുന്നത് പോലും. കുഞ്ഞ് ജനിച്ചു കഴിഞ്ഞാല്‍ പല മ്യാന്‍മര്‍ വധുക്കളും ആ വീട്ടില്‍ നിന്നും പുറത്താകുകയോ, രക്ഷപ്പെടാന്‍ ശ്രമിക്കുകയോ ചെയ്യും.

പക്ഷേ പിന്നീടൊരിക്കലും സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞിനെ കാണാന്‍ അമ്മയ്ക്ക് സാധിക്കില്ല. ഉയര്‍ന്ന ജോലിയോ, മറ്റു മധുര വാഗ്ദാനങ്ങളോ നല്‍കി മ്യാന്‍മര്‍ സ്ത്രീകളെ ചൈനയിലേക്ക് കടത്തുന്നത് പലപ്പോഴും അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ തന്നെയാണ്. 3000-13000 ഡോളറിനിടയിലാണ് ഒരു മ്യാന്‍മര്‍ വധുവിന്റെ വില. മ്യാന്‍മര്‍ സൈന്യവും കച്ചിന്‍ വംശീയ-മതന്യൂനപക്ഷ പോരാളികളായ കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആര്‍മിയും തമ്മിലുള്ള പോരാട്ടം നടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 2011-ല്‍ ഇത് കുറേക്കൂടി രൂക്ഷമായി. ഇതിന്റെ ഫലമായി ഒരുലക്ഷത്തിനടുത്ത് കച്ചിന്‍ നിവാസികളാണ് അഭയാര്‍ഥികളായത്.

ഇവരില്‍ മിക്കവരും കഴിയുന്നത് അഭയാര്‍ഥി ക്യാമ്പുകളിലാണ്. മനുഷ്യക്കടത്തിനിരയായി രക്ഷപ്പെട്ടെന്ന സ്ത്രീകളും കഴിയുന്നത് ഇതേ ക്യാമ്പുകളിലാണ്. പുരുഷന്മാരില്‍ പലരും ഏറ്റുമുട്ടലില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി പുറത്തായിരിക്കും. അതിനാല്‍ മിക്കയിടങ്ങളിലും ഉപജീവനമാര്‍ഗം കണ്ടെത്തുന്നത് സ്ത്രീകളാണ്. ഈ സാഹചര്യങ്ങള്‍ മുതലെടുത്താണ് മനുഷ്യക്കടത്തുകാര്‍ ഇവിടെ എത്തുന്നത്. വിവാഹത്തിന് മുമ്പ് ഒരു സ്ത്രീ പുരുഷനുമൊത്ത് ശയിക്കാന്‍ പാടില്ലെന്നാണ് കച്ചിനിലെ സംസ്‌കാരം.

അങ്ങനെയുള്ള ഒരു സമൂഹത്തില്‍ ലൈംഗിക അടിമയായി കഴിയേണ്ടി വന്ന് രക്ഷപ്പെട്ടു വരുന്ന സ്ത്രീകളുടെ ജീവിതം ദുസ്സഹമായിരിക്കും. സമൂഹത്തില്‍ അവര്‍ പലപ്പോഴും ഒറ്റപ്പെടും. പലരും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കൂട്ടാക്കാതെ വീടിന്റെ ഇരുട്ടറകളില്‍ ജീവിതം തള്ളി നീക്കും. കുഞ്ഞുണ്ടായിക്കഴിഞ്ഞ ശേഷമായിരിക്കും പലരുടെയും മടക്കം. അതിനാല്‍ തന്നെ സ്വന്തം കുഞ്ഞിനെ കാണാനാകാത്തതിന്റെ മാനസിക വ്യഥയും ഇവരെ വല്ലാതെ അലട്ടും. വീട്ടു തടങ്കലില്‍ നിന്ന് രക്ഷപ്പെട്ട് പോലീസില്‍ അഭയം തേടുന്നവരെ ഒന്നുകില്‍ പഴയ തടങ്കലിലേക്ക് മടക്കി അയയ്ക്കും. അല്ലെങ്കില്‍ കുടിയേറ്റ നിയമലംഘനത്തിന്റെ കുറ്റമാരോപിച്ച് ജയിലില്‍ അടയ്ക്കും. രക്ഷപ്പെട്ടെത്തുന്ന മ്യാന്‍മര്‍ വധുക്കളുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഏതാനും പ്രാദേശിക സംഘടനകള്‍ മാത്രമാണ് ഇവരുടെ നീതിക്കായി ശബ്ദമുയര്‍ത്തുന്നതും പ്രവര്‍ത്തിക്കുന്നതും.

2017-ല്‍ മാത്രമായി 226 സ്ത്രീകള്‍ മനുഷ്യക്കടത്തിന് ഇരയായിട്ടുണ്ട്. മനുഷ്യക്കടത്തിന് തടയിടാന്‍ മ്യാന്‍മര്‍ പോലീസും ചൈനീസ് പോലീസും ചേര്‍ന്ന് പദ്ധതികളാവിഷ്‌കരിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. പലപ്പോഴും മകളുടെ തിരോധാനം അറിയിക്കാന്‍ ചെല്ലുന്ന മാതാപിതാക്കളില്‍ നിന്നും പോലീസ് കനത്ത തുക കൈക്കൂലി ആവശ്യപ്പെടുന്നതായും പരാതിയുണ്ട്. 16-ാം വയസ്സില്‍ മനുഷ്യക്കടത്തിന് ഇരയായ മ്യാന്‍മര്‍ ‘വധു’ക്കളില്‍ ഒരാള്‍ പറയുന്നത് ഇങ്ങനെയാണ്.

‘അവരെന്നെ കൊണ്ടുപോയത് ഒരു മുറിയിലേക്കാണ്, അവിടെ അവരെന്നെ കെട്ടിയിട്ടു…ഒന്നോ രണ്ടോ മാസത്തേക്ക് ആ മുറി അവര്‍ പുറത്തു നിന്നു പൂട്ടി. ഭക്ഷണസമയത്ത് അവര്‍ ആഹാരം കൊടുത്തയക്കും. ഞാന്‍ നിര്‍ത്താതെ കരഞ്ഞു കൊണ്ടിരുന്നു. എനിക്ക് ഭക്ഷണം കൊണ്ടു തന്നിരുന്നത് ഒരു ചൈനീസ് യുവാവാണ്. ഓരോ തവണയും ഭക്ഷണവുമായി വരുമ്പോള്‍ അയാള്‍ എന്നെ ബലാത്സംഗം ചെയ്യും.’ മനുഷ്യക്കടത്ത് തുടരുമ്പോള്‍ മ്യാന്‍മര്‍, ചൈനീസ് അധികൃതര്‍ മൗനം പാലിക്കുകയാണെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ചിലെ ആക്ടിങ് വിമന്‍സ് റൈറ്റ്സ് കോ ഡയറക്ടറായ ഹെതര്‍ ബാര്‍ പറയുന്നു.

‘ഞങ്ങള്‍ക്ക് ഒരു കുഞ്ഞിനെ തരൂ, ഞങ്ങള്‍ നിന്നെ പോകാന്‍ അനുവദിക്കാം. മ്യാന്‍മറില്‍ നിന്നും ചൈനയിലേക്കുള്ള കച്ചിന്‍ വധുക്കളുടെ കടത്ത്’ റിപ്പോര്‍ട്ടിന് ഹെതര്‍ നല്‍കിയ പേരിങ്ങനെയാണ്. മനുഷ്യക്കടത്തിന് ഇരയായ 37 സ്ത്രീകളോടും മ്യാന്‍മര്‍ സര്‍ക്കാര്‍ അധികൃതരോടും പോലീസിനോടും ഇവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളിലെ വ്യക്തികളുമായും സംസാരിച്ച് 112 പേജുള്ള ഒരു റിപ്പോര്‍ട്ടാണ് ഇതുസംബന്ധിച്ച് ഹെതര്‍ തയ്യാറാക്കിയത്. ഇപ്പോഴും നിരവധി ആളുകള്‍ ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നാണ് വിവരം.

Related posts