യുവതിയെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ അപമാനിച്ച തരികിട സാബുവെന്ന സാബു അബ്ദുസമദ് ഒളിവിലെന്ന് സൂചന. കഴിഞ്ഞ ദിവസമാണ് ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ലസിത പാലക്കല്‍ എന്ന യുവതിയെ അപമാനിച്ചത്.
ലൈംഗികച്ചുവയുള്ള പോസ്റ്റുകളാണ് ഇയാള്‍ ഫേസ്ബുക്കില്‍ ഇട്ടത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ലസിത തലശ്ശേരി എ.എസ്.പിക്ക് പരാതി നല്കി. ഇതോടെയാണ് സാബു ഒളിവില്‍ പോയതെന്ന് സൂചന.
തരികിട എന്ന ചാനല്‍ പരിപാടിയിലൂടെ പ്രശസ്തനായ തരികിട സാബു നേരത്തെയും സഭ്യമല്ലാത്ത പോസ്റ്റുകളും പ്രതികരണങ്ങളും നടത്തി കുപ്രസിദ്ധനാണ്. ലസിത പാലക്കല്‍, കുട്ടിയെ ഞാന്‍ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണ് എന്ന് തുടങ്ങുന്ന പോസ്ററിലാണ് ലൈംഗികച്ചുവയുളള പരാമര്‍ശങ്ങള്‍ ഇയാള്‍ നടത്തിയിരിക്കുന്നത്. ഇത് കൂടാതെ വേറെയും പോസ്റ്റുകള്‍ സമാന നിലവാരത്തിലുള്ളവ ഇയാളുടെ വകയായിട്ടുണ്ട്. കലാഭവന്‍ മണിയുടെ മരണത്തില്‍ ഇയാള്‍ സംശയനിഴലിലായിരുന്നു. പലതവണ പോലീസ് സംഘം ഇയാളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം സാബുവിനെ ഇനി പരിപാടികള്‍ക്ക് വിളിക്കേണ്ടതില്ലെന്ന് ചാനലുകള്‍ തീരുമാനിച്ചതായി സൂചനയുണ്ട്. മലയാളത്തിലെ രണ്ട് പ്രധാന ചാനലുകളില്‍ ഇയാള്‍ പരിപാടി അവതരിപ്പിച്ചിരുന്നു. ഇനി ഒരു പരിപാടിക്കും സാബുവിനെ അവതാരകനാക്കേണ്ടെന്നാണ് ചാനല്‍ മേധാവികള്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍മാരെ അറിയിച്ചത്.