11-ാം വയസ്സു മുതല്‍ പല തവണ ലൈംഗിക പീഡനത്തിരയായി ! ജീവിതം അവസാനിപ്പിക്കാന്‍ ദയാവധം തെരഞ്ഞെടുത്ത് 17കാരി; ആരുടെയും കണ്ണു നിറയും ഈ പെണ്‍കുട്ടിയുടെ കഥ കേട്ടാല്‍…

ദയാവധം നിയമവിധേയമായ നാടാണ് നെതര്‍ലന്‍ഡ്. എന്നാല്‍ ഇപ്പോള്‍ നെതര്‍ലന്‍ഡിലെ ആണ്‍ഹെമില്‍ നിന്നും പുറത്തു വരുന്ന ഒരു വാര്‍ത്ത ലോകത്തെ കണ്ണീരണിയിക്കുകയാണ്. 17 വയസ്സുകാരിയായ നോവ പോത്തോവന്‍ ഇക്കഴിഞ്ഞ ഞായറാഴ്ച സര്‍ക്കാരിന്റെ അനുമതിയോടെ സ്വന്തം ഇഷ്ടമനുസരിച്ച് ദയാവധത്തിന് വിധേയയായെന്ന് റിപ്പോര്‍ട്ട്. 11-ാം വയസ്സു മുതല്‍ പലതവണ പീഡനത്തിരയായ പെണ്‍കുട്ടി തനിക്ക് ജീവിതം മടുത്തുവെന്നും അതിനാല്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നും പറഞ്ഞാണ് നിയമത്തിന്റെ പിന്തുണ നേടിയെടുത്തത്.

അപ്രതീക്ഷിതമായുണ്ടായ പീഡനങ്ങളെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദം സഹിച്ച് ജീവിക്കുന്നതിലും ഭേദം മരണത്തിന്റെ ആശ്വാസമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് നോവ തന്റെ വീട്ടില്‍ വച്ച് ഒരു എന്‍ഡ്-ഓഫ്-ലൈഫ് ക്ലിനിക്കിന്റെ സഹായത്തോടെ ജീവിതം അവസാനിപ്പിച്ചിരിക്കുന്നത്. 2002 മുതല്‍ നെതര്‍ലാന്‍ഡ്‌സില്‍ കര്‍ക്കശമായ വ്യവസ്ഥകള്‍ക്ക് കീഴില്‍ ദയാവധം നിയമവിധേയമാക്കിയിട്ടുണ്ട്.

തന്റെ ലിവിങ് റൂമില്‍ സജ്ജമാക്കിയ ഒരു ഹോസ്പിറ്റല്‍ ബെഡില്‍ കിടന്ന് കൊണ്ടാണ് നോവ മരണത്തിലേക്ക് യാത്രയായത്. തനിക്ക് 11 വയസായത് മുതല്‍ മൂന്ന് വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് നോവ വെളിപ്പെടുത്തിയിരുന്നത്. നെതര്‍ലാന്‍ഡ്‌സില്‍ കുട്ടികള്‍ക്ക് 12 വയസാകുന്നതോടെ സ്വന്തം ഇഷ്ടത്തോടെ അവര്‍ക്ക് ദയാവധം കര്‍ക്കശമായ വ്യവസ്ഥകള്‍ക്ക് കീഴില്‍ അനുവദിക്കാമെന്ന് നിയമമുണ്ട്. എന്നാല്‍ ദയാവധത്തിന് വിധേയമാകേണ്ടവര്‍ വിരാമമില്ലാത്ത ബുദ്ധിമുട്ടുകള്‍ സഹിക്കുന്നുണ്ടെന്നും ഒരു ഡോക്ടര്‍ സാക്ഷ്യപ്പെടുത്തണമെന്നത് നിര്‍ബന്ധമുള്ള കാര്യമാണ്.

താന്‍ ദയാവധത്തിന് വിധേയമാകാന്‍ പോകുന്നുവെന്ന് തലേ ദിവസം നോവ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. ലൈംഗിക പീഡനത്തിന് ഇരയായതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ജീവിതത്തില്‍ പിടിച്ച് നില്‍ക്കാന്‍ പോരാടുകയായിരുന്നുവെന്നും ഇപ്പോള്‍ തനിക്കതില്‍ കടുത്ത മടുപ്പനുഭവപ്പെടുന്നതിനാല്‍ മരിക്കാന്‍ തീരുമാനിച്ചിരിക്കുന്നവെന്നും നോവ തന്റെ പോസ്റ്റിലൂടെ വെളിപ്പെടുത്തുന്നു. ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായ ശേഷം തനിക്ക് ജീവിക്കുന്ന തോന്നലുണ്ടായിട്ടില്ലെന്നും മറിച്ച് അതിജീവിച്ചുവെന്ന തോന്നല്‍ മാത്രമാണുണ്ടായിരുന്നതെന്നും നോവ പറയുന്നു.

മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി എഴുതി വച്ച വിടപറയല്‍ കത്ത് നോവയുടെ മുറിയില്‍ നിന്നും കണ്ടെത്തുന്നത് വരെ മാതാപിതാക്കള്‍ക്ക് വരെ ഈ പെണ്‍കുട്ടിയുടെ പദ്ധതിയെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ഈ കത്ത് കണ്ട് താന്‍ ഞെട്ടിപ്പോയെന്നാണ് നോവയുടെ അമ്മയായ ലിസെറ്റ് വെളിപ്പെടുത്തുന്നത്. നോവ കാണാന്‍ സുന്ദരിയും ഏവരോടും മധുരതരമായി ഇടപെടുന്ന ആളും സ്മാര്‍ട്ടുമായിരുന്നുവെന്നും അമ്മ വേദനയോടെ ഓര്‍ക്കുന്നു. നോവ എന്തുകൊണ്ടാണ് ഇത്തരത്തില്‍ കടുത്ത തീരുമാനമെടുത്തതെന്ന് മാതാപിതാക്കള്‍ക്ക് തുടക്കത്തില്‍ കണ്ടെത്താനായിരുന്നില്ല.

എന്നാല്‍ നോവയുടെ ഒരു ഡയറിയില്‍ ഇക്കാര്യങ്ങള്‍ എഴുതി വച്ചിരുന്നു. ഇതു പിന്നീട് രക്ഷിതാക്കളുടെ ശ്രദ്ധയില്‍ പെട്ടു. 11ാം വയസില്‍ താന്‍ ഒരു സ്‌കൂള്‍ പാര്‍ട്ടിക്കിടെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം നോവ ഇതില്‍ കുറിച്ചിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തിന് ശേഷം ഒരു ടീനേജേര്‍സ് പാര്‍ട്ടിക്കിടയില്‍ വീണ്ടും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും നോവ എഴുതി വച്ചിട്ടുണ്ട്. പിന്നീട് 14ാം വയസില്‍ രണ്ട് പേരാല്‍ നോവ ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍ പേടിയും നാണക്കേടും കാരണം ആരോടും ഇതു പറഞ്ഞിരിക്കുന്നില്ല. ഇത്തരം പീഡനങ്ങളുടെ കടുത്ത മാനസിക സമ്മര്‍ദം ഉള്ളില്‍ പേറുമ്പോഴും ഏവരോടും ചിരിച്ചുല്ലസിച്ചായിരുന്നു നോവ പെരുമാറിയിരുന്നത്. എന്നാല്‍ ഉള്ളിലെ സംഘര്‍ഷം താങ്ങാനാവാത്ത ഘട്ടമെത്തിയതോടെ നോവ ദയാവധം തിരഞ്ഞെടുക്കുകയായിരുന്നു.

Related posts