ഒരേ സമയം 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാന്‍ ചുക്കാന്‍ പിടിച്ചു; ഉറങ്ങാത്ത മനുഷ്യന്‍ എന്ന് വിളിപ്പേര്; ഭാരതത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുന്നതില്‍ കെ.ശിവന്റെ പങ്ക് ചെറുതല്ല

ചന്ദ്രയാന്‍-2 പേടകം വിജയകരമായി മുകളിലേക്ക് കുതിക്കുമ്പോള്‍ ഇതിനെല്ലാം നേതൃത്വം നല്‍കിയ ‘ഉറങ്ങാത്ത മനുഷ്യന്‍’ ദൈവത്തോട് നന്ദി പറയുന്ന തിരക്കിലായിരുന്നു. കര്‍ഷകന്റെ മകനായി ജനിച്ച് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ചു വളര്‍ന്ന് ഒടുവില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ തലപ്പത്തെത്തിയ കെ. ശിവന്‍ എന്ന വ്യക്തിയുടെ അക്ഷീണ പരിശ്രമമാണ് ഈ നേട്ടം വേഗത്തില്‍ കൈവരിക്കാന്‍ ഭാരതത്തിനു സഹായകമായത്.

ഇന്ത്യ സ്വന്തമായി നിര്‍മിച്ച ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ച് ഒരേസമയം 104 ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തിലെത്തിച്ചതിന്റെ പിന്നിലെ ബുദ്ധിയും അധ്വാനവും ഈ മനുഷ്യന്റേതായിരുന്നു. തൊട്ടുപിന്നാലെ ഇന്നലെ ചന്ദ്രയാന്‍-2. അഭിമാനം തൊട്ട പട്ടിക ഇങ്ങനെ പോകുന്നു. 1983ല്‍ ആണ് ശിവന്‍ ഐഎസ്ആര്‍ഒയില്‍ പിഎസ്എല്‍വി പ്രോജക്ടില്‍ ചേര്‍ന്നത്. പടിപടിയായി ഉയര്‍ച്ച. വൈകാതെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ ഡയറക്ടറായി. 2014 ജൂലൈ മുതല്‍ 2015 മേയ് വരെ എല്‍പിഎസ്സി ഡയക്ടറായിരുന്നു. ആ വര്‍ഷം തന്നെ ജൂണില്‍ വിഎസ്എസ്സി ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്തു. 2016 വരെ രാജ്യത്തെ സ്‌പേസ് കമ്മിഷന്‍ അംഗമായിരുന്നു. 2018 ജനുവരിയില്‍ ഐഎസ്ആര്‍ഒ അധ്യക്ഷനായി. സത്യഭാമ സര്‍വകലാശാലയുടെ ഡോക്ടര്‍ ഓഫ് സയന്‍സ്, വിക്രം സാരാഭായ് റിസര്‍ച് അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ ബഹുമതികള്‍ ലഭിച്ചു.

കന്യാകുമാരിയിലെ തരക്കന്‍ വിളയില്‍ ജനിച്ച ശിവന്‍ സ്വന്തം ഗ്രാമത്തിലെ തമിഴ് മീഡിയം സ്‌കൂളിലാണു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. നാഗര്‍കോവില്‍ ഹിന്ദു കോളജില്‍നിന്നു ബിരുദ പഠനം പൂര്‍ത്തിയാക്കി കുടുംബത്തിലെ ആദ്യ ബിരുദധാരിയായി. ട്യൂഷനോ മറ്റു കോച്ചിങ് ക്ലാസുകള്‍ക്കോ പോകാതെ സ്വന്തം നിലയ്ക്കായിരുന്നു പഠനം. മദ്രാസ് ഐഐടിയില്‍നിന്ന് 1980ല്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിങ് ബിരുദവും ബെംഗളൂരു ഐഐഎസ്‌സിയില്‍ നിന്ന് 1982ല്‍ എയ്‌റോസ്‌പേസ് എന്‍ജിനീയറിങ് ബിരുദാനന്തര ബിരുദവും ബോംബെ ഐഐടിയില്‍ നിന്ന് 2006ല്‍ പിഎച്ച്ഡിയും സ്വന്തമാക്കി.

ശാസ്ത്രം ഇത്ര വികസിച്ചിട്ടും നമുക്ക് അറിയാത്ത എത്രയോ കാര്യങ്ങള്‍ പ്രപഞ്ചത്തില്‍ നടക്കുന്നില്ലേ? അതു നടത്തുന്ന ശക്തിയില്‍ ഞാന്‍ വിശ്വസിക്കുന്നു, ആ ശക്തിയെ ബഹുമാനിക്കുന്നു’ ഇസ്രോ ചെയര്‍മാനായ ശേഷം നല്‍കിയ അഭിമുഖത്തില്‍ ശിവന്‍ പറഞ്ഞു ‘ഉറക്കമില്ലാത്ത ശാസ്ത്രജ്ഞന്‍’ എന്നാണ് ഐഎസ്ആര്‍ഒയിലെ സഹപ്രവര്‍ത്തകര്‍ കെ.ശിവനെ ബഹുമാനപൂര്‍വം വിശേഷിപ്പിക്കുന്നത്. പകല്‍ മുഴുവന്‍ ജോലിചെയ്തു സഹപ്രവര്‍ത്തകര്‍ മടങ്ങിയാലും വിക്രം സാരാഭായി സ്‌പേസ് സെന്ററിലെ ഡയറക്ടറുടെ ഓഫിസില്‍ കെ.ശിവന്‍ ഉണ്ടാകുമെന്നു സഹപ്രവര്‍ത്തകര്‍ ഓര്‍മിക്കുന്നു.

പാതിരാത്രിയോടടുത്താണ് അദ്ദേഹം ജോലിതീര്‍ത്തു മടങ്ങുക. വലിയ ബഹിരാകാശ ദൗത്യങ്ങള്‍ ഏറ്റെടുത്താല്‍ സമയം പിന്നെയും നീളും. ഈ സമയത്തു നാലു മണിക്കൂറൊക്കെയാണു പരമാവധി ഉറക്കം. ഐഎസ്ആര്‍ഒ ചെയര്‍മാനായപ്പോഴും ആ ശീലങ്ങളൊന്നും വലുതായി മാറിയില്ല. ജനനം തമിഴ്‌നാട്ടിലാണെങ്കിലും മൂന്നു പതിറ്റാണ്ടിലേറെ തനി മലയാളിയായാണു ശിവന്‍ ജീവിച്ചത്. 1983ല്‍ ഐഎസ്ആര്‍ഒയില്‍ ജോലി ലഭിച്ചതോടെ അദ്ദേഹത്തിന്റെ ജീവിതം തിരുവനന്തപുരത്തായി. കരമന തളിയല്‍ ഹരിശ്രീ റസിഡന്റ്‌സ് അസോസിയേഷനിലായിരുന്നു അന്നത്തെ വീട്. മാലതിയാണു ഭാര്യ. സുശാന്ത്, സിദ്ധാര്‍ഥ് എന്നിവര്‍ മക്കളാണ്. ഭാരതത്തിന്റെ ഈ അഭിമാനനേട്ടത്തില്‍ മതിമറക്കാതെ ശുക്രയാനുള്‍പ്പെടെയുള്ള പദ്ധതികളുടെ ചിന്തയില്‍ കര്‍മപഥത്തിലൂടെ മുന്നോട്ട് നീങ്ങുകയാണ് ഈ മനുഷ്യന്‍.

Related posts