യാത്രാ സമയങ്ങളിൽ നമ്മുടെ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കണമെന്ന നിർദേശം എല്ലാ യാത്രക്കാർക്കും നൽകാറുള്ളതാണ്. എന്നാലും ചില സന്ദർഭങ്ങളിൽ എത്രയൊക്കെ സൂക്ഷിച്ചാലും മോഷണം പോകാറുമുണ്ട്. പലപ്പോഴും കള്ളൻമാർ കാണാ മറയത്താകും. എന്നാൽ സ്പോട്ടിൽ കള്ളന്റെ മോഷണം കൈയോടെ പിടിച്ച വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അതി വിദഗ്ധമായി ബസിൽ നിന്നും ഒരു യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിയെടുക്കാൻ നോക്കിയ കള്ളൻ വെട്ടിലായി. ഫോണും തട്ടിയെടുത്ത് അവിടെ നിന്നും നൈസ് ആയി ഊരാം എന്നോർത്ത കള്ളനെ പക്ഷേ യാത്രക്കാൻ കൈയോടെ പിടി കൂടി. നിർത്തിയിട്ട ബസിന്റെ ജനാല വഴിയായിരുന്നു മോഷണം.
എന്നാൽ കൈ അകത്തിട്ട് ഫോൺ കൈക്കലാക്കിയതോടെ യാത്രക്കാർ അത് കണ്ടെത്തി. അതോടെ കഴിഞ്ഞില്ലേ കഥ. യാത്രക്കാരുണ്ടോ വിടുന്നു. കള്ളനെ കൈയോടെ പൊക്കി എന്നൊക്കെ കേട്ടിട്ടുള്ളതല്ലേ, എന്നാൽ അത് യാഥാർഥ്യത്തിൽ സംഭവിക്കുകയായിരുന്നു. കള്ളന്റെ കൈ പിടിച്ച് യാത്രക്കാർ ബസിന്റെ അകത്തേക്ക് വലിച്ചിട്ടു. എന്നാൽ കൈയും തലയും മാത്രമേ അകത്തു കയറിയുള്ളു. ബാക്കി ശരീര ഭാഗങ്ങളെല്ലാം ജനൽ കന്പിക്ക് പുറത്തായിരുന്നു.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. എയറിലായി വൈറലായ കള്ളനെന്നാണ് പലരും അയാളെ കളിയാക്കിയത്.
