കോവിഡ് മൂന്നാം തരംഗത്തില്‍ വിറച്ച് ലോകരാജ്യങ്ങള്‍ ! ഇറ്റലിയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍;നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥിതി ഗുരുതരം; ബ്രസീലില്‍ ഒറ്റ ദിവസം മരിച്ചത് 2800ല്‍ അധികം ആളുകള്‍…

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാവുമ്പോള്‍ യൂറോപ്പില്‍ ഇത് കോവിഡിന്റെ മൂന്നാം തരംഗമാണ്. ഇറ്റലിയില്‍ തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പോളണ്ടില്‍ ഭാഗീക ലോക് ഡൗണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഫ്രാന്‍സില്‍ ഇപ്പോള്‍ വാരാന്ത്യ ലോക്ഡൗണ്‍ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളെങ്കിലും രാജ്യവ്യാപക ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ പ്രസിഡന്‍ര് ഇമ്മാനുവല്‍ മക്രോയ്ക്കു മേല്‍ സമ്മര്‍ദ്ദമേറുകയാണ്.

പോളണ്ടില്‍ തലസ്ഥാനമായ വാര്‍സയിലും ജര്‍മ്മനിയോട് ചേര്‍ന്നുള്ള പ്രവിശ്യകളിലുമാണ് രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നിയന്ത്രണം കര്‍ശനമാക്കിയത്. റോമിലെ ലാസിയോ പ്രവിശ്യ റെഡ് സോണായി ഇറ്റലി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇവിടെ റസ്റ്റോറന്റുകളില്‍ ഭക്ഷണം പാഴ്സലായി കൊണ്ടുപോകാന്‍ മാത്രമേ അനുവദിക്കൂ. ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമില്ല. അനാവശ്യമായി ആളുകള്‍ വീടിന് പുറത്തിറങ്ങുന്നതും ഇറ്റലി സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്.

സ്‌കൂളുകള്‍ അടച്ചിടാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. കോവിഡ് രോഗികളെ കൊണ്ട് ഐസിയുകള്‍ വീണ്ടും നിറയുന്നതായി റിപ്പോര്‍ട്ടുണ്ട്.

കോവിഡ് വീണ്ടും രൂക്ഷമാകുന്നത് കണക്കിലെടുത്ത് ഫിലിപ്പീന്‍സ് വിദേശികള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. രാജ്യത്ത് നിന്നും പുറത്തു പോകുന്നതിനും ഫിലിപ്പീന്‍സ് സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഫിലിപ്പീന്‍ എയര്‍ലൈനുകള്‍ നിരവധി സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ജര്‍മ്മനിയിലും കോവിഡ് മൂന്നാം തരംഗം ശക്തമായി. ചൊവ്വാഴ്ചയോടെ 83.7 ശതമാനം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.

68 ശതമാനത്തില്‍ നിന്നാണ് രോഗവ്യാപനം ഒരാഴ്ച കൊണ്ട് 84 ശതമാനത്തിലെത്തിയത്. അടുത്തമാസം പകുതിയോടെ ഇത് ഇരട്ടിയിലേറെയായി വര്‍ധിച്ചേക്കാമെന്ന് റോബര്‍ട്ട് കോഷ് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മെക്സിക്കോയിലും രോഗബാധ വര്‍ധിക്കുകയാണ്. പുതുതായി 1278 പേര്‍ക്ക് കോവിഡ് കണ്ടെത്തി. 175 പേര്‍ മരിച്ചതോടെ, ആകെ മരണം 1,95,119 ആയി ഉയര്‍ന്നു.

ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2841 പേരാണ് കോവിഡ് ബാധിച്ച മരിച്ചത്. കഴിഞ്ഞ ദിവസം മാത്രം ബ്രസീലില്‍ 84000 ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായാണ് വിവരം.

കോവിഡിന്റെ ഉത്ഭവകേന്ദ്രമായ ചൈന, ഇന്ത്യ അടക്കമുള്ള 19 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ചൈനയിലേക്ക് എത്തുന്നവര്‍ ചൈനീസ് നിര്‍മ്മിത കോവിഡ് വാക്സിന്‍ സ്വീകരിച്ചവരായിരിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ ചൈനീസ് നിര്‍മ്മിത വാക്സിന്‍ ഇന്ത്യയില്‍ ലഭ്യമല്ല എന്നതാണ് ചൈനയിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാവുന്നത്.

Related posts

Leave a Comment