മിനിറ്റുകളുടെ ഇടവേളയില്‍ രണ്ടു തവണ കോവിഡ് വാക്‌സിന്‍ കുത്തിവച്ചു ! പരാതിയുമായി കോഴിക്കോട്ടെ മധ്യവയസ്‌ക

കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ്പ് പുരോഗമിക്കുമ്പോള്‍ മധ്യവയസ്‌കയ്ക്ക് മിനിറ്റുകളുടെ ഇടവേളയില്‍ രണ്ടു തവണ കുത്തിവയ്പ്പ് എടുത്തതായി പരാതി.

കോഴിക്കോട് കെട്ടാങ്ങല്‍ സ്വദേശിയാണ് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് കടുത്ത പനിയും തലവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ട ഇവര്‍ ചികിത്സതേടി.

സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. കൊട്ടാങ്ങല്‍ കളന്തോട് കോഴിശേരി കുന്നുമ്മല്‍ പ്രസീതയാണ് പരാതിക്കാരി.

കഴിഞ്ഞ വെള്ളിയാഴ്ച കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിനായി വെള്ളിയാഴ്ച കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തിയതാണ് പ്രസീത.

വാക്സിന്‍ സ്വീകരിക്കാന്‍ കയറി ആദ്യ ഡോസ് വാക്സിന്‍ കുത്തിവെച്ചതിനു പിന്നാലെ നഴ്‌സ് രണ്ടാമത്തെ ഡോസും കുത്തിവെച്ചു എന്നാണ് ഇവരുടെ പരാതി.

വാക്സിന്‍ എടുത്തതിനു തൊട്ടു പിന്നാലെ കടുത്ത തലവേദനയും പനിയും അനുഭവപ്പെട്ടതോടെ ഇവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടു. ശ്വാസതടസ്സവും നേരിട്ടതോടെ ഉടന്‍ ചിക്ത്സ നേടാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചു.

വാക്സിന്‍ കുത്തിവെച്ച നഴ്സിന് അബദ്ധം പറ്റിയതാണെന്നാണ് പ്രസീത പറയുന്നത്. ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

രണ്ടു ഡോസ് കോവിഡ് വാക്സിനുകളാണ് എടുക്കേണ്ടതെങ്കിലും 28 ദിവസത്തെ ഇടവേളകളിലാണ് വാക്സിന്‍ കുത്തിവെക്കുന്നത്. എന്നാല്‍ ഇവിടെ രണ്ടു ഡോസുകളും ഒന്നിച്ചു കുത്തിവെച്ചതാണ് പ്രസീതക്ക് ഇത്രയും ശാരീരിക ബുദ്ധിമുട്ടുകളുണ്ടാകാന്‍ കാരണം.

Related posts

Leave a Comment