നിങ്ങള്‍ കാണുന്ന ആള്‍ യഥാര്‍ഥത്തില്‍ ജീവിച്ചിരുന്നിട്ടില്ല ! പുറത്തു വരുന്നത് വിശ്വസിക്കാനാവാത്ത കാര്യങ്ങള്‍; അല്‍ഗോറിതം ലോകത്തെ തകിടം മറിക്കുമോ ?

കഴിഞ്ഞ ആഴ്ച ഹിറ്റായ ഒരു വെബ്‌സൈറ്റാണ് ദിസ് പേഴ്സണ്‍ ഡസ്നോട്ട് എക്സിസ്റ്റ് ( This Person Does Not Exist ). ഈ വെബ്‌സൈറ്റിന്റെ ഉള്ളടക്കം കണ്ട് ലോകം തന്നെ ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഓരോ തവണയും ഒരു പുതിയ ആളുടെ ചിത്രമാണ് ലഭിക്കുന്നത്.എന്തിനാണ് ഇത്തരം ഒരു വെബ്സൈറ്റ് എന്ന് സംശയം തോന്നാം. പക്ഷേ, ഇവരാരും ജീവിച്ചിരുന്നവരല്ല! ഈ ചിത്രങ്ങളെല്ലാം ജെനറേറ്റീവ് അഡ്വേര്‍സറിയല്‍ നെറ്റ്വര്‍ക്ക് (generative adversarial networks (GANs) അല്‍ഗോറിതം ഉപയോഗിച്ചു സൃഷ്ടിച്ചവയാണ്.

ഈ ലോകത്തുണ്ടായിരിക്കുന്ന മാറ്റത്തിന്റെ ദൃഷ്ടാന്തമാവുകയാണ് ഈ വെബ്‌സൈറ്റ്. കാണുന്നത് വിശ്വസിക്കാമെന്നാണ് നമ്മള്‍ ധരിച്ചുവച്ചിരിക്കുന്നത്. അത്തരമൊരു അവബോധത്തെ പൂര്‍ണ്ണമായും മാറ്റിമറിക്കാന്‍ സാധിക്കുമെന്ന ധാരണയോടെ വേണം ഇനി മുന്നോട്ടു പോവാന്‍. ഒരാളെ തിരിച്ചറിയാനായി കൂടുതലായും നമ്മള്‍ ഉപയോഗിച്ചു വന്നത് അയാളുടെ മുഖമാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ എന്‍വിഡിയ അവരുടെ അല്‍ഗോറിതം ഉപയോഗിച്ച് യഥാര്‍ഥമെന്നു തോന്നിപ്പിക്കുന്ന മുഖ ചിത്രങ്ങള്‍ നിര്‍മിച്ചു കാണിച്ചിരുന്നു. ഇതേ ടെക്നോളജി തന്നെയാണ് പുതിയ വെബ്സൈറ്റിലും ഉപയോഗിച്ചിരിക്കുന്നത്.

ജെനറേറ്റീവ് അഡ്വേര്‍സറിയല്‍ നെറ്റ്വര്‍ക്സ് ആദ്യം അവതരിപ്പിക്കുന്നത് 2014ല്‍ ആണ്. ഡേറ്റാ സെറ്റുകളില്‍ നിന്ന് ചിത്രങ്ങള്‍ ജനറേറ്റു ചെയ്യാമെന്നാണ് അന്നു പറഞ്ഞിരുന്നതെങ്കിലും അന്നത്തെ റിസള്‍ട്ടുകള്‍ ഇത്രമേല്‍ യഥാര്‍ഥമെന്നു തോന്നിപ്പിച്ചിരുന്നില്ല. എന്നാല്‍, 2017ല്‍ ഇ ടെക്നോളജി എന്‍വിഡിയ ഏറ്റെടുത്തപ്പോള്‍ അതിനു മാറ്റം വന്നു. ഈ ടെക്നോളജി പോര്‍ട്രെയ്റ്റ്സ് മാത്രം സൃഷ്ടിക്കാനല്ല ഉപയോഗിക്കാവുന്നത്. മുറികളുടെയും വാഹനങ്ങളുടെയും എല്ലാം ചിത്രങ്ങള്‍ ഇങ്ങനെ സൃഷ്ടിക്കാനാവുമെന്നതാണ് വസ്തുത.

എന്നാല്‍ ലോകത്തെ മാറ്റിമറിക്കാന്‍ പോന്ന ടെക്‌നോളജിയാണ് ഇതെങ്കിലും ഇതേക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ആളുകളില്‍ നിന്നുണ്ടാകുന്നത്. എല്ലാം വ്യാജമായ ഒരു ലോകമാണ് ഇനി വരുന്നതെന്നും ഈ അല്‍ഗോറിതം യഥാര്‍ഥത്തില്‍ ജീവിച്ചിരുന്നയാളുടെ ചിത്രങ്ങള്‍ ഉണ്ടാക്കിക്കൂടെന്നുണ്ടോ എന്നുമൊക്കെ ആളുകള്‍ ചോദിക്കുന്നു. 7.5 ബില്ല്യനിലേറെ ആളുകളാണ് ഇന്നു ജീവിച്ചിരിക്കുന്നത്. എഐ ജെനറേറ്റു ചെയ്യുന്ന ചിത്രങ്ങള്‍ അവരിലാരുടെയെങ്കിലും ആയിക്കൂടാ എന്നുണ്ടോ എന്നു ചിലര്‍ ചോദിക്കുന്നു. പക്ഷേ, അത്തരം സാധ്യത വളരെ കുറാവണെന്നാണു പറയുന്നത്. പക്ഷേ, ക്രിമിനലുകള്‍ക്ക് നിങ്ങളുടെ ചിത്രമെടുത്ത് ഇത് എഐ ജനറേറ്റു ചെയ്താതാണെന്നു പറഞ്ഞ് ഉപയോഗിക്കാന്‍ സാധിച്ചേക്കുമെന്നത് പേടിപ്പിക്കുന്ന കാര്യമാണ്. (ഇന്റര്‍നെറ്റ് യുഗത്തില്‍ ഓരോ മാസവും രാജ്യങ്ങളുടെ നിയമങ്ങള്‍ പരിഷ്‌കരിക്കേണ്ടി വരുമെന്ന് ചിലര്‍ വാദിക്കുന്നു.)

ഇപ്പോള്‍ കാണാവുന്ന പല ചിത്രങ്ങളും അത്രകണ്ട് പൂര്‍ണ്ണതയുള്ളവയല്ല എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പക്ഷേ, ഈ സാങ്കേതികവിദ്യ അല്‍പ്പം കൂടെ പുരോഗമിച്ചാല്‍ ഒരു മോഡലിനെ കാശുകൊടുത്തു കൊണ്ടുവന്ന് ഫോട്ടോഷൂട്ടു നടത്തി പരസ്യങ്ങളിറക്കേണ്ടി വരില്ല. വ്യാജ മനുഷ്യര്‍ ധാരാളം മതിയാകും. വ്യാജ വാര്‍ത്തകളും എളുപ്പത്തില്‍ സൃഷ്ടിക്കാനാകും. ഭാവിയില്‍ ചിത്രങ്ങള്‍ക്ക് ചലനവും മറ്റും സാധ്യമായാല്‍ ഇത്തരം മനുഷ്യരെ വച്ച് സിനിമ വരെ നിര്‍മിക്കാനായേക്കുമെന്നു ചിലര്‍ വാദിക്കുന്നു. ഇങ്ങനെ സൃഷ്ടിക്കുന്ന സൂപ്പര്‍സ്റ്റാറുകളെ വരെ ആളുകള്‍ ആരാധിക്കുകയും ചെയ്യാം.

പോണോഗ്രാഫിയിലും ഇത് വലിയ പ്രഭാവം ഉണ്ടാക്കിയേക്കാമെന്നും പറയുന്നു. (വ്യാജ വിഡിയോ അല്ലെങ്കില്‍ ചിത്രമാണെന്ന ആരോപണം വന്നാല്‍ ഈ വ്യവസായം തകരുക പോലും ചെയ്യാം. ചില പ്രധാന പോണ്‍ സൈറ്റുകള്‍ തങ്ങള്‍ വ്യാജ വിഡിയോ ഹോസ്റ്റു ചെയ്യുന്നില്ലെന്ന് പറഞ്ഞത് വാര്‍ത്തയായിരുന്നല്ലോ.) ഇപ്പോള്‍ത്തന്നെ ലോകത്ത് ആവശ്യത്തിലേറെ വ്യാജ മനുഷ്യരില്ലാത്തതു കൊണ്ടാണോ ഇനിയും വ്യാജരെ സൃഷ്ടക്കുന്നതെന്ന് ചിലര്‍ ചോദിക്കുന്നു. ചിത്രം കണ്ട് ഒരാളുമായി പ്രണയത്തിലാകുകയും എന്നാല്‍ ആളെ ഒരിക്കലും നേരില്‍ കാണാനാകാത്ത സാഹചര്യവും ഭാവിയില്‍ ഉരുത്തിരിയാമെന്നും ചിലര്‍ വാദിക്കുന്നു. എന്തായാലും വരും നാളുകളില്‍ മനുഷ്യജീവിതത്തില്‍ പുതിയ അല്‍ഗോറിതം കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്നുറപ്പാണ്.

Related posts