അനുസരിച്ചില്ലെങ്കിൽ പൊളിച്ചടുക്കും..! ലേക്ക് പാലസ്റിസോർട്ടു നിർമാണവുമായി ബന്ധപ്പെട്ട രേഖകൾ ഏഴ് ദിവസത്തിനകം ഹാജരാക്കണം; ഇല്ലെങ്കിൽ 34 കെട്ടിടങ്ങളും തകർക്കുമെന്ന മുന്നറിയിപ്പു നൽകി നഗരസഭ

ആലപ്പുഴ: കായല്‍ കൈയേറ്റ വിഷയത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിനെതിരേ കര്‍ശന നടപടിയുമായി ആലപ്പുഴ നഗരസഭ. റിസോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകള്‍ ഏഴു ദിവസത്തിനുള്ളില്‍ ഹാജരാക്കിയില്ലെങ്കില്‍ റിസോര്‍ട്ടിനോട് അനുബന്ധിച്ചുള്ള 34 കെട്ടിടങ്ങളും പൊളിച്ചുമാറ്റുമെന്ന് നഗരസഭ അന്ത്യശാസനം നല്‍കി.

മുന്പ് രേഖകള്‍ ഹാജരാക്കാന്‍ നഗരസഭ നിര്‍ദേശിച്ചിരുന്നെങ്കിലും ലേക്ക് പാലസ് റിസോര്‍ട്ട് അധികൃതര്‍ നോട്ടീസിനു മറുപടി പോലും നല്‍കാന്‍ തയാറായില്ല. ഇതേതുടര്‍ന്നാണു നഗരസഭ നിലപാട് കര്‍ശനമാക്കിയത്. റിസോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകള്‍ ആലപ്പുഴ നഗരസഭയില്‍നിന്നു കാണാതായിരുന്നു. ഇതേതുടര്‍ന്നാണു രേഖകള്‍ വീണ്ടും ഹാജരാക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചത്.

രേഖകള്‍ ഹാജരാക്കാനായില്ലെങ്കില്‍ കെട്ടിടങ്ങള്‍ സ്വന്തം ചെലവില്‍ പൊളിച്ചുമാറ്റാനാണു നഗരസഭയുടെ നോട്ടീസില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനു തയറായില്ലെങ്കില്‍ നഗരസഭ കെട്ടിടങ്ങള്‍ പൊളിച്ച് ഇതിന്റെ ചെലവ് ലേക്ക് പാലസ് റിസോര്‍ട്ടില്‍നിന്ന് ഈടാക്കുമെന്നും നോട്ടീസില്‍ പറയുന്നു.

നേരത്തെ, കായല്‍ കൈയേറ്റം സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമ റവന്യൂവകുപ്പിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്ന് റവന്യൂ വകുപ്പ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായാണു റിപ്പോര്‍ട്ടുകള്‍. ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗുരുതരമായ പരാമര്‍ശങ്ങള്‍ ആണ് ഉള്ളതെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം ഭൂസംരക്ഷണനിയമത്തിന്റെ ലംഘനവും ക്രിമിനല്‍ കുറ്റവുമാണെന്നും മന്ത്രി മുഖ്യമന്ത്രിയോടു വിശദീകരിച്ചു.

Related posts