ജോര്‍ജ് ഫ്‌ളോയിഡ്: ജനകീയ പ്രതിഷേങ്ങള്‍ക്ക് പിന്തുണയറിയിച്ച് ടിഫാനി ട്രംപ്

വാഷിംഗ്ടണ്‍: ജോര്‍ജ് ഫ്‌ളോയിഡിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ നടക്കുന്ന ജനകീയ പ്രതിഷേങ്ങള്‍ക്ക് പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ മകള്‍ ടിഫാനി ട്രംപ്.

വാഷിംഗ്ടണ്‍ ഡിസിയില്‍ പ്രതിഷേധക്കാര്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ച പോലീസ് നടപടിക്ക് തൊട്ടുപിന്നാലെയാണ് സോഷ്യല്‍ മീഡിയയിലൂടെ ടിഫാനി പ്രതിഷേധക്കാര്‍ക്ക് തന്‍റെ പിന്തുണ അറിയിച്ചത്.

‘ഒറ്റയ്ക്ക് നമുക്ക് വളരെ കുറച്ചുമാത്രമേ നേടിയെടുക്കാന്‍ പറ്റൂ, ഒരുമിച്ചാണെങ്കില്‍ നമുക്ക് ഒരുപാട് കാര്യങ്ങള്‍ നേടിയെടുക്കാം’ എന്ന ഹെലന്‍ കെല്ലറിന്‍റെ വാചകത്തിനൊപ്പം #blackoutTuesday #justiceforgeorgefloyd എന്നീ ഹാഷ് ടാഗുകളോടെ ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലും ബ്ലാക്ക് സ്‌ക്രീന്‍ ഫോട്ടോ പോസ്റ്റിട്ടാണ് പ്രതിഷേധങ്ങള്‍ക്കുള്ള പിന്തുണ ടിഫാനി അറിയിച്ചത്.

നിയമ ബിരുദധാരിയായ ടിഫാനിയുടെ നടപടിയെ പിന്തുണച്ചുകൊണ്ട് നിരവധിപേർ രംഗത്തെത്തി. പ്രതിഷേധങ്ങള്‍ക്ക് നേരെ മനുഷ്യത്വരഹിതമായി രീതിയില്‍ പെരുമാറുന്ന ട്രംപിന് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കികൊടുക്കണമെന്നും നിരവധിപേര്‍ ആവശ്യപ്പെട്ടു.

കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പോലീസ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതില്‍ പതിനായിരങ്ങളാണ് അമേരിക്കന്‍ തെരുവുകളില്‍ പ്രതിഷേധിക്കുന്നത്. പ്രതിഷേധം അടിച്ചമര്‍ത്താന്‍ പല നഗരങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും മിലിട്ടറി പോലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Related posts

Leave a Comment