രണ്ടു വര്‍ഷം കൊണ്ട് പടുത്തുയര്‍ത്തിയ സാമ്രാജ്യം തകര്‍ന്നടിഞ്ഞതിന്റെ ആഘാതത്തില്‍ ടിക് ടോക് ! ടിക് ടോക്കിന്റെയും ഹലോയുടെയും മാതൃകമ്പനിയ്ക്ക് നഷ്ടം 45,000; ഇന്ത്യയുടെ ഡിജിറ്റല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മനംനൊന്ത് ചൈനീസ് ആപ്പുകള്‍…

ചൈനീസ് ആപ്പുകള്‍ നിരോധിച്ച നടപടിയെ ഇന്ത്യ ചൈനയ്ക്കു മേല്‍ നടത്തിയ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ ആയി ആണ് ടെക് ലോകം വിലയിരുത്തുന്നത്.

ഇന്ത്യയുടെ വിലക്ക് ചൈനീസ് ആപ്പ് കമ്പനികള്‍ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ദിവസവും കോടികളുടെ നഷ്ടമാണ് ഓരോ ചൈനീസ് കമ്പനിയും നേരിടുന്നത്.

രണ്ടു വര്‍ഷം കൊണ്ട് നേടിയ വളര്‍ച്ച ഒരൊറ്റ രാത്രികൊണ്ട് അവസാനിക്കുന്നതിന്റെ നടുക്കത്തിലാണ് ടിക് ടോക്ക് അടക്കമുള്ള ആപ്പുകള്‍. കോവിഡ് ഭീതിക്കിടെ ഇന്ത്യന്‍ കമ്പനികളെ ഏറ്റെടുക്കാന്‍ പല ചൈനീസ് കമ്പനികളും നീക്കം നടത്തിയിരുന്നു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ സ്വാധീനം നേടാനായിരുന്നു ഇത്. വന്‍ തോതില്‍ നിക്ഷേപം നടത്തി ഇന്ത്യന്‍ കമ്പനികള്‍ കൈയ്യടക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

ഈ നീക്കം തടയാനായി കേന്ദ്ര വ്യാപാര വ്യവസായ മന്ത്രാലയം എഫ്ഡിഐ വ്യവസ്ഥകളില്‍ നേരത്തെ തന്നെ ഭേദഗതി വരുത്തിയിരുന്നു.

ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ഒരു രാജ്യത്തെയും വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ഇല്ലാതെ നേരിട്ടുള്ള നിക്ഷേപം നടത്താനാവില്ലെന്നതായിരുന്നു ഇത്.

നേരത്തേ പാക്കിസ്ഥാനും ബംഗ്ലാദേശിനും ഈ നിയന്ത്രണം ഉണ്ടായിരുന്നു. ഇതിന് ശേഷം ചൈനയ്ക്ക് ഇന്ത്യ നല്‍കിയ പണിയായിരുന്നു ആപ്പ് നിരോധനം.

മ്യൂസിക്കലി എന്ന ആപ്പുമായി ലയിച്ച ശേഷമാണ് ടിക് ടോക്ക് ലോകത്ത് അതിവേഗം വളര്‍ന്നത്. ടിക് ടോക്കിനൊപ്പം നിരോധിക്കപ്പെട്ട ആപ്പുകളും ഇക്കാലയളവില്‍ വന്‍ പ്രചാരം നേടിയവയാണ്.

കുറഞ്ഞ ഫയല്‍ സൈസ്, കുറഞ്ഞ ഇന്റര്‍നെറ്റ് ചെലവ് തുടങ്ങിയ കാര്യങ്ങളിലൂടെ ഇന്ത്യക്കാരെ അവര്‍ അപ്പുകള്‍ക്ക് അടിമകളാക്കി.

എന്നാല്‍ അതിര്‍ത്തിയില്‍ 20 ഇന്ത്യന്‍ സൈനികര്‍ ചൈനീസ് ക്രൂരതയാല്‍ കൊല്ലപ്പെട്ടതോടെ കഥ മാറി. ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള നിരവധി ടിക് ടോക്കേഴ്‌സ് ആപ്പ് ഡിലീറ്റ് ചെയ്താണ് ചൈനയോടുള്ള രാജ്യത്തിന്റെ നയം വ്യക്തമാക്കിയത്. പിന്നാലെ ആപ്പ് നിരോധനവും കൂടി വന്നതോടെ ചൈനീസ് ആപ്പുകളുടെ വെടി തീര്‍ന്നു.

59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത് ചൈനയെ വേദനിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ വിലക്ക് ചൈനീസ് കമ്പനികള്‍ക്കു ‘ഷോക്ക്’ ആയി എന്നു തന്നെയാണ് ആഗോള തലത്തിലെ വിലയിരുത്തല്‍. ആപ്പ് ഉടമസ്ഥരായ കമ്പനികള്‍കോടികളുടെ വരുമാനനഷ്ടമാണു ദിനംപ്രതി നേരിടുന്നത്.

ആപ്പ് ഉപയോഗിക്കുന്നതിനിടെ ഉപയോക്താക്കള്‍ നടത്തുന്ന പര്‍ച്ചേസുകളില്‍ നിന്നുള്ള വരുമാനവും ആപ്പില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങളില്‍നിന്നുള്ള വരുമാനവുമാണ് കമ്പനികളെ പിടിച്ചു നിര്‍ത്തുന്നത്.

ജനസംഖ്യയില്‍ ഏറെ മുന്നിലുള്ള ഇന്ത്യയില്‍ നിന്നും ചൈനീസ് ആപ്പുകള്‍ പടിയിറങ്ങുമ്പോള്‍ വരുമാന നഷ്ടം ഉറപ്പാണ്. ഇതാണ് ചൈനീസ് കമ്പനികളെ തളര്‍ത്തുന്നത്.

ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍, ടിക്ടോക്കിന്റെയും ഹലോ ആപ്ലിക്കേഷന്റെയും വിഗോ വിഡിയോയുടെയും മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സിന് ആറ് ബില്യന്‍ ഡോളര്‍ (ഏകദേശം 45,000 കോടിയോളം രൂപ) വരെ നഷ്ടം സംഭവിച്ചെന്നാണു വ്യക്തമാക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ ഒരു ബില്യന്‍ ഡോളറിലേറെ തുകയാണു ബൈറ്റ് ഡാന്‍സ് നിക്ഷേപിച്ചിട്ടുള്ളതെന്നാണ് സൂചന.

ആപ്പ് നിരോധനം പ്രാബല്യത്തില്‍ വന്നതോടെ ഇന്ത്യയിലെ ബിസിനസ് നിലച്ചു. 112 ദശലക്ഷം ആളുകളാണ് ഇന്ത്യയില്‍ ടിക് ടോക് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

അമേരിക്കയിലെ ഡൗണ്‍ലോഡിന്റെ ഇരട്ടി വരുമിത്. ഇന്ത്യയുടെ ആപ്പ് നിരോധനത്തിലൂടെ ടിക് ടോക്കിനുണ്ടാവുന്ന നഷ്ടം ഇതില്‍ നിന്ന് ഊഹിക്കാവുന്നതേയുള്ളൂ…

Related posts

Leave a Comment