ആരാധകരുമായി സംസാരിക്കാനെത്തിയ ടിനി ടോമിനെ ഞെട്ടിച്ചുകൊണ്ട് അതിഥി താരമായി മോഹന്‍ലാല്‍ എത്തി! ഇരുകൈയും വീശി ഹായ് പറഞ്ഞ് ഒറ്റമുങ്ങലും; വൈറലായി വീഡിയോ

സിനിമാ താരങ്ങള്‍ അവരുടെ ഏറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവച്ച് ലൈവില്‍ വരുന്നത് പതിവാണ്. എന്നാല്‍ ഒരു താരം ലൈവ് നടത്തവേ, മറ്റൊരു സൂപ്പര്‍താരം അതില്‍ അറിയാതെ കടന്നുകൂടുന്ന സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ അങ്ങനെയൊന്ന് ഇക്കഴിഞ്ഞ ദിവസം നടക്കുകയുണ്ടായി.

നടനും മിമിക്രി താരവുമായ ടിനി ടോമിന്റെ ലൈവില്‍ സാക്ഷാല്‍ മോഹന്‍ലാല്‍ കടന്നുകൂടിയതാണ് ഇപ്പോള്‍ രസകരമായിരിക്കുന്നത്. ടിനിടോമിന്റെ ലൈവില്‍ ടിനിയെപ്പോലും അമ്പരപ്പിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ എത്തിയത്. സിനിമയിലൊക്കെ അതിഥി വേഷത്തില്‍ താരങ്ങളെത്തുന്നതുപോലെ ടിനിയുടെ വീഡിയോയില്‍ മോഹന്‍ലാല്‍ അതിഥിയായി എത്തിയപ്പോള്‍ ആരാധകര്‍ ആവേശത്തിലുമായി.

രഞ്ജിത്തിന്റെ പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലണ്ടനിലാണ് ടിനി ടോം. സിനിമാ ചിത്രീകരണത്തിന്റെ തിരക്കായതിനാല്‍ ടിവി പരിപാടിയില്‍ നിന്ന് തത്ക്കാലം ഇടവേള എടുത്തിരിക്കുകയാണ് അദ്ദേഹം. ഈ വിവരം പ്രേക്ഷകരെ അറിയിക്കാനാണ് അദ്ദേഹം ലൈവിലെത്തിയത്.

സിനിമയിലെ നായകന്‍ മലയാളികളുടെ പ്രിയപുത്രന്‍ മോഹന്‍ലാല്‍ ആണെന്നും അദ്ദേഹം അറിയിച്ചു. ഇതിനിടെയാണ് ടിനി ടോമിനെ ഞെട്ടിച്ചുകൊണ്ട് ലൈവ് വിഡിയോയിലേക്ക് മോഹന്‍ലാല്‍ കയറി വരുന്നത്. ഇരുകൈയും വീശി ഹായ് പറഞ്ഞ് ഉടന്‍ മറയുകയും ചെയ്തു, താരം.

Related posts