ജയിലിൽ ആദ്യ ക്ലാസിന് എത്തിയപ്പോൾ ചെയ്ത കുറ്റത്തിൽ പശ്ചാത്താപമുണ്ടോ എന്നു ചിലർ ചോദിച്ചു. ‘എനിക്കു യാതൊരു കുറ്റബോധവുമില്ല. അതെന്റെ വിധിയിൽ എഴുതിയിട്ടുള്ളതാണ്’ എന്നായിരുന്നു അപൂർവയുടെ മറുപടി

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എൻ.ഡി.തിവാരിയുടെ മകൻ രോഹിത് ശേഖർ തിവാരിയെ കൊന്ന കേസിൽ ജയിലിൽ കഴിയുകയാണ് ഭാര്യ അപൂർവ ശുക്ല. തിഹാർ ജയിലിൽ കഴിയുന്ന അപൂർവ ഭാവിപ്രവചനം പഠിക്കാൻ സമയം വിനിയോഗിക്കുന്നു. ടാരറ്റ് കാർഡുകൾ ഉപയോഗിച്ച് ഭാവി പറയുന്ന മാന്ത്രികവിദ്യയിൽ അപൂർവ പ്രാവീണ്യം നേടുകയാണെന്നു ജയിൽ അധികൃതർ പറഞ്ഞു.

‘ആഴ്ചയിൽ രണ്ടു ക്ലാസ്. ചൊവ്വയും വെള്ളിയും രണ്ടു മണിക്കൂർ വീതം. പഠിതാക്കളുടെ മുൻനിരയിൽതന്നെ അപൂർവ ഇരിപ്പുറപ്പിക്കും. പഠിക്കാനുള്ള ആഗ്രഹം ഇങ്ങോട്ടു പറയുകയായിരുന്നു. ഇതുവരെ ഏഴു ക്ലാസുകൾ‌ പൂർത്തിയായി. ശ്രദ്ധാപൂർവമാണു ക്ലാസിലിരിക്കുന്നത്. കോടതി നടപടിക്കായി പോയതിനാൽ ഒരു ക്ലാസ് നഷ്ടപ്പെട്ടപ്പോൾ ദുഃഖിതയായിരുന്നു’– ഒന്നര വർഷമായി ജയിലിൽ ഭാവിപ്രവചന ക്ലാസ് നയിക്കുന്ന ഡോ. പ്രതിഭ സിങ് പറഞ്ഞു

അഞ്ചാറു വർഷമായി ടാരറ്റ് കാർഡ് പ്രവചനം പഠിക്കാൻ അപൂർവ ശ്രമിച്ചെങ്കിലും പലകാരണങ്ങളാൽ നടന്നില്ല. ക്ലാസിൽ ശാന്തയാണ്. പഠിക്കാനുള്ള ആഗ്രഹവും ആത്മവിശ്വാസവും മുഖത്തു കാണാം. ആകെയുള്ള 78 കാർഡുകളിൽ 15 എണ്ണം ഉപയോഗിച്ചുള്ള പ്രവചനം പഠിച്ചുകഴിഞ്ഞു. നല്ല വിദ്യാർഥിയായി നോട്ടെഴുതും, സംശയങ്ങൾ ചോദിക്കും. ഹിന്ദിയിലും ഇംഗ്ലിഷിലുമാണു ഞങ്ങൾ ക്ലാസെടുക്കാറുള്ളത്. എപ്പോഴും ഇംഗ്ലിഷിൽ വിശദീകരിക്കാനാണ് അഭിഭാഷക കൂടിയായ അപൂർവ ആവശ്യപ്പെടാറുള്ളത്– ജയിൽ അധ്യാപിക വ്യക്തമാക്കി.

ജയിലിൽ ആദ്യ ക്ലാസിന് എത്തിയപ്പോൾ, ചെയ്ത കുറ്റത്തിൽ പശ്ചാത്താപമുണ്ടോ എന്നു ചിലർ ചോദിച്ചു. ‘എനിക്കു യാതൊരു കുറ്റബോധവുമില്ല. അതെന്റെ വിധിയിൽ എഴുതിയിട്ടുള്ളതാണ്’ എന്നായിരുന്നു അപൂർവയുടെ മറുപടി. ശാഠ്യക്കാരിയും അധികം സംസാരിക്കാത്ത പ്രകൃതവുമായിരുന്നു ആദ്യ ദിവസങ്ങളിൽ അപൂർവയുടേത്. പിന്നീട് മാറ്റമുണ്ടായി. കീർത്തനാലാപനത്തിൽ പങ്കെടുക്കാൻ തുടങ്ങി. ജയിൽവാസികളുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിന്റെ ഭാഗമായുള്ള ഇത്തരം ക്ലാസുകളിൽ സജീവമായി. അപൂർവ ഉൾപ്പെടെ നിരവധിപേരിൽ പോസിറ്റീവ് ആയ മാറ്റമുണ്ട്– പ്രതിഭ സിങ് വിശദീകരിച്ചു. 2019 ഏപ്രിൽ 15നും 16നും ഇടയിലായിരുന്നു രോഹിത്തിന്റെ അകാലമരണം.

Related posts