സ്വന്തംലേഖകൻ
തൃശൂർ: ടൂറിസ്റ്റ് ബസുകൾക്കും കളർ കോഡ് നടപ്പാക്കുന്നു. സ്വകാര്യ ബസുകൾക്ക് ഒരേ പോലുള്ള കളർ നൽകിയതു പോലെയാണ് കോണ്ട്രാക്ട് കാര്യേജ് വാഹനങ്ങൾക്കും നടപ്പാക്കാൻ തീരുമാനം. അടുത്തവർഷം ജനുവരി മുതൽ ഇത് നടപ്പാക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.
ടൂറിസ്റ്റ് ബസുകളിൽ ഇപ്പോൾ ഉള്ള വ്യത്യസ്ഥ പെയിന്റിംഗുകളിലൂടെ നടൻമാരുടെയും മൃഗങ്ങളുടെയും മറ്റു തരത്തിൽ പേടിപ്പിക്കുന്ന രീതിയിലുള്ള ചിത്രങ്ങളും പ്രദർശിപ്പിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
യാത്രക്കിടയിൽ മറ്റു ഡ്രൈവർമാരെ ഇത്തരം ചിത്രങ്ങളിലേക്ക് ആകർഷിക്കുന്നതാണ് അപകടങ്ങളുണ്ടാകുന്നതിന് ഒരു കാരണമത്രേ. കോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ടൂറിസ്റ്റ് ബസുകൾക്ക് ഒരു നിറത്തിലുള്ള പെയിന്റിംഗ് കോഡ് നടപ്പാക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം ചേർന്ന ട്രാൻസ്പോർട്ട് അഥോറിറ്റി മീറ്റിംഗിലാണ് തീരുമാനം നടപ്പാക്കാൻ നിർദ്ദേശം നൽകിയത്. 2022 ജനുവരി ഒന്നു മുതൽ പുറത്തിറക്കുന്ന എല്ലാ കോണ്ട്രാക്ട് കാര്യേജ് വാഹനങ്ങൾക്കും സർക്കാർ നിർദ്ദേശിച്ച പെയിന്റിംഗ് മാത്രമേ നടത്താനാകൂ.
മറ്റുവാഹനങ്ങൾക്ക് രജിസ്ട്രേഷൻ പുതുക്കുന്ന സമയത്ത് സർക്കാർ നിർദ്ദേശിച്ച പെയിന്റിംഗിലേക്ക് മാറണം. ഇങ്ങനെ പെയിന്റിംഗ് നടത്താത്ത വാഹനങ്ങൾക്ക് രജിസ്ട്രേഷൻ പുതുക്കി നൽകില്ലെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്.
വെള്ള പെയിന്റിനൊപ്പം വയലറ്റും ഗോൾഡൻ കളറോടു കൂടിയ വരകളും വാഹനങ്ങളുടെ സെന്റർ ഭാഗത്ത് അടിക്കാമെന്നാണ് നിർദ്ദേശം. വാഹനത്തിന്റെ പേരുകൾ എഴുതാനും അളവ് പറഞ്ഞിട്ടുണ്ട്.
പക്ഷേ തീരുമാനത്തിനെതിരെ ടൂറിസ്റ്റ് ബസുടമകളിൽ പ്രതിഷേധം ഉയരുന്നുണ്ട്. പെയിന്റടിക്കുന്നതിനുമാത്രം ലക്ഷങ്ങളാണ് ടൂറിസ്റ്റ് ബസുടമകൾ ചെലവാക്കുന്നത്. ബസുകൾ മോടി പിടിപ്പിച്ച് ആകർഷിക്കുകയെന്നതാണ് ഇവർ ചെയ്തു വരുന്നത്. എല്ലാ ബസുകൾക്കും ഒരേ കളർ വരുന്നതോടെ ഈ മത്സരം ഇല്ലാതാകും