ഇന്ത്യയുടെ പൈതൃകവും പാരന്പര്യവും വ്യത്യസ്തമായ ഭൂപ്രകൃതിയുമെല്ലാം വിദേശികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിന് വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇന്ത്യയിലെത്തുന്ന സഞ്ചാരികൾക്ക് മതിയായ സുരക്ഷയും പരിഗണനയുമെല്ലാം ചെയ്ത് കൊടുക്കുന്നുണ്ടെന്ന് പറയുമെങ്കിലും അതിൽ ആശങ്ക സൃഷ്ടിക്കുന്നൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
മുംബൈയിലെ ഗേറ്റ്വേ ഓഫ് ഇന്ത്യ സന്ദർശിക്കുന്നതിനായി എത്തിയതായിരുന്നു ഒരു കൂട്ടം വനിതകൾ. എന്നാൽ യുവതികൾ നിൽക്കുന്നതിനും ചുറ്റും ഒരു കൂട്ടം ചെറുപ്പക്കാർ പറ്റിക്കൂടി നിൽക്കുന്നു. യുവതികളാകട്ടെ കാഴ്ചകളൊക്കെ കണ്ട് എല്ലാ സ്ഥലവും വീക്ഷിച്ച് ഫോട്ടോ ഒക്കെ എടുത്ത് നടക്കുകയാണ്. എന്നാൽ ഇവർ ഫോട്ടോ എടുക്കുന്നത് നോക്കി ധാരാളം ചെറുപ്പക്കാരായ പുരുഷൻമാർ ഇവർക്ക് ചുറ്റും നിൽക്കുകയാണ്. ചിലരാകട്ടെ യുവതികളുടെ ഫോട്ടോ അവരുടെ ഫോണിൽ പകർത്തുകയും ചെയ്യുന്നുണ്ട്. മറ്റു ചിലർ ആകട്ടെ ആദ്യമായി സ്ത്രീകളെ കണ്ട അന്പരപ്പോടെ നോക്കി നിൽക്കുന്നു.
ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി രംഗത്തെത്തിയത്. വിനോദസഞ്ചാരികളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പങ്കുവച്ച് നിരവധി ആളുകളാണ് കമന്റ് ചെയ്തത്. വെറുതെ വായിനോക്കി നിന്ന് ആണുങ്ങളുടെ വില കളയല്ലേടാ എന്നു പോലും കമന്റ് ചെയ്ത വിരുതന്മാരുണ്ട്.
